സുല്‍ത്താന്‍ ഹൈതം സിറ്റിയിലെ അല്‍ വഫാ ഡിസ്ട്രിക്ടിലെ മാതൃക വില്ലകൾ
280 ദശലക്ഷം റിയാല്‍ ചെലവില്‍ അഞ്ച് ഘട്ടങ്ങളിലായാണ് പദ്ധതി പൂര്‍ത്തിയാക്കുക
മസ്കത്ത്: സുല്‍ത്താന്‍ ഹൈതം സിറ്റിയിലെ അല്‍ വഫാ ഡിസ്ട്രിക്ടിലെ മാതൃക വില്ലകളുടെ നിർമാണം പുരോഗമിക്കുന്നു. അല്‍ വഫയിലെ ആദ്യ മാതൃകാ വില്ലകളുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകുമെന്ന് റിയല്‍ എസ്റ്റേറ്റ് ചെയര്മാന് സലിം ബിന്‍ അലി അല്‍ സിയാബി അറിയിച്ചു. താമസ കെട്ടിടങ്ങള്‍ അടുത്ത വര്‍ഷത്തോടെ കൈമാറാനാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. 470 റെസിഡന്‍ഷ്യല്‍ യൂനിറ്റുകളാണ് അല്‍ വഫാ ഡിസ്ട്രിക്ടില്‍ നിര്‍മിക്കുന്നത്.
വിവിധ വലുപ്പത്തിലുള്ള വില്ലകള്‍, ടൗണ്‍ഹൗസുകള്‍, അപ്പാർട്മെന്റുകള്‍ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. 280 ദശലക്ഷം റിയാല്‍ ചെലവില്‍ അഞ്ച് ഘട്ടങ്ങളിലായാണ് പദ്ധതി പൂര്‍ത്തിയാക്കുക. ഇതിനോട് അനുബന്ധമായി അടിസ്ഥാന സൗകര്യ വികസനങ്ങളും പൂര്‍ത്തിയാക്കും.
സുല്‍ത്താന്‍ ഹൈതം സിറ്റി പദ്ധതി സ്ഥലത്തെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിന്റെ ഭാഗമായി മന്ത്രിതല സംഘം അടുത്തിടെ സന്ദര്‍ശനം നടത്തിയിരുന്നു.
പദ്ധതി സ്ഥലത്തെ നിർമാണ പുരോഗതി നിരീക്ഷിക്കുന്നതിനും വേഗത്തിലാക്കുന്നതിനുമായി ഉന്നതതല മന്ത്രിതല സംഘം സുൽത്താൻ ഹൈതം സിറ്റി സന്ദർശിച്ചു. സർക്കാർ, സ്വകാര്യ മേഖലകളിൽ നിന്നുള്ള പങ്കാളികളുമായി സഹകരിച്ച് ആദ്യ ഘട്ടം (2024-2030) വിജയകരമായി പൂർത്തീകരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായിരുന്നു സന്ദർശനം.
ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം, മസ്കത്ത് ഗവർണറുടെ ഓഫിസ്, മസ്കത്ത് മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളായിരുന്നു സംഘത്തിലുണ്ടായിരുന്നത്. പദ്ധതി സംഭവവികാസങ്ങളെക്കുറിച്ച് പങ്കാളികളെ അറിയിക്കാനും സിറ്റിയുടെ നിർവഹണ ഘട്ടങ്ങൾ നിരീക്ഷിക്കാനും സാംസ്കാരിക കേന്ദ്രം, സ്കൂൾ സമുച്ചയങ്ങൾ, ഭിന്നശേഷിക്കാരുടെ പുനരധിവാസ കേന്ദ്രം, മറ്റു ആധുനിക സേവന സൗകര്യങ്ങൾ തുടങ്ങിയ പ്രധാന സംരംഭങ്ങൾ അവലോകനം ചെയ്യാനുമായിരുന്നു സന്ദർശനത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്. പ്രത്യേക കമ്പനികളുമായി സഹകരിച്ച് നടത്തിവരുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ പരിശോധനയും നടന്നു. സ്ട്രാബാഗ് ഒമാനുമായി സഹകരിച്ച് അഞ്ച് പാലങ്ങളും പ്രധാന റോഡുകൾ അൽ സറൂജ് കൺസ്ട്രക്ഷൻ കമ്പനിയുമാണ് നിർമിക്കുന്നത്. വൈദ്യുതി, വെള്ളം, മലിനജലം, ബ്രോഡ്ബാൻഡ് ശൃംഖല, കമ്മ്യൂനിക്കേഷൻസ്, കൂളിങ് സിസ്റ്റങ്ങൾ, ഗ്യാസ് വിതരണം എന്നിവയുൾപ്പെടെ നഗരത്തിന് ആവശ്യമായ സേവനങ്ങൾ ടവൽ ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട് കമ്പനിയുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.