ഇന്ത്യൻ സ്കൂൾ ദാർസൈത്
ഭക്ഷണത്തിന്റെ ഗുണനിലവാരം, ശുചിത്വം, സംഭരണം, സുരക്ഷാമാനദണ്ഡങ്ങൾ എന്നിവ ഉറപ്പാക്കാൻ പ്രത്യേക സ്റ്റാഫ് കമ്മിറ്റി രൂപവത്കരിക്കും
മസ്കത്ത്: സ്കൂൾ പിക്നിക്കിനിടെ കുട്ടികൾക്ക് പഴകിയ ഭക്ഷണം നൽകിയ സംഭവത്തിൽ വിദ്യാർഥികൾക്ക് മുഴുവൻ തുകയും മടക്കി നൽകുമെന്ന് ഇന്ത്യൻ സ്കൂൾ ദാർസൈത് അധികൃതർ. ഇതുസംബന്ധിച്ച് രക്ഷിതാക്കൾക്ക് സ്കൂൾ അധികൃതർ സന്ദേശമയച്ചു.
പിക്നിക്കിനായി കുട്ടികളിൽനിന്ന് ഈടാക്കിയ മുഴുവൻ തുകയും മടക്കി നൽകാൻ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി തീരുമാനിച്ചതായും അടുത്ത പ്രവൃത്തി ദിവസമായ ജനുവരി 19ന് തുക കൈമാറുന്ന നടപടി ആരംഭിക്കുമെന്നും പ്രിൻസിപ്പൽ രക്ഷിതാക്കൾക്കയച്ച സന്ദേശത്തിൽ പറഞ്ഞു. ഇത്തരമൊരു സംഭവം നടക്കാനിടയായതിൽ ഖേദിക്കുന്നുവെന്നും ഭാവിയിൽ ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിച്ചതായും പ്രിൻസിപ്പൽ രക്ഷിതാക്കളെ അറിയിച്ചു.
മൂന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികളെയാണ് ജനുവരി 13 ന് റുസൈൽ പാർക്കിലേക്ക് പിക്നിക്കിന് കൊണ്ടുപോയത്. ഗതാഗതം, ഭക്ഷണം ഉൾപ്പെടെ ഓരോ വിദ്യാർഥിയിൽനിന്നും മൂന്നര റിയാൽ ഈടാക്കിയിരുന്നു. യാത്രക്കിടെ കുട്ടികൾക്ക് നൽകിയ ഭക്ഷണം പഴകിയതായിരുന്നെന്നാണ് പരാതി. പലരും ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചതായും ചില കുട്ടികൾ കഴിച്ചതിന് പിന്നാലെ വയറുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതായും പരാതിയുണ്ട്. കുട്ടികൾ പരാതി പറഞ്ഞിട്ടും വേറെ ഭക്ഷണം നൽകിയില്ലെന്നും ആരോപണമുണ്ട്. വൈകീട്ട് കുട്ടികൾ അസ്വസ്ഥരായി വീട്ടിലെത്തിയ ശേഷമാണ് പല രക്ഷിതാക്കളും സംഭവം അറിഞ്ഞത്.
സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. ഭക്ഷണം തയാറാക്കിയ പുറത്തുനിന്നുള്ള വിതരണക്കാരനാണ് വീഴ്ച വരുത്തിയതെന്ന് പ്രിൻസിപ്പൽ അമർ ശ്രീവാസ്തവയുടെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി സ്കൂൾ അറിയിച്ചു.
രാവിലെ തന്നെ ഭക്ഷണം തയാറാക്കി പാക്ക് ചെയ്ത് വിതരണക്കാരൻ സ്കൂളിലെത്തിച്ചിരുന്നു. എന്നാൽ, കൈകാര്യം ചെയ്തതിലും എത്തിക്കുന്നതിനിടയിലുമുണ്ടായ പിഴവുകൾ മൂലം ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം തകരാറിലായതായി പ്രിൻസിപ്പൽ വ്യക്തമാക്കി. ഇത് സുരക്ഷാമാനദണ്ഡങ്ങളുടെ ഗുരുതര ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷണ വിതരണക്കാരനെ സ്ഥിരമായി ബ്ലാക്ക്ലിസ്റ്റ് ചെയ്തതായും വിശദീകരണം ആവശ്യപ്പെട്ടതായും സ്കൂൾ അറിയിച്ചു. ഭാവിയിൽ സ്കൂൾ പരിപാടികളിൽ പ്രസ്തുത വിതരണക്കാരന് പങ്കാളിത്തം അനുവദിക്കില്ല. ആവശ്യമെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും സ്കൂൾ വ്യക്തമാക്കി. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ നടപ്പാക്കുമെന്ന് സ്കൂൾ വ്യക്തമാക്കി.
സ്കൂൾ പരിപാടികളിൽ ഭക്ഷണം വിതരണം ചെയ്യുന്നതിന് മുമ്പ് നിർബന്ധിത പരിശോധനയും രുചി പരിശോധിക്കലും നടത്തും. ഭക്ഷണത്തിന്റെ ഗുണനിലവാരം, ശുചിത്വം, സംഭരണം, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ ഉറപ്പാക്കാൻ പ്രത്യേക സ്റ്റാഫ് കമ്മിറ്റിയും രൂപീകരിക്കുമെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.