മസ്കത്ത്: ഒമാനിൽ സെക്കൻഡ് ഹാൻഡ് വാഹന സ്പെയർ പാർട്സുകളുടെ വ്യാപാരത്തിലും ഉപയോഗത്തിലും കർശന നിയന്ത്രണങ്ങളുമായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ചില സ്പെയർ പാർട്സുകളുടെ വിൽപന പൂർണമായി നിരോധിച്ചും വിൽക്കുന്ന സാധനങ്ങൾക്ക് വാറന്റിയും കൃത്യമായ ഇൻവോയ്സും നിർബന്ധമാക്കിയുമാണ് പുതിയ നിയമം പുറപ്പെടുവിച്ചത്. ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ചെയർമാൻ സുലൈം ബിൻ അലി ബിൻ സുലൈം അൽ ഹക്മാനി പുറപ്പെടുവിച്ച പുതിയ ഉത്തരവ് ( 363/2026) ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതിന്റെ പിറ്റേദിവസം മുതൽ പ്രാബല്യത്തിൽ വരും.
വാഹന റിപ്പയറിങ്, മെയിന്റനൻസ്, പെയിന്റിംഗ്, ബോഡി വർക്ക് എന്നിവ ചെയ്യുന്ന സ്ഥാപനങ്ങൾക്കും സെക്കൻഡ് ഹാൻഡ് സ്പെയർ പാർട്സ് കച്ചവടക്കാർക്കും പുതിയ നിയമം ബാധകമാണ്. കച്ചവടം ചെയ്യാൻ പാടില്ലാത്ത നിരോധിത സ്പെയർ പാർട്സുകളുടെ കൃത്യമായ ലിസ്റ്റും ഉത്തരവിനൊപ്പം പുറത്തുവിട്ടിട്ടുണ്ട്.
ഇനി മുതൽ ഉപയോഗിച്ച സ്പെയർ പാർട്സുകൾ വിൽക്കുമ്പോഴോ വാഹനങ്ങളിൽ ഘടിപ്പിക്കുമ്പോഴോ ഉപഭോക്താവുമായി ധാരണയിലെത്തിയ പ്രകാരം കൃത്യമായ വാറന്റി നൽകിയിരിക്കണം. കൂടാതെ, വാഹനത്തിൽ എന്തെങ്കിലും തരത്തിലുള്ള അറ്റകുറ്റപ്പണികളോ പാർട്സ് മാറ്റിവെക്കലോ നടത്തുന്നതിന് മുമ്പ് ഉപഭോക്താവിന്റെ രേഖാമൂലമുള്ള മുൻകൂർ അനുമതി വാങ്ങണമെന്നതും നിർബന്ധമാക്കിയിട്ടുണ്ട്.
നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്ക് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരമുള്ള ക്രിമിനൽ നടപടികൾക്ക് പുറമെ 1,000 ഒമാനി റിയാൽ വരെ പിഴ ചുമത്തും. കുറ്റം ആവർത്തിച്ചാൽ പിഴത്തുക ഇരട്ടിയാകും.
നിയമലംഘനം തുടരുന്ന പക്ഷം പ്രതിദിനം 50 റിയാൽ വീതം പരമാവധി 2,000 റിയാൽ വരെ പിഴ ഈടാക്കാനും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.