മസ്കത്ത്: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം ശക്തി പ്രാപിച്ചത് റിയാലിന്റെ വിനിമയ നിരക്ക് വർധിക്കാൻ കാരണമാക്കി. വെള്ളിയാഴ്ച വിനിമയ നിരക്ക് ഒരു റിയാലിന് 221.30 രൂപ എന്ന നിരക്കാണ് ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ നൽകിയത്. വ്യാഴാഴ്ച ഇന്ത്യൻ രൂപക്ക് കനത്ത നഷ്ടമാണുണ്ടായത്. വ്യാഴാഴ്ച മാത്രം 0.6 ശതമാനം ഇടിവാണുണ്ടായത്. ഇന്ത്യയിൽനിന്ന് വിദേശ നിക്ഷേപം പുറത്തേക്ക് ഒഴുകാൻ തുടങ്ങിയത് അടക്കമുള്ള കാരണങ്ങളാണ് രൂപയെ പ്രതികൂലമായി ബാധിച്ചത്. അതോടൊപ്പം ചൈനീസ് കറൻസിയായ യുവാൻ ശക്തി പ്രാപിക്കുന്നതോടെ വിദേശ നിക്ഷേപകരുടെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ആറു മാസത്തിനുള്ളിലെ ഏറ്റവും ഉയർന്ന മൂല്യമാണ് യുവനിപ്പോൾ ഉള്ളത്.
എന്നാൽ, അമേരിക്കൻ ഡോളറിന്റെ മൂല്യ തകർച്ച തുടരുകയാണ്. മറ്റു ആറു പ്രധാന കറൻസിയെ അപേക്ഷിച്ച് അമേരിക്കൻ ഡോളറിന്റെ മൂല്യം കാണിക്കുന്ന ഡോളർ ഇന്റക്സ് 99.7 പോയന്റിൽ എത്തി. ഡോളർ ഇന്റക്സിൽ 0.1 ശതമാനം കുറവാണ് കാണിക്കുന്നത്. എന്നാൽ ഭാവിയിൽ അമേരിക്കൻ ഡോളർ നില മെച്ചപ്പെടുത്താനുള്ള സാധ്യതയും സാമ്പത്തിക വിദഗ്ധർ കാണുന്നുണ്ട്. അമേരിക്ക വ്യാപാര യുദ്ധത്തിൽ അയവ് വരുത്തിയതും ചൈനയുമായുള്ള തീരുവയിൽ കുറവ് വരുത്തിയതും അമേരിക്കൻ സാമ്പത്തിക വ്യവസ്ഥക്ക് അനുകൂലമാവുമെന്നാണ് വിദഗ്ധർ കണക്ക് കൂട്ടുന്നത്. ഹൂതികളുമായി കഴിഞ്ഞ ദിവസം ഉണ്ടാക്കിയ കരാറും അമേരിക്കൻ സാമ്പത്തിക വ്യവസ്ഥയെ അനുകൂലമായി ബാധിക്കുമെന്ന് കണക്ക് കൂട്ടുന്നവരുമുണ്ട്. അമേരിക്കൻ ഡോളർ ശക്തി പ്രാപിക്കുകയാണെങ്കിൽ അത് ഇന്ത്യൻ രൂപയെയാണ് പ്രതികൂലമായി ബാധിക്കുക. ഇതോടെ വിനിമയ നിരക്ക് ഇനിയും ഉയരുമെന്നാണ് പറയുന്നത്.
വ്യാഴാഴ്ച ഇന്ത്യൻ രൂപ വൻ തകർച്ച നേരിട്ടിട്ടിരുന്നു. ഇന്ത്യ പാകിസ്താനെ ആക്രമിച്ചതാണ് രുപയുടെ മൂല്യം കുറയാൻ കാരണം. ഇതോടെ രൂപയുടെ മൂല്യം കുറഞ്ഞ് ഒരു ഡോളറിന് 85.71 രൂപ എന്ന നിരക്കിൽ എത്തി. ഒറ്റ ദിവസം കൊണ്ട് വൻ തകർച്ചയാണ് ഇന്ത്യൻ രൂപക്കുണ്ടായത്. 2023 ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് ഇത്രയും വലിയ തകർച്ചയുണ്ടാവുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യൻ രൂപ ശക്തി പ്രാപിച്ച് വരികയായിരുന്നു. ഈ മാസം രണ്ടിന് കാലത്ത് റിയാലിന്റെ വിനിമയ നിരക്ക് 217.35 വരെ കുറഞ്ഞിരുന്നു. എന്നാൽ, വൈകുന്നേരത്തോടെ 218 രൂപയിലെത്തുകയായിരുന്നു. അതിനു ശേഷം വ്യാഴാഴ്ചവരെ ഒരു റിയാലിന് 219 രൂപയിലായി ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ നൽകിയ നിരക്ക്. എന്നാൽ, വ്യാഴാഴ്ച മുതൽ നിരക്ക് ഉയരുകയായിരുന്നു.
അതിനിടെ ഇന്ത്യൻ രൂപ ഇനിയും ദുർബലമാവുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. രൂപയുടെ മൂല്യം ഒരു ഡോളറിന് 86.50 രൂപവരെ എത്താൻ സാധ്യതയുണ്ടെന്നും സാമ്പത്തിക വിദഗ്ദർ അഭിപ്രായപ്പെടുന്നു. അങ്ങനെയാണെങ്കിൽ ഒരു റിയാലിന് 224.65 രൂപയായി വിനിമയ നിരക്ക് ഉയരാനും സാധ്യതയുണ്ട്. എന്നാൽ ആഗോള തലത്തിൽ നടക്കുന്ന സംഭവ വികാസങ്ങൾ ഇന്ത്യൻ രൂപയുടെ മൂല്യത്തെ അനുകൂലമായും പ്രതികൂലമായും ബാധിക്കും. അതിനാൽ രൂപയുടെ മൂല്യം എങ്ങനെയാവുമെന്ന് പ്രവചിക്കാൻ കഴിയാത്ത അവസ്ഥയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.