അരീജ മുഹ്സിൻ ഹൈദർ ദാർവേഷ്,സിഹാം അൽ ഹാർത്തി,ഡോ. അമൽ റാഷിദ് അൽ
അബ്റാവി
ചേംബർ തെരഞ്ഞെടുപ്പ്; മാറ്റുരക്കാൻ വനിതകളും രംഗത്ത്
മസ്കത്ത്: ഈ മാസം 22ന് നടക്കുന്ന ഒമാൻ ചേംബർ ഒഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ മാറ്റുരക്കാൻ വനിത സ്ഥാനാർഥികളും. ഒമാനിൽ ബിസിനസ് മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച അരീജ മുഹ്സിൻ ഹൈദർ ദാർവേഷ്, സിഹാം അൽ ഹാർത്തി, ഡോ. അമൽ റാഷിദ് അൽ അബ്റാവി എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖ വനിതകൾ. എല്ലാ മേഖലകളിലും സ്ത്രീകൾ ശക്തി തെളിയിച്ച ഒമാനിൽ വനിതകൾ മത്സരരംഗത്ത് സജീവമാവുന്നതിൽ അത്ഭുതമില്ല. തെരഞ്ഞെടുപ്പിലെ സജീവസാന്നിധ്യത്തിലൂടെ ചേംബർ ഓഫ് കോമേഴ്സിന്റെ വികസന പദ്ധതികളിൽ സജീവ പങ്കാളിത്തം നടത്താൻ കഴിയുമെന്ന് എം.എച്ച്.ഡി ഓട്ടോമാറ്റിവ്, കൺസ്ട്രക്ഷൻ എക്യുപ്മെന്റ് ആൻഡ് റിനീവൽ എനർജി വിഭാഗം ചെയർപേഴ്സനായ അരീജ് ദാർവീഷ് പറഞ്ഞു. ഒമാന്റെ സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കാൻ നിരവധി പദ്ധതികളുണ്ട്.
ദീർഘകാലാടിസ്ഥാനത്തിൽ ലക്ഷ്യം നേടാനാണ് ശ്രമിക്കുക. ഇതിന് മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസും നിലവിലെ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖും വെട്ടിത്തെളിയിച്ച പാതയിലൂടെയാണ് മുന്നോട്ടുപോവുകയെന്നും അവർ പറഞ്ഞു. എണ്ണ-ഇതര വിഭാഗങ്ങളിൽ സന്തുലിത വളർച്ചയുണ്ടാക്കുക, രാജ്യത്തെ മുഴുവൻ സ്ത്രീകളെയും ശക്തിപ്പെടുത്തുക, ഒമാനിനകത്തും പുറത്തുമുള്ള നിക്ഷേപകരെ ആകർഷിക്കാൻ ബിസിനസ് അന്തരീക്ഷമുണ്ടാക്കുക എന്നിവയാണ് തന്റെ പദ്ധതിയെന്നും അവർ കൂട്ടിച്ചേർത്തു.
പ്രാദേശികവും അന്താരാഷ്ട്രീയവുമായ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്നതിന് ചേംബർ ഓഫ് കോമേഴ്സ് നയം രൂപപ്പെടുത്തണമെന്ന് സിഹാം ഡെവലപ്മെന്റ് ആൻഡ് ഇൻവെസ്റ്റ്മെന്റ് സ്ഥാപക സിഹാം അൽ ഹാർത്തി പറഞ്ഞു. നിക്ഷേപകരെ ആകർഷിക്കുന്നതിനും സർക്കാർ നിയമങ്ങൾ നടപ്പാക്കുന്നതിനും ചേംബർ ഓഫ് കോമേഴ്സ് സർക്കാറുമായി പങ്കാളിത്തം വഹിക്കേണ്ടതുണ്ട്. ഒമാനി കമ്പനികളെ അന്താരാഷ്ട്ര മാർക്കറ്റിൽ എത്തിക്കുന്നതിനും വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിനും അവസരങ്ങൾ ആവശ്യമാണെന്നും അവർ പറഞ്ഞു.
ചേംബർ ഓഫ് കോമേഴ്സ് ബോർഡ് തെരഞ്ഞെടുപ്പിൽ പുരുഷർക്കൊപ്പം തുല്യ അവസരം വനിതകൾക്കും ലഭിക്കുന്നതായി അൽ ഫൽഹ സി.ഇ.ഒ അമൽ റാഷിദ് അൽ അബ്റാവി അഭിപ്രായപ്പെട്ടു. ഒമാനിൽ ഒരു സ്ത്രീ-പുരുഷ ലിംഗവ്യത്യാസവും നിലവിലില്ല. പുരുഷ സ്ഥാനാർഥികൾക്കൊപ്പം സ്ത്രീകൾക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തുല്യ അവകാശമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ചേംബർ ഓഫ് കോമേഴ്സിൽ രജിസ്റ്റർ ചെയ്ത 13,000 കമ്പനികളുടെ പ്രതിനിധികൾക്കാണ് തെരഞ്ഞെടുപ്പ് പ്രക്രിയയിൽ അവസരം ലഭിക്കുക. വോട്ടവകാശം ലഭിക്കണമെങ്കിൽ ചേംബറിന്റെ തെരഞ്ഞെടുപ്പ് പോർട്ടറിൽ പേര് രജിസ്റ്റർ ചെയ്യണം. മൊത്തം 125 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഇതിൽ 116 പേർ സ്വദേശികളും ഒമ്പതുപേർ വിദേശികളുമാണ്. മലയാളികളായ നാല് ഇന്ത്യക്കാർക്ക് പുറമെ ഈജിപ്ത്, സിറിയ, പാകിസ്താൻ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് മത്സരരംഗത്തുള്ള വിദേശികൾ. ആദ്യമായാണ് ചേംബർ ഓഫ് കോമേഴ്സിലേക്ക് വിദേശികൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ സ്വദേശികൾ മാത്രമായിരുന്നു മത്സരിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.