പ്ലാസ്റ്റിക് സഞ്ചികളുടെ ഇറക്കുമതി നിരോധിക്കുന്നു

മസ്കത്ത്: രാജ്യത്ത് പ്ലാസ്റ്റിക് സഞ്ചികളുടെ ഇറക്കുമതി നിരോധിക്കുന്നു. ഇതു സംബന്ധിച്ച് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. അടുത്തവർഷം ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. തീരുമാനം ലംഘിച്ച് കമ്പനികൾ, സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവ പ്ലാസ്റ്റിക് ബാഗുകൾ ഇറക്കുമതി ചെയ്യുകയാണെങ്കിൽ 1000 റിയാൽ പിഴ ചുമത്തും. ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കുമെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

രാജ്യത്ത് സമ്പൂർണ പ്ലാസ്റ്റിക് സഞ്ചി നിരോധനം നടപ്പാക്കുമെന്ന് ഒമാൻ പരിസ്ഥിതി മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ നിരോധനം നടപ്പാക്കാനുള്ള പദ്ധതികളാണ് ആവിഷ്കരിച്ച് കൊണ്ടിരിക്കുന്നത്. ഒമാൻ പരിസ്ഥിതി അതോറിറ്റിയും വാണിജ്യ വ്യവസായ മന്ത്രാലയവും ഇൻവെസ്റ്റ്മെന്‍റ് പ്രമോഷൻ സമിതിയുമാണ് ഇത് സംബന്ധമായി സഹകരിച്ച് പ്രവർത്തിക്കുന്നത്. ഒമാനിൽ കട്ടി കുറഞ്ഞ പ്ലാസ്റ്റിക് സഞ്ചികളുടെ നിരോധനം കഴിഞ്ഞ വർഷം മുതൽ വിജയകരമായി നടപ്പാക്കിയിരുന്നു.

ഒറ്റ ഉപയോഗ ബാഗുകൾക്കാണ് നിരോധനം ഏർപ്പെടുത്തിയത്. നിലവിൽ രണ്ടും മൂന്നും പ്രാവശ്യം ഉപയോഗിക്കാൻ കഴിയുന്ന ബാഗുകളാണ് മാർക്കറ്റിലുള്ളത്. ഇത് കാരണം നശിപ്പിക്കുന്ന പ്ലാസ്റ്റിക് സഞ്ചികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ വർഷം മാർച്ച് ഒമ്പത് മുതലാണ് ഒമാനിൽ ഒറ്റ ഉപയോഗ പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. കടകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും നീണ്ട സമയപരിധി നൽകിയ ശേഷമായിരുന്നു സർക്കാറിന്‍റെ നീക്കം.

ഇതിന്റെ ഭാഗമായി കടകളിലും സ്ഥാപനങ്ങളിലും കട്ടി കുറഞ്ഞ സഞ്ചികൾക്കാണ് നിരോധനം നിലവിൽ വന്നത്. 50 മൈക്രോണിന് താഴെ വരുന്ന സഞ്ചികൾക്ക് നിരോധനം നിലവിൽ വന്നതോടെ വ്യാപാര സ്ഥാപനങ്ങൾക്ക് നിലവിലെ സഞ്ചികൾ പൂർണമായി മാറ്റേണ്ടി വന്നിരുന്നു. ഇതോടെ ഉപഭോക്താക്കളിൽനിന്ന് വില ഈടാക്കിയാണ് സഞ്ചികൾ നൽകിയിരുന്നത്.

ബഹുഭൂരിപക്ഷം ഹൈപർമാർക്കറ്റുകളും 50 ബൈസ സഞ്ചികൾക്ക് ഈടാക്കിയിരുന്നു. ഇത് കാരണം പ്ലാസ്റ്റിക് സഞ്ചികളുടെ ഉപഭോഗം ഗണ്യമായി കുറഞ്ഞു. എങ്കിലും ഉപഭോക്താക്കൾ സഞ്ചികൾ വില കൊടുത്തു വാങ്ങുന്നതല്ലാതെ തുണി സഞ്ചികളും ചണസഞ്ചികളും അടക്കമുള്ള വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന സഞ്ചികൾ ഉപയോഗിക്കുന്ന സംസ്കാരം നിലവിൽ വന്നിട്ടില്ല. ഇപ്പോൾ വ്യാപാര സ്ഥാപനങ്ങൾക്കിടയിൽ മത്സരം ശക്തമായതോടെ പല സ്ഥാപനങ്ങളും സൗജന്യമായാണ് സഞ്ചികൾ നൽകുന്നത്. 

Tags:    
News Summary - Banning the import of plastic bags

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.