ടൂർ ഓഫ് ഒമാന് മുന്നോടിയായി നടന്ന മസ്കത്ത് ക്ലാസിക്ക് മത്സരത്തിൽനിന്ന്
മസ്കത്ത്: നഗര വീഥികൾക്ക് സുന്ദര കാഴ്ചകൾ സമ്മാനിച്ച് മസ്കത്ത് ക്ലാസിക് സൈക്ലിങ് മത്സരം അരങ്ങേറി. ടൂർ ഓഫ് ഒമാന് മുന്നോടിയായി നടന്ന മത്സരം കാണാനായി റോഡിന്റെ ഇരു വശങ്ങളിലും ആളുകൾ തടിച്ചുകൂടിയിരുന്നു. 171 കിലോമീറ്റർ ദൂരമുള്ള മസ്കത്ത് ക്ലാസിക് അൽ മൗജിൽ നിന്നാണ് തുടക്കമായത്..
സീബിലെ വാട്ടർഫ്രണ്ട് റോഡ്, ആമിറാത്തിലെ പർവത റോഡ്, ദർസൈത്ത്, വാദി കബീർ, യിതി, ഖന്താബ് എന്നിവയുൾപ്പെടെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ കടന്നുപോയ മത്സരാർഥികൾ അൽ ബുസ്താൻ റൗണ്ട് എബൗട്ടിൽ നിന്ന് സിദാബിലേക്ക് ഇടത്തേക്ക് തിരിഞ്ഞ് സ്റ്റേറ്റ് കൗൺസിലിന് മുന്നിൽ ആണ് റൈഡ് അവസാനിപ്പിച്ചത്. മത്സരം കടന്നുപോകുന്ന വഴികളിലൂടെ റോയൽ ഒമാൻ പൊലീസ് ട്രാഫിക് നിയന്ത്രിച്ചിരുന്നു. അതേസമയം, ടൂർ ഓഫ് ഒമാൻ ദീർഘദൂര സൈക്ലിങ് മത്സരങ്ങൾക്ക് ശനിയാഴ്ച തുടക്കമാകും. ഒമാൻ സൈക്ലിങ് ഫെഡറേഷനുമായി സഹകരിച്ച് സാംസ്കാരിക, കായിക, യുവജന മന്ത്രാലയം നടത്തുന്ന മത്സരങ്ങൾ ഫെബ്രുവരി 12നാണ് അവസാനിക്കുക. യൂറോപ്പ്, ഏഷ്യ, അമേരിക്ക, ആസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള 18 അന്താരാഷ്ട്ര ടീമുകളാണ് പങ്കെടുക്കുന്നത്. ഒമാന്റെ ഭൂപ്രകൃതിയിലൂടെയും
പ്രകൃതിദൃശ്യങ്ങളിലൂടെയും കടന്നു പോകുന്നവിധത്തിലാണ് മത്സര റൂട്ടുകൾ ക്രമീകരിച്ചിരിക്കുന്നത്. അഞ്ച് ഘട്ടങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. ശനിയാഴ്ച ബൗഷർ വിലായത്തിലെ മസ്കത്ത് കോളജിൽ നിന്ന് ആരംഭിച്ച് ഖുറിയാത്ത് വിലായത്തിൽ അവസാനിക്കും. 170 കിലോമീറ്റർ ദൈർഘ്യമാണ് ഈ ഘട്ടത്തിലുണ്ടാകുക. 203 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ടാം ഘട്ടം ഞായറാഴ്ച തെക്കൻ ബാത്തിന ഗവർണറേറ്റിലെ റുസ്താഖ് ഫോർട്ടിൽനിന്ന് ആരംഭിച്ച് മസ്കത്ത് ഗവർണറേറ്റിലെ യിതി ഹൈറ്റ്സിൽ സമാപിക്കും. ദാഖിലിയ ഗവർണറേറ്റിലെ ബിദ്ബിദ് വിലായത്തിൽനിന്ന് ആരംഭിച്ച് അൽ ഹംറയിലെ വിലായത്തിൽ അവസാനിക്കുന്ന മൂന്നാം ഘട്ടത്തിൽ 181 കിലോമീറ്റർ ദൂരമാണുള്ളത്.
നാലാം ഘട്ടം ദാഖിലിയ ഗവർണറേറ്റിലെ മനഅ വിലായത്തിൽനിന്നാണ് ആരംഭിക്കുക.181 കിലോമീറ്റർ ദൂരം വരുന്ന ഈ സ്റ്റേജിലെ മത്സരം ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ സമാപിക്കും. അവസാന ഘട്ട മത്സരം ദാഖിലിയ ഗവർണറേറ്റിലെ ഇസ്കിയിലെ വിലായത്തിലെ ഇംതി പ്രദേശത്തീനിന്ന് ആരംഭിക്കും.139 കിലോമീറ്റർ നീളമുള്ള മത്സരം ജബൽ അൽ അഖ്ദർ റോഡിലാണ് അവസാനിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.