മുഖ്യമന്ത്രി പിണറായി വിജയൻ
മസ്കത്ത്: ഒമാൻ സന്ദർശനത്തിനായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച മസ്കത്തിലെത്തും. വൈകീട്ട് സ്വകാര്യ വിരുന്നിൽ പങ്കെടുക്കുന്ന അദ്ദേഹം വെള്ളിയാഴ്ച വൈകീട്ട് ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവലിന്റെ (ഐ.സി.എഫ്) ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. വൈകീട്ട് ആറിന് ആമിറാത്തിലെ മുനിസിപ്പൽ പാർക്കിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഒമാനിലെ ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ് പങ്കെടുക്കും.
ശനിയാഴ്ച വൈകീട്ട് 7.30ന് സലാലയിൽ ഐ.എസ്.സി കേരള വിങ് ഇത്തിഹാദ് മൈതാനിയിൽ ഒരുക്കുന്ന പ്രവാസോത്സവത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. മുഖ്യമന്ത്രിയോടൊപ്പം സാംസ്കാരിക മന്ത്രി സജി ചെറിയാനും ഒമാനിലെത്തുമെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ ഗൾഫ് പര്യടനത്തിന്റെ ഭാഗമായാണ് ഒമാൻ സന്ദർശനം. ‘മനുഷ്യത്വമുള്ളവരായിരിക്കൂ, സമാധാനം പുലരട്ടെ’ എന്ന സന്ദേശവുമായി ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളവിഭാഗത്തിന്റെ നേതൃത്വത്തിൽ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായാണ് ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവൽ നടക്കുന്നത്.
ആമിറാത്തലെ മുനിസിപ്പൽ പാർക്കിൽ ഐ.സി.എഫിനായുള്ള മുന്നൊരുക്കം പുരോഗമിക്കുന്നു
ആമിറാത്തിലെ പ്രത്യേകം തയാറാക്കിയ വേദിയിൽ അരങ്ങേറുന്ന പരിപാടിയിൽ ഇന്ത്യയിൽനിന്നും ഒമാനിൽ നിന്നുമുള്ള കലാ-സാംസ്കാരിക-സാമൂഹിക മണ്ഡലങ്ങളിലെ മറ്റ് പ്രമുഖ വ്യക്തികൾ മുഖ്യമന്ത്രിയോടൊപ്പം പരിപാടിയിൽ പങ്കെടുക്കും. ഇന്ത്യയുടെ വൈവിധ്യത്തെയും കലാ സാംസ്കാരിക പാരമ്പര്യത്തെയും ഉൾക്കൊള്ളുന്ന ഈ സംഗമത്തിൽ ഇന്ത്യയിലെ വിവിധ കലാരൂപങ്ങൾക്കൊപ്പം ഒമാനിലെ തനത് കലാരൂപങ്ങളും അരങ്ങേറും.
വ്യാഴാഴ്ച ഒമാൻ സമയം വൈകീട്ട് ഏഴോടെ ഉത്സവത്തിന്റെ സമാരംഭം വിളംബരം ചെയ്ത് കേളികൊട്ട് തുടങ്ങും. തുടർന്ന് സാംസ്കാരിക സന്ധ്യയും കലാപരിപാടികളും നടക്കും. മേളയിൽ വിവിധ സ്റ്റാളുകളും ഒരുക്കും. ഭക്ഷണ-പുസ്തക-വസ്ത്ര-ആഭരണ-അലങ്കാര സ്റ്റാളുകൾ, മലയാളം മിഷൻ, മാധ്യമം പവലിയനുകൾ തുടങ്ങി ആകർഷക ഉത്സവവേദിയായി ഐ.സി.എഫ് മാറും.
നവോത്ഥാന നായകർ, സ്വാതന്ത്ര്യസമരസേനാനികൾ, കേരളത്തിലെ തനത് സാംസ്കാരിക ബിംബങ്ങൾ, നാടൻ കലാരൂപങ്ങൾ, കലശം-കാവടി തുടങ്ങി കുട്ടികളും സ്ത്രീകളും ഉൾപ്പടെ പങ്കെടുക്കുന്ന ഘോഷയാത്ര പരിപാടിക്ക് അഴകേറ്റും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാരൂപങ്ങൾ, ഒമാനിലെ തദ്ദേശീയ കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപ്രകടനങ്ങൾ, കേരളത്തിൽ നിന്നുള്ള 'കനൽ' ബാൻഡ് അവതരിപ്പിക്കുന്ന സംഗീത വിരുന്ന് തുടങ്ങിയവ അങ്ങേറും.
ഇതോടനുബന്ധിച്ച് ഒമാനിലെ എല്ലാ സ്കൂളുകളിലെയും വിദ്യാർഥികളുടെ ശാസ്ത്രാഭിരുചിയെ പ്രോത്സാഹിപ്പിക്കുന്ന ശാസ്ത്രപ്രദർശന മത്സരവും ഉണ്ടായിരിക്കും. ഇന്ത്യൻ സ്കൂളുകൾക്കുപുറമെ ഇന്റർനാഷനൽ സ്കൂളുകളും പങ്കെടുക്കുന്ന ശാസ്ത്രപ്രദർശന മത്സരത്തിലെ വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ഒരുക്കിയതായി ഐ.സി.എഫ് സംഘാടകസമിതി ചെയർമാൻ വിൽസൺ ജോർജ് അറിയിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിക്ക് പ്രവേശനം സൗജന്യമാണ്. ഒമാനിലെ പ്രമുഖ ഭക്ഷ്യോൽപന്ന ഉൽപാദന-വിതരണ കമ്പനിയായ 'ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ്' ആണ് പരിപാടിയുടെ മുഖ്യ പ്രായോജകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.