വധുവിന് വിവാഹ സമ്മാനമായി ഒട്ടകങ്ങളെ കൊടുത്തയക്കുന്നതിന്റെ വിഡിയോ ദൃശ്യത്തിൽനിന്ന്
മസ്കത്ത്: ഒമാനിൽ വധുവിന് വിവാഹ സമ്മാനമായി ഒട്ടകങ്ങളെ നൽകിയ വരന്റെ പ്രവൃത്തിക്ക് കൈയടിച്ച് അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ. മോതിരമായോ ആഭരണങ്ങളായോ വധുവിന് വിവാഹസമ്മാനം നൽകുന്നത് സാധാരണമാണെങ്കിലും ഒമാനി പൈതൃകം കാത്തുള്ള ഈ സമ്മാനം അതിവിശിഷ്ടമാണെന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങൾ അഭിനന്ദനങ്ങൾ ചൊരിയുന്നു. സഹമിൽനിന്നുള്ള ഒമാനി വരനാണ് പ്രതിശ്രുത വധുവിന് തലയെടുപ്പുള്ള രണ്ട് ഒട്ടകങ്ങളെ സമ്മാനമായി നൽകിയത്. ബലൂണുകളും പൂക്കളും കൊണ്ടലങ്കരിച്ച വാഹനത്തിൽ ഒട്ടകങ്ങളെ പൂമാലയിട്ട് ട്രക്കിൽ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ വരൻതന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. അറബ് സംസ്കൃതിയിൽ ഏറെ പ്രാധാന്യമുള്ള ഒട്ടകങ്ങൾക്ക് ഒമാനി സമൂഹത്തിൽ ഇന്നും പ്രത്യേക സ്ഥാനമുണ്ട്.
സമ്പത്തിന്റെ ചിഹ്നമായും അഭിമാനത്തിന്റെ അടയാളമായും കണക്കാക്കപ്പെടുന്ന ഒട്ടകങ്ങളെ വിവാഹസമ്മാനമായി നൽകുന്നത് മുമ്പ് പതിവായിരുന്നു. ഇന്നും അത് അപൂർവം ആളുകൾ പിന്തുടരുന്നത് അർഥവത്തായ ആചാരമായി ഒമാനികൾ വിലയിരുത്തുന്നു. സ്വകാര്യ ചടങ്ങ് എന്നതിലുപരി സാംസ്കാരിക ആഘോഷമാക്കി വിവാഹത്തെ മാറ്റിയെന്ന വരന്റെ തീരുമാനത്തെ സോഷ്യൽമീഡിയ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.