ഒമാന്റെ ടൂറിസം സ്ഥലങ്ങളിലൊന്നിൽനിന്നുള്ള കാഴ്ച
മസ്കത്ത്: ആഭ്യന്തര ടൂറിസം ഉത്തേജിപ്പിക്കുന്നതിനും ഒമാനിലെ വൈവിധ്യമാർന്ന സ്ഥലങ്ങൾ പര്യവേഷണം ചെയ്യുന്നതിനും ഒമാൻ ടൂറിസം ഡെവലപ്മെന്റ് കമ്പനി (ഒമ്രാൻ) ഗ്രൂപ് ‘വിത്തിൻ ഒമാൻ കാമ്പയിൻ’ ആരംഭിച്ചു. സുൽത്താനേറ്റിന്റെ സമ്പന്നമായ സാംസ്കാരികവും പ്രകൃതിദത്തവുമായ പൈതൃകം ആഘോഷിക്കുന്നതിനായി നാഷനൽ ട്രാവൽ ഓപറേറ്ററുമായി (വിസിറ്റ് ഒമാൻ) സഹകരിച്ചാണ് കാമ്പയിൻ.
ആഗസ്റ്റ് അവസാനം വരെ നീളുന്ന കാമ്പയിനിലൂടെ ഒമ്രാൻ ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളിലും മറ്റും പ്രത്യേക പക്കേജുകളും അവതരിപ്പിച്ചിട്ടുണ്ട്.
ഈ വർഷത്തെ കാമ്പയിനിൽ റൂം സ്റ്റേകൾ, ഭക്ഷണപാനീയങ്ങൾ, കുട്ടികളുടെ താമസം, സാഹസികത, പൈതൃകം, വെൽനസ് അനുഭവങ്ങൾ എന്നിവയിൽ കിഴിവുകളുമുണ്ട്. വിസിറ്റ് ഒമാന്റെ മുൻനിര ഡിജിറ്റൽ ബുക്കിങ് പ്ലാറ്റ്ഫോം വഴി, സന്ദർശകർക്ക് ഇപ്പോൾ ഒറ്റ ക്ലിക്കിലൂടെ യാത്രാപദ്ധതികൾ എളുപ്പത്തിൽ ആസൂത്രണം ചെയ്യാൻ കഴിയും. ഇത് സുൽത്താനേറ്റിനുള്ളിലും പുറത്തുമുള്ള യാത്രക്കാർക്ക് മികച്ച അനുഭവമാണ് നൽകുന്നത്.
വർഷം മുഴുവനും ആകർഷകമായ ഒരു ടൂറിസം കേന്ദ്രമെന്ന നിലയിൽ ഒമാന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും ആഭ്യന്തര ടൂറിസത്തെ സമ്പന്നമാക്കുന്നതിനും ലക്ഷ്യമിടുന്നു. യാത്രാപദ്ധതികൾ മെച്ചപ്പെടുത്തുന്നതിനും യാത്രകൾ വ്യക്തിഗതമാക്കുന്നതിനും ആഴത്തിലുള്ളതും സംതൃപ്തവുമായ അനുഭവമാക്കി മാറ്റുന്നതിനും ഇത് സഹായിക്കുമെന്ന് അധികൃതർ പറഞ്ഞു.
മുസന്ദത്തിലെ മനോഹരമായ കടൽത്തീരങ്ങൾ മുതൽ ദോഫാറിലെ സമൃദ്ധമായ ഖരീഫ് പ്രകൃതിദൃശ്യങ്ങൾ വരെ ആഭ്യന്തരടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഒമാന്റെ അസാധാരണ വൈവിധ്യത്തെ ആഘോഷിക്കുന്നതിനുമുള്ള ദേശീയ ശ്രമങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ഗ്രൂപ്പിന്റെ പ്രതിബദ്ധതയാണ് കാമ്പയിൻ അടിവരയിടുന്നതെന്ന് വിസിറ്റ് ഒമാൻ മാനേജിങ് ഡയറക്ടർ ഷബീബ് അൽ മാമാരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.