ബില്‍ അറബ് ബിന്‍ ഹൈതം പുരസ്കാര വിതരണ ചടങ്ങ്
മസ്കത്ത്: വാസ്തുവിദ്യ മേഖലയിൽ കഴിവ് തെളിയിച്ചവർക്ക് നൽകുന്ന ബില്‍ അറബ് ബിന്‍ ഹൈതം പുരസ്കാരത്തിന്റെ രണ്ടാം പതിപ്പിലെ വിജയികളെ പ്രഖ്യാപിച്ചു. ഗുടെക് ഹൽബൻ കാമ്പസിൽ നടന്ന പ്രൗഢമായ ചടങ്ങിൽ സയ്യിദ് ബിൽ അറബ് ബിൻ ഹൈതം അൽ സഈദിന്റെ സാന്നിധ്യത്തിലായിരുന്നു പുരസ്കാര പ്രഖ്യാപനം.
ചടങ്ങില്‍ 2025 ജപ്പാന് എക്സ്പോയിലെ ഒമാന്‍ പവലിയന് രൂപരേഖയും തെരഞ്ഞെടുത്തു. സൂറിലെ കടല്‍ ചരിത്രങ്ങളെ അവതരിപ്പിക്കുന്ന മരിടൈം മ്യൂസിയം ഉള്‍പ്പെടുന്ന രൂപകല്പനക്കാണ് ഒന്നാം സ്ഥാനം. മുഹമ്മദ് സലാഹ് അല്‍ ബലൂശിയാണ് രൂപകല്പന ചെയ്തത്. കഫേകള്‍, റസ്റ്റാറന്റുകള്‍, പാര്‍ക്ക്, ഖോര്‍ അല്‍ ബത്തയെ ബന്ധിപ്പിക്കുന്ന നടപ്പാത തുടങ്ങിയവയ ഉള്‍പ്പെട്ടതാണ് രൂപകല്പന.
അൽ മൊതാസ് അബ്ദുല്ല അൽ നബ്രി രണ്ടാം സ്ഥാനം നേടി. അമ്മാർ സലാഹ് അൽ സലേഹ്, മുഹമ്മദ് ഖോദബക്ഷ് അൽ ബലൂഷി, റൗനഖ് റാഷിദ് അൽ ഇസ്മാലി എന്നിവരടങ്ങുന്ന ടീമിനാണ് മൂന്നാം സ്ഥാനം.
തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ സൂര് വിലായത്തിലെ സമുദ്ര ചരിത്രങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള രൂപകല്പനകളായിരുന്നു മത്സരത്തിന് ക്ഷണിച്ചിരുന്നത്. മികച്ച പ്രതികരണമായിരുന്നു മത്സരത്തിന് കിട്ടിയത്. ആകെ ലഭിച്ച 149 അപേക്ഷകകളിൽനിന്ന് അന്തിമ റൗണ്ടിൽ ആറ് ടീമുകളും നാല് വ്യക്തിഗത ഡിസൈനുകളുമാണ് എത്തിയത്. ഇതില്‍നിന്നാണ് വിജയിയെ തിരഞ്ഞെടുത്തത്.
2025ലെ ജപ്പാൻ എക്സ്പോയിലെ ഒമാന്റെ പവലിയൻ രൂപകല്പന മത്സരത്തിൽ ബയാൻ മുസല്ലം അൽ റമദാനി, അമ്മാർ അബ്ദുൽഹമീദ് അൽ കിയൂമി, നയേറ ഖമീസ് അൽ ഹിനായ് എന്നിവരടങ്ങുന്ന ടീമാണ് വിജയികളായത്. അവസാന റൗണ്ടിലേക്ക് യോഗ്യത നേടിയ പത്ത് പ്രോജക്റ്റുകളുടെ പ്രദർശനവും ചടങ്ങിനോടനുബന്ധിച്ച് നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.