മസ്കത്ത്: രാജ്യത്തെ ബയോമെട്രിക് ഫിംഗർ പ്രിന്റ് ഡാറ്റാബേസ് സ്ഥാപിക്കുന്നതിനായി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. അടുത്തിടെ പുറത്തിറക്കിയ രാജകീയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇൻസ്പെക്ടർ ജനറലാണ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.
ഇതനുസരിച്ച് ബന്ധപ്പെട്ട അധികൃതർക്ക് ബയോമെട്രിക് ഫിംഗർ പ്രിന്റിന്റെ ഡാറ്റകൾ ഉണ്ടാക്കണം. കുറ്റകൃത്യങ്ങൾ നടന്ന സ്ഥലങ്ങളിൽനിന്ന് തെളിവുകൾ ശേഖരിക്കുക, അജ്ഞാത മൃതദേഹങ്ങൾ തിരിച്ചറിയൽ എന്നിവക്ക് ബയോമെട്രിക് ഫിംഗർ പ്രിന്റുകൾ സഹായകമാവും.
ഇൻസ്പെക്ടർ ജനറലിന്റെയോ അദ്ദേഹത്തിന്റെ പ്രതിനിധിയുടെയോ അനുവാദത്തോടെ അധികമായ വിവരങ്ങൾ ആവശ്യമെങ്കിൽ ശേഖരിക്കുകയും ചെയ്യാവുന്നതാണ്.
ബയോമെട്രിക് ഫിംഗർ പ്രിന്റിങ് വിവരങ്ങൾ എടുത്തശേഷം യാതൊരു മാറ്റവും ഡാറ്റയിൽ വരുത്താൻ പാടില്ല. ഇങ്ങനെ വല്ല മാറ്റവും ആവശ്യമെങ്കിൽ ഡയറക്ടറിൽനിന്ന് രേഖാപരമായ അനുമതി നേടിയിരിക്കണം.
വിവരങ്ങൾ പരിഷ്കരിക്കുന്നത് സംബന്ധമായി അംഗീകാരം നൽകിയ ശേഷം മാത്രമാണ് ഡാറ്റയിൽ മാറ്റം വരുത്താൻ കഴിയുക. ശാസ്ത്രീയ പരിശോധനക്കായി ഉമിനീർ, രക്തം എന്നിവ ശേഖരിക്കണമെങ്കിൽ ഇവയുടെ ഉദ്ദേശം വ്യക്തമാക്കി ഇൻസ്പെക്ടർ ജനറലിന്റെ അംഗീകാരം നേടിയിരിക്കണം.
ഒരാൾക്ക് സ്വമേധയ പരിശോധനക്കായി ബയോമെട്രിക് ഫിംഗർ പ്രിന്റോ മറ്റ് രക്തമടക്കമുള്ള സാമ്പിളുകളോ ഡാറ്റ ബേസ് അടക്കമുള്ള എല്ലാ ആവശ്യങ്ങൾക്കും നൽകാവുന്നതാണ്.
ആരോഗ്യ സ്ഥാപനങ്ങളിലെ ജനനകാര്യത്തിലുള്ള സംശയം, ടെസ്റ്റ് ട്യൂബ് കുട്ടിയിലുള്ള സംശയം, അപകടങ്ങളിലോ ദുരന്തങ്ങളിലോ കുട്ടികൾ നഷ്ടപ്പെടുകയോ കൂടിക്കലരുകയോ ചെയ്യുന്നത് മൂലമുണ്ടാവുന്ന പ്രയാസങ്ങളിൽനിന്ന് കുട്ടികളെ തിരിച്ചറിയാൻ, പ്രായപൂർത്തിയാവാത്തവരെയോ മറ്റ് ദൗർബല്യങ്ങളുള്ളവരുമായി ബന്ധപ്പെട്ട ബലാത്സംഗ കേസുകൾ തെളിയിക്കാൻ, തിരിച്ചറിയാത്ത മൃതശരീരങ്ങൾ കണ്ടെത്തുന്നതടക്കമുളള വിഷയങ്ങളിലാണ് സ്വമേധയ ബയോമെട്രിക് ഫിംഗർ പ്രിന്റുകൾ എടുക്കേണ്ട ആവശ്യകതയുള്ളത്. ഗർഭാവസ്ഥയിലുള്ള കുട്ടികളുടെ ലിംഗം നിർണയിക്കാനും മറ്റും നടത്തുന്ന പരിശോധനകളും നിരോധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.