മസ്കത്ത്: പ്രൊമോഷണൽ കാമ്പയിനിൽ ഒന്നാം സമ്മാനമായി കാർ വാഗ്ദാനം ചെയ്ത് വിജയിക്ക് ക്ലോക്ക് നൽകി കബളിപ്പിച്ച സ്ഥാപനത്തിന് മസ്കത്ത് അപ്പീൽ കോടതി ചുമത്തിയത് വൻ പിഴ ! മത്സരത്തിൽ വിജയിച്ച വ്യക്തിക്ക് കാറിന്റെ മൂല്യത്തിന് തുല്യമായ 3,600 ഒമാനി റിയാൽ (ഏകദേശം എട്ടു ലക്ഷത്തിലധികം ഇന്ത്യൻ രൂപ) നഷ്ടപരിഹാരമായി നൽകാനാണ് മസ്കത്ത് അപ്പീൽ കോടതിയുടെ കൊമേഴ്സ്യൽ സർക്യൂട്ട് ഉത്തരവിട്ടത്. ഉപഭോക്തൃ സംരക്ഷണ നിയമങ്ങളുമായി ബന്ധപ്പെട്ട് 2003 നവംബർ 10ന് പുറപ്പെടുവിച്ച ഈ സുപ്രധാന വിധി ഒമാൻ പബ്ലിക് പ്രോസിക്യൂഷന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ 'അൽ-മുജ്തമഅ് വ അൽ-ഖാനൂൻ' ആണ് ഇപ്പോൾ പുറത്തുവിട്ടത്.
സംഭവത്തെ കുറിച്ച് വിവരിക്കുന്നത് ഇങ്ങനെ: സ്ഥാപനം നടത്തിയ പ്രൊമോഷനൽ കാമ്പയിനിലെ നറുക്കെടുപ്പിൽ പരാതിക്കാരനായ ഉപഭോക്താവിന്റെ കൂപ്പൺ നമ്പറാണ് ഒന്നാം സമ്മാനമായ കാറിന് അർഹമായി പ്രഖ്യാപിക്കപ്പെട്ടത്. എന്നാൽ സമ്മാനം വാങ്ങാൻ ചെന്ന ഇദ്ദേഹത്തിന് സംഘാടകർ നൽകിയത് ഒരു ചുവർ ക്ലോക്ക് മാത്രമായിരുന്നു. ഒടുവിൽ പ്രഖ്യാപിച്ച കൂപ്പൺ നമ്പറുകാരനാണ് കാറിന് അർഹനെന്നും ആദ്യം പ്രഖ്യാപിച്ച കൂപ്പണുകൾക്ക് മറ്റ് സമ്മാനങ്ങളാണെന്നുമുള്ള വിചിത്രമായ വാദമാണ് സംഘാടകർ കോടതിയിൽ ഉന്നയിച്ചത്. പരസ്യമായി പ്രഖ്യാപിച്ച വ്യവസ്ഥകളിൽ നിന്ന് മാറി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം വിപണന തന്ത്രങ്ങൾ നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. ഉപഭോക്താക്കളെ ആകർഷിക്കാൻ വേണ്ടി അവരെ ചൂഷണം ചെയ്യുന്ന പ്രൊമോഷണൽ രീതികളിൽ നിന്നും ജനങ്ങളെ സംരക്ഷിക്കേണ്ടതുണ്ടെന്ന് കോടതി വിധിയിൽ വ്യക്തമാക്കി.
നിയമാവലികൾ ലംഘിച്ച് ഉപഭോക്താക്കളുടെ തെരഞ്ഞെടുപ്പവകാശത്തെയും സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന ഇത്തരം പ്രൊമോഷണൽ ഓഫറുകൾക്കെതിരെ ശക്തമായ നിയമനടപടികൾ തുടരുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.