മസ്കത്ത്: ഒമാൻ സുൽത്താനേറ്റിലെ എല്ലാ ഡിജിറ്റൽ സർക്കാർ സേവനങ്ങളടെയും ഏകജാലകമായ യൂനിഫൈഡ് ഗവൺമെന്റ് സർവിസ് പോർട്ടലിന്റെ പ്രചാരണ പരിപാടി ഗതാഗത-വാർത്താവിനിമയ-വിവരസാങ്കേതിക വിദ്യ മന്ത്രാലയം (എം.ടി.സിഐ.ടി) ആരംഭിച്ചു. ‘നിങ്ങൾക്കായി ഞങ്ങൾ എളുപ്പമാക്കി’ എന്ന തലക്കെട്ടിലാണ് പ്രചാരണ പരിപാടി അരങ്ങേറുന്നത്.
വിവിധ സർക്കാർ ഏജൻസികൾ തമ്മിലുള്ള ആശയവിനിമയം ഏകീകരിക്കുകയും പൗരന്മാർക്കും താമസക്കാർക്കും വേണ്ടിയുള്ള സേവനങ്ങൾ സുരക്ഷിതവും കാര്യക്ഷമവുമായ ഡിജിറ്റൽ വിൻഡോ വഴി ലഭ്യമാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. നാഷനൽ ഡിജിറ്റൽ ട്രാൻസഫോമേഷൻ പദ്ധതിയുടെ ഭാഗമായാണ് പ്രചാരണം സംഘടിപ്പിക്കുന്നത്.
പോർട്ടലിന്റെ സൗകര്യങ്ങൾ ഉപയോക്താക്കൾക്ക് പരിചയപ്പെടുത്തുക, സാമൂഹിക പങ്കാളിത്തം വർധിപ്പിക്കുക, രജിസ്റ്റർ ചെയ്യുന്ന ഉപയോക്താക്കളുടെ എണ്ണം വർധിപ്പിക്കുക എന്നിവയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് എം.ടി.സി.ഐ.ടി.യിലെ ഏകീകൃത സർക്കാർ സേവന പോർട്ടൽ വിഭാഗം ഡയറക്ടർ തുറയ്യ ബിൻത് മുഹമ്മദ് അൽ ഹാർത്തി പറഞ്ഞു. ‘സർക്കാർ സേവനങ്ങളുടെ സമഗ്രമായ വിവരം നൽകുകയും പ്രധാന ഇടപാടുകളിലേക്കുള്ള എൻട്രി എളുപ്പവും വേഗത്തിലുമാക്കുകയും ചെയ്യുന്നുവെന്നതാണ് പോർട്ടലിന്റെ പ്രത്യേകത. അതോടൊപ്പം ഔദ്യോഗിക അറിയിപ്പുകളും ഡാറ്റകളും അപ്ഡേറ്റുകളും നൽകുന്നതിനൊപ്പം മതിയായ സൈബർ സുരക്ഷയും വ്യക്തിഗത ഡാറ്റ സംരക്ഷണവും പോർട്ടൽ ഉറപ്പാക്കും.
ഉപയോക്താക്കളെ ഡിജിറ്റൽ പരിവർത്തനയാത്രയിലെ സജീവ പങ്കാളികളായി കാണുകയാണെന്ന് തുറയ്യ പറഞ്ഞു. അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സേവനങ്ങളുടെ ഗുണമേന്മ മെച്ചപ്പെടുത്താൻ സഹായകരമാണ്. ഒമാൻ സുൽത്താന്റെ രാജകീയ നിർദേശങ്ങളുടെ ഭാഗമായാണ് എല്ലാ സർക്കാർ സേവനങ്ങളും ഒരൊറ്റ ദേശീയ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കാനുള്ള ഈ പദ്ധതിയെന്നതും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.