നിര്‍മാണ കമ്പനികളുടെ രജിസ്ട്രേഷന്‍ ഉദാരമാക്കി

മസ്കത്ത്: ഒമാനില്‍ പുതിയ നിര്‍മാണ കമ്പനികള്‍ ആരംഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ഉദാരമാക്കാന്‍ വ്യവസായ വാണിജ്യ മന്ത്രാലയം തീരുമാനിച്ചു. ഇതിന്‍െറ ഭാഗമായി നിശ്ചിത മൂലധനം കാണിക്കുന്നതടക്കമുള്ള നിയമങ്ങള്‍ എടുത്തുകളഞ്ഞതായി വ്യവസായ വാണിജ്യ മന്ത്രി അലി അല്‍ സുനൈദി അറിയിച്ചു. സ്വദേശികളടക്കമുള്ളവര്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനാണിത്. നിര്‍മാണ മേഖലയില്‍ കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാനും ചെറുകിട ഇടത്തരം സംരംഭകരെ പ്രോത്സാഹിപ്പിക്കാനും പുതിയ പരിഷ്കരണം സഹായിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 
പുതുതായി ആരംഭിക്കുന്ന നിര്‍മാണ കമ്പനികളുടെ ചുരുങ്ങിയ മൂലധനം എടുത്തുകളഞ്ഞതിനൊപ്പം മറ്റ് നിരവധി ആനുകൂല്യങ്ങളും നിര്‍മാണ മേഖലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. നിര്‍മാണ കമ്പനികള്‍ നടത്തുന്ന മറ്റു പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകം കരാര്‍ കമ്പനികളും ആവശ്യമില്ല. നിര്‍മാണ മേഖലയോടനുബന്ധിച്ച എല്ലാ ജോലികളും ഒരു രജിസ്ട്രേഷനില്‍ തന്നെ ചെയ്യാനാവും. എന്നാല്‍, സംരംഭകന്‍ മുഴുവന്‍ സമയവും നിര്‍മാണമേഖലയില്‍ തന്നെ സമയം വിനിയോഗിക്കുകയോ അല്ളെങ്കില്‍ മുഴുസമയ സ്വദേശി മാനേജറെ നിയമിക്കുകയോ വേണം. ഇത്തരം സ്വദേശി മാനേജര്‍മാര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് പൊതു അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തവരാകണം. സംരംഭകര്‍ കമ്പനിയുടെ അന്തിമ അക്കൗണ്ട് സ്റ്റേറ്റ്മെന്‍റ് മന്ത്രാലയത്തിന് സമര്‍പ്പിക്കുകയും കമ്പനിക്ക് മാത്രമായി പ്രത്യേക ബാങ്ക് അക്കൗണ്ട് ആരംഭിക്കുകയും വേണം. കമ്പനിയുടെ ട്രക്ക്, കാര്‍, ട്രെയ്ലര്‍ അടക്കമുള്ള എല്ലാ ഉപകരണങ്ങളിലും കമ്പനിയുടെ പേര് രേഖപ്പെടുത്തണം. പുതുതായി തുടങ്ങുന്ന കമ്പനികള്‍ക്ക് മതിയായ മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ ഉണ്ടായിരിക്കണമെന്നും വ്യവസ്ഥയിലുണ്ട്. 
പ്രത്യേക ജോലികള്‍ക്ക് പ്രത്യേകം ലൈസന്‍സ് വേണമെന്ന നിയമം എടുത്തുകളയണമെന്ന് നേരത്തേ നിര്‍മാണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. നിര്‍മാണമേഖല പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഇത്തരം  നിയമങ്ങള്‍ അധികബാധ്യതയുണ്ടാക്കുമെന്നും ചില കമ്പനി ഉടമകള്‍ വിലയിരുത്തിയിരുന്നു. 
നിര്‍മാണമേഖലയെ തൊഴില്‍ നിയമത്തിന്‍െറ പരിധിയില്‍ കൊണ്ടുവരാനും പുതിയ നിയമത്തിനു കഴിയും. ഇതോടെ, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കമ്പനികള്‍ക്ക് മാത്രമാണ് ചെയ്യാന്‍ കഴിയുക. നിലവില്‍ ഫ്രീവിസയില്‍ ഒമാനിലുള്ള നിരവധി പേര്‍ നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നു. പാകിസ്താന്‍ സ്വദേശികളും ബംഗ്ളാദേശികളുമാണ് ഇതില്‍ അധികവും. ഏതെങ്കിലും ചെറിയ നിര്‍മാണപദ്ധതികള്‍ സ്വന്തമായി ഏറ്റെടുത്തും ദിവസക്കൂലിക്കും ജോലി ചെയ്യുന്നവരാണ് ഇവരില്‍ അധികവും. പുതിയ നിയമം നടപ്പാവുന്നതോടെ അനധികൃതമായി ജോലിചെയ്യുന്ന ഇത്തരക്കാര്‍ കുടുങ്ങും. ഇനി ഇത്തരം എല്ലാ ജോലികളും അംഗീകാരമുള്ള കമ്പനികള്‍ക്ക് മാത്രമാണ് ചെയ്യാന്‍ കഴിയുക. 
 

Tags:    
News Summary - construction company registration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.