മസ്കത്ത്: നഷ്ടബാല്യത്തിെൻറ കഥ പറയുന്ന 'അവന്തികയുടെ വീട്' സിനിമ സ്കൂളുകളിലും എം.ജിഎം കോളജുകളിലും പ്രദർശിപ്പിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. നവംബർ 22ന് സൈന വിഡിയോയുടെ സൈന പ്ലേ എന്ന ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെയാണ് റിലീസ് ചെയ്തത്. 65 മിനിറ്റ് ദൈർഘ്യമുള്ള സിനിമ എ.ജി.എം എജുക്കേഷനൽ സംരംഭങ്ങളിലാണ് പ്രദർശിപ്പിക്കുകയെന്ന് നിർമാതാക്കളായ ഡോ. ഗീവർഗീസ് യോഹന്നാൻ, ജാബ്സൺ വർഗീസ് എന്നിവർ അറിയിച്ചു. ഒമാനിലെ ഒരു കൂട്ടം കലാകാരൻമാർ ചേർന്ന് പൂർണമായും മസ്കത്തിൽ ചിത്രീകരിച്ചതാണ് സിനിമ. യന്ത്രവത്കൃത ലോകത്ത് സമൂഹ മാധ്യമങ്ങളിൽ ജീവിക്കുന്ന രക്ഷിതാക്കളുടെ ഇടയിൽ ബാല്യം നഷ്ടപ്പെടുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് 'അവന്തികയുടെ വീട്' പറയുന്നത്. എം.ജി.എം പ്രൊഡക്ഷൻസിെൻറ ബാനറിൽ മാധ്യമ പ്രവർത്തകൻ കബീർ യൂസുഫ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം യഥാർഥ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.
സിനിമ-സീരിയൽ നടി പ്രിയ മേനോൻ ഒരു മുഖ്യവേഷത്തിലെത്തുന്ന സിനിമയിൽ, ദിനേശ് എങ്ങൂർ, ശരത് പാലാട്ട് എന്നിവരും മികച്ച വേഷങ്ങൾ ചെയ്തിട്ടുണ്ട്. യുനിസെഫ് പ്രതിനിധിയും പ്രഗല്ഭ മാന്ത്രികനുമായ ഗോപിനാഥ് മുതുകാട് ഈ സിനിമയിൽ അതിഥിവേഷമണിയുന്നു. റീഹത് അൽ സഹ്റ, ലോവെൽ എടത്തിൽ, ഷീന ഹിരൺ, ഡോ. ജെ. രത്നകുമാർ, അനിത രാജൻ, അജയ് രാജ്, ചാന്ദ്നി മനോജ്, പ്രകാശ് വിജയൻ, മീരജ്, സലീഷ്, ജയകുമാർ വള്ളികാവ് എന്നിവരെ കൂടാതെ പാകിസ്താനി നടി അസ്ര അലീം എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ഛായാഗ്രാഹകൻ സത്യദാസ് കിടങ്ങൂർ, ശരത് ദാസ്, ജെസ്വിൻ പാല എന്നിവരാണ് അവന്തികയുടെ വീട് അഭ്രപാളികളിൽ പകർത്തിയിരിക്കുന്നത്.
എഡിറ്റിങ് എം.വി. നിഷാദും സായി ബാലൻ കോഴിക്കോട് പശ്ചാത്തല സംഗീതവും പി.സി. ജാഫർ കളറിങ്ങും നിർവഹിച്ചിരിക്കുന്നു. മഞ്ജു നിഷാദ്, ദീപ്തി രാജേഷ് എന്നിവർ ആലപിച്ച പശ്ചാത്തല ഗാനങ്ങൾ സവിശേഷതയാണ്. സിനിമയിലെ ഓരോ കഥാപാത്രങ്ങളും നമുക്കിടയിൽ തന്നെ ജീവിക്കുന്നവരാണെന്നും വീട്ടിൽ കുഞ്ഞുങ്ങളുള്ള ഓരോ മാതാപിതാക്കളും നിർബന്ധമായും കണ്ടിരിക്കേണ്ടതാണ് അവന്തികയുടെ വീട് എന്നും സംവിധായകൻ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.