മസ്കത്ത്: കമ്പനി ഉടമസ്ഥതയിലുള്ള കാറുകളുടെ രജിസ്ട്രേഷൻ നമ്പർപ്ലേറ്റുകൾ ചുവപ്പു നിറത്തിലേക്ക് മാറ്റണമെന്ന് ആർ.ഒ.പി ട്രാഫിക് വിഭാഗം അറിയിച്ചു. വലിയ വാഹനങ്ങൾക്കും റെൻറ് എ കാറുകൾക്കും മാത്രമാണ് നിലവിൽ ചുവപ്പ് നമ്പർ പ്ലേറ്റ് നിർബന്ധം. ഗതാഗത നിയമഭേദഗതി നിലവിൽവരുന്ന മാർച്ച് ഒന്നുമുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. തൊഴിൽ ആവശ്യത്തിനും വ്യക്തിഗത ആവശ്യത്തിനും ഉപയോഗിക്കുന്ന കമ്പനികൾക്ക് കീഴിലുള്ള കാറുകൾ ഇതിെൻറ പരിധിയിൽവരും. നിലവിൽ ഇൗ വാഹനങ്ങളിൽ ഭൂരിപക്ഷത്തിനും മഞ്ഞ നമ്പർ പ്ലേറ്റുകളാണ് ഉള്ളത്. മാർച്ച് മുതൽ കമ്പനികളിലെ കാറുകൾ അടക്കം ചെറുവാഹനങ്ങൾ ലൈസൻസ് ഉള്ള ആർക്കും ഒാടിക്കാനും സാധിക്കും. നിലവിൽ രജിസ്ട്രേഷൻ സമയത്ത് പേരു നൽകിയിരിക്കുന്നവർ മാത്രം ഒാടിക്കാൻ പാടുള്ളൂവെന്നതാണ് നിയമം.
കമ്പനി വാഹനങ്ങളുടെ വാർഷിക പരിശോധന സംബന്ധിച്ച നിയമത്തിലും ഭേദഗതിയുണ്ട്. വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാത്ത ചെറുവാഹനങ്ങളെ വാർഷിക പരിശോധനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. മാർച്ച് ഒന്നുമുതൽ ഇവ മറ്റു സ്വകാര്യ വാഹനങ്ങളെപോലെ പത്തുവർഷത്തിന് ശേഷം ടെസ്റ്റിന് കയറ്റിയാൽ മതിയാകും. മുൽകിയ നഷ്ടപ്പെടുന്നവർ ഡ്യൂപ്ലിക്കേറ്റ് ലഭിക്കുന്നതിന് ഒരു റിയാലിന് പകരം അഞ്ചു റിയാൽ ഫീസ് നൽകുകയും വേണം. എല്ലാ വാഹനങ്ങൾക്കും ഇത് ബാധകമാണ്. വേഗട്രാക്കുകളിൽ പിന്നാലെയെത്തി ലൈറ്റടിക്കുന്നവർ മാർച്ച് മുതൽ പിഴയൊടുക്കേണ്ടിവരും. മറ്റു യാത്രക്കാരെ അപകടത്തിലാക്കും വിധം ഹൈബീം ലൈറ്റുകൾ ഉപയോഗിക്കുന്നവർ പത്തു റിയാലാണ് പിഴയൊടുക്കേണ്ടിവരുക.
അപകടസാധ്യതക്ക് വഴിയൊരുക്കും വിധം റോഡരികിൽ വാഹനം നിർത്തിയാൽ 35 റിയാലാണ് പിഴ. ഡ്രൈവർക്ക് ഒരു ബ്ലാക്ക് പോയൻറ് ലഭിക്കും. പ്രവേശനം നിഷേധിച്ച റോഡിലൂടെയോ നിർമാണം നടക്കുന്ന റോഡിലൂടെയോ പതിവായി വാഹനമോടിച്ചാൽ പത്തു റിയാലാണ് പിഴ. ഡ്രൈവർക്ക് ഒരു ബ്ലാക്ക് പോയൻറ് ലഭിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.