നീറ്റ് പരീക്ഷ റദ്ദാക്കൽ: ആശങ്കയിൽ പ്രവാസി വിദ്യാർഥികൾ

മസ്കത്ത്: ദേശീയ യോഗ്യതാ പരീക്ഷ (നീറ്റ് യു.ജി) റദ്ദാക്കിയ കേന്ദ്ര സർക്കാർ തീരുമാനം ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് മേഖലയിലെ ആയിരക്കണക്കിന് പ്രവാസി വിദ്യാർഥികളെയും രക്ഷിതാക്കളെയും കടുത്ത ആശങ്കയിലാക്കുന്നു. മാസങ്ങളോളം കഠിനാധ്വാനം ചെയ്ത്, പരീക്ഷയെഴുതിയ വിദ്യാർഥികളാണ് അധികൃതരുടെ അനാസ്ഥ മൂലം ഇപ്പോൾ പ്രയാസത്തിലായത്.

വിദേശ രാജ്യങ്ങളിലിരുന്ന് പരീക്ഷക്കായി തയാറെടുത്ത പ്രവാസി വിദ്യാർഥികളോട് കാട്ടിയ ക്രൂരതയാണിതെന്നാണ് രക്ഷിതാക്കളുടെ ആക്ഷേപം. ഒമാനിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും പരീക്ഷാ കേന്ദ്രങ്ങളിൽ പരീക്ഷയെഴുതിയ പല വിദ്യാർഥികളും ഉന്നത തുടർപഠനത്തിന്റെ പ്രതീക്ഷകളുമായി ഇതിനകം നാട്ടിലേക്ക് മടങ്ങിക്കഴിഞ്ഞു. പുതിയ തീയതി പ്രഖ്യാപിച്ചാൽ ഈ വിദ്യാർഥികൾ വീണ്ടും അതത് കേന്ദ്രങ്ങളിൽ പരീക്ഷയെഴുതാൻ തിരിച്ചെത്തണം.

എന്നാൽ, നാട്ടിലെ വിവിധ സെന്ററുകളിൽ പോയി പരീക്ഷ എഴുതി ഗൾഫ് നാടുകളിൽ തിരിച്ചെത്തിയവർക്ക് പുനഃപരീക്ഷക്കായി വീണ്ടും തിരിച്ചും യാത്ര ചെയ്യേണ്ടി വരും. ഇത്തരം വിദ്യാർഥികൾക്ക് അവർക്ക് സൗകര്യപ്രദമായ കേന്ദ്രങ്ങളിൽ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് രക്ഷിതാക്കൾ ആവശ്യമുന്നയിക്കുന്നു. ഇത് വേനലവധിക്ക് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്ത് തയാറെടുക്കുന്ന പ്രവാസി കുടുംബങ്ങളുടെ പ്ലാനുകളെ പൂർണമായി ബാധിച്ചിരിക്കുകയാണ്.

കനത്ത വിമാന ടിക്കറ്റ് നിരക്കുള്ള വേനലവധി സീസണിൽ തുടരെത്തുടരെ യാത്ര ചെയ്യേണ്ടി വരുന്നത് പ്രവാസി കുടുംബങ്ങൾക്ക് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയാകും വരുത്തിവെക്കുക. ക്രമക്കേടുകളെത്തുടർന്ന് പരീക്ഷ റദ്ദാക്കിയ നടപടി കുട്ടികളുടെ മാനസിക വീര്യത്തെ തകർക്കുന്നതാണ് ആക്ഷേപം. പുതിയ പരീക്ഷയും ഫലപ്രഖ്യാപനവും നീളുന്നതോടെ ഈ അധ്യയന വർഷത്തെ മെഡിക്കൽ പ്രവേശനം വൈകുമെന്ന ആധിയും രക്ഷിതാക്കൾക്കുണ്ട്.

പുനഃപരീക്ഷക്കായി വിദ്യാർഥികൾക്ക് അധിക പരീക്ഷാ ഫീസ് ഈടാക്കില്ലെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) അറിയിച്ചിട്ടുണ്ടെങ്കിലും പ്രവാസികളുടെ ലക്ഷങ്ങൾ വരുന്ന യാത്രാ ചെലവുകൾക്ക് ആര് മറുപടി നൽകുമെന്ന ചോദ്യം അവശേഷിക്കുന്നു. പ്രവാസി വിദ്യാർഥികളുടെ ഈ പ്രത്യേക സാഹചര്യം പരിഗണിച്ചു കൊണ്ട് ഗൾഫ് മേഖലയിൽ ആവശ്യത്തിന് പുനഃപരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കണമെന്നും, തീയതികൾ വേഗത്തിൽ പ്രഖ്യാപിക്കണമെന്നുമാണ് പ്രവാസി സംഘടനകളുടെയും രക്ഷിതാക്കളുടെയും പ്രധാന ആവശ്യം.

മേയ് മൂന്നിനായിരുന്നു നീറ്റ് പരീക്ഷ നടന്നത്. ഒമാനിൽ മസ്കത്തിലെ ഇന്ത്യൻ സ്കൂളാണ് ഇത്തവണയും പരീക്ഷാ കേന്ദ്രമായി സജ്ജീകരിച്ചിരുന്നത്. വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള 300 ലേറെ വിദ്യാർഥികൾ ഭാവിപ്രതീക്ഷയോടെ പരീക്ഷയെഴുതിയിരുന്നു. ഇന്ത്യയിലെയും വിദേശത്തെയും 14 കേന്ദ്രങ്ങളിലുമായി ഏകദേശം 22.79 ലക്ഷം വിദ്യാർഥികൾ ഇത്തവണ നീറ്റ് പരീക്ഷ എഴുതിയിരുന്നു. 2022 ജൂലൈ 17-നാണ് ഒമാനിൽ ആദ്യമായി നീറ്റ് പരീക്ഷ നടന്നത്.

അതിനുമുമ്പ് ഒമാനിലെ വിദ്യാർഥികൾ പരീക്ഷക്കായി ഇന്ത്യയിലേക്കോ യു.എ.ഇയിലേക്കോ പോകണമായിരുന്നു. ഒമാനിലെ 21 ഇന്ത്യൻ സ്കൂളുകളിലായി പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും വർഷങ്ങളായുള്ള ആവശ്യപ്രകാരമാണ് ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രാലയം മസ്‌കത്തിൽ കേന്ദ്രം അനുവദിച്ചത്.

എന്നാൽ, 2024-ന്റെ തുടക്കത്തിൽ ഒമാനടക്കമുള്ള വിദേശ രാജ്യങ്ങളിലെ കേന്ദ്രങ്ങൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി റദ്ദാക്കിയത് വിദ്യാർഥികളെ ആശങ്കയിലാക്കിയിരുന്നു. പ്രവാസി സംഘടനകളുടെയും രക്ഷിതാക്കളുടെയും ശക്തമായ സമ്മർദ്ദത്തെത്തുടർന്ന് ഈ തീരുമാനം പിൻവലിക്കുകയും മസ്‌കത്ത് ഉൾപ്പെടെയുള്ള 14 വിദേശ നഗരങ്ങളിൽ കേന്ദ്രങ്ങൾ പുനഃസ്ഥാപിക്കുകയും ചെയ്യുകയായിരുന്നു.

Tags:    
News Summary - Cancellation of NEET exam: Expatriate students concerned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.