ബൗഷർ-അമീറാത്ത് ചുരം റോഡ്
മസ്കത്ത്: ബൗഷറിനും അമീറാത്തിനും ഇടയില്‍ വരുന്ന തുരങ്കപാതയുടെ നടപടികൾക്ക് ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം തുടക്കം കുറിക്കുന്നു. പദ്ധതിക്കായി ഈ വർഷംതന്നെ ടെൻഡർ ക്ഷണിക്കുമെന്ന് മന്ത്രി എൻജിനീയർ സഈദ് ബിന്‍ ഹമൂദ് ബിന്‍ സഈദ് അല്‍ മവാലി പറഞ്ഞു. മന്ത്രാലയത്തിന്റെ കഴിഞ്ഞ വർഷത്തെ നേട്ടങ്ങളും ഈ വർഷത്തെ പദ്ധതികളെയും കുറിച്ച് മാധ്യമ പ്രവർത്തകർക്ക് മുന്നിൽ വിശദീകരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്.
മസ്കത്ത് സ്ട്രക്ചര്‍ പ്ലാന്‍ പ്രകാരമായിരിക്കും പദ്ധതി ഒരുക്കുക. തുരങ്കപാതക്കായി നേരത്തേതന്നെ പഠനങ്ങൾ നടത്തിയിരുന്നു. സര്‍ക്കാർ-സ്വകാര്യ പങ്കാളിത്തത്തിൽ ഒരുങ്ങുന്ന പദ്ധതിയിൽ മസ്കത്ത് നഗരസഭ, ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം, ധനകാര്യ മന്ത്രാലയം എന്നീ വിഭാഗങ്ങളും പദ്ധതിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും. 2.6 കിലോമീറ്ററായിരിക്കും തുരങ്കപാതയുടെ നീളം. തലസ്ഥാനത്തെ ഗതാഗത കുരുക്കഴിക്കുന്നതിനും പാത ഗുണകരമാകുമെന്നാണ് അധികൃതർ കണക്കു കൂട്ടുന്നത്.
ടണൽ പാത അമീറത്തിന്റെ മുഖച്ഛായ തന്നെ മാറ്റും.വിനോദ സഞ്ചാര വാണിജ്യ മേഖല വളരാനും വഴിയൊരുക്കും. നിലവിലെ റോഡിൽ പൊലീസ് റോന്ത് ചുറ്റൽ വർധിപ്പിക്കണമെന്നും പൊതുജനങ്ങൾ നിർദേശം വെക്കുന്നുണ്ട്. ഒമാനിലെ പ്രധാന ചുരം റോഡായ അമീറാത്ത്- ബൗഷർ റോഡ് ഗതാഗത രംഗത്ത് വൻ കാൽവെപ്പാണ്. ബൗഷർ ഭാഗത്തുനിന്ന് വരുന്നവർക്ക് എളുപ്പത്തിൽ അമീറാത്തിലേക്കും ഖുറിയാത്ത്, സൂർ ഭാഗങ്ങളിലേക്കും എത്തിച്ചേരാൻ റോഡ് സഹായകമായിരുന്നു. ഇത് കാരണം സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ തിരക്ക് കുറക്കാനും സഹായിച്ചിരുന്നു.
എന്നാൽ, ഈ റോഡിൽ നിരവധി അപകടങ്ങളാണ് നടക്കുന്നത്. വാഹനം ഓടിക്കുന്നവരുടെ ചെറിയ അശ്രദ്ധപോലും വൻ ദുരന്തത്തിലേക്ക് നയിക്കാറുണ്ട്. നിരവധി മരണങ്ങൾക്ക് കാരണമായ അപകടങ്ങളും ഇൗ റോഡിൽ നടന്നിട്ടുണ്ട്. അതോടൊപ്പം മഴയും മറ്റ് കാലാവസ്ഥാ പ്രശ്നങ്ങളും ഉണ്ടാവുമ്പോൾ റോഡുമായി ബന്ധപ്പെട്ട മലകൾ ഇടിഞ്ഞ് വീഴുന്ന അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. സുരക്ഷാ പ്രശ്നങ്ങളാൽ റോഡ് നിരവധി തവണ അടച്ചിടുകയും ചെയ്തിരുന്നു. തുരങ്കപാത യാഥാർഥ്യമാകുന്നതോടെ ഇതിനൊക്കെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ വർഷം ചില പ്രധാന റോഡ് പദ്ധതികൾ നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. റായ്സൂത്- മുഗ്സൈൽ റോഡ് ഇരട്ടിപ്പിക്കൽ, ഹൈമ വിലായത്ത് മുതൽ തുംറൈത്ത വിലായത്തുവരെ 400 കിലോമീറ്റർ നീളമുള്ള ആദം-ഹൈമ-തുംറൈത്ത് റോഡിന്റെ ഇരട്ടിപ്പിക്കൽ, അൽ കാമിൽ അൽ വാഫി - ജഅലാൻ ബാനി ബു ഹസ്സൻ - ജഅലാൻ ബാനി ബു അലി റോഡുകളുടെ ഇരട്ടിപ്പിക്കൽ, റുബൂൽ ഖാലി റോഡിന്റെ ഇരട്ടിപ്പിക്കൽ (ആദ്യ ഘട്ടം) എന്നിവ പദ്ധതികളിൽ ഉൾപ്പെടുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.