മസ്കത്ത്: സുൽത്താനേറ്റിൽ സഹസ്രാബ്ദത്തോളം പഴക്കമുള്ള പുരാതന നഗരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ദാഹിറ ഗവർണറേറ്റിലെ ധങ്ക് വിലായത്തിൽ നടത്തിയ പുരാവസ്തു ഖനനത്തിലാണ് ഇവ കണ്ടെത്തിയിട്ടുള്ളത്. ധങ്കിലെ ഐൻ ബാനി സൈദ പുരാവസ്തു സൈറ്റിൽ പൈതൃക വിനോദസഞ്ചാര മന്ത്രാലയവും വാഴ്സോ സർവകലാശാലയിൽനിന്നുള്ള പോളിഷ് സംഘവുമായിരുന്നു ഖനനം നടത്തിയത്. ബി.സി ഒന്നാം സഹസ്രാബ്ദത്തോളം പഴക്കമുള്ളതാണ് കണ്ടെത്തിയ സ്ഥലമെന്ന് അനുമാനിക്കുന്നു.
കൈകൊണ്ട് നിർമിച്ച് അലങ്കരിച്ച മൺപാത്രങ്ങൾ, ഗോവണി, പാചക സ്റ്റൗ എന്നിവയും കണ്ടെത്തിയവയിൽ ഉൾപ്പെടുന്നുണ്ട്. ഒരു വലിയ നഗരത്തിന്റെ തനിപ്പകർപ്പാണ് കണ്ടെത്തിയിട്ടുള്ളതെന്നും ഇത് അക്കാലത്തെ സാമൂഹിക സാഹചര്യം പ്രതിഫലിപ്പിക്കുന്നുണ്ടെന്നും വാർസോ സർവകലാശാലയിലെ ഡോ. പീറ്റർ ബെലിൻസ്കി പറഞ്ഞു. ഇവിടെ താമസിച്ചിരുന്ന ജനങ്ങൾ ഗ്രാമം വിട്ടുപോകുമ്പോൾ ചെറിയെ മൺപാത്രങ്ങൾ കൂടെ കൊണ്ടുപോയിരുന്നു.
എന്നാൽ, വെള്ളവും ധാന്യവും സംഭരിക്കാൻ ഉപയോഗിക്കുന്ന വലിയ പത്രങ്ങൾ ഇവിടെ തന്നെ ഉപേക്ഷിക്കുകയായിരുന്നു. ഇത്തരത്തിലുള്ളവ ഡസൻ കണക്കിന് കണ്ടെത്തിയിട്ടുണ്ട്. അവർ എങ്ങനെയാണ് ഭക്ഷണം ഉണ്ടാക്കിയതെന്ന് ഞങ്ങൾക്ക് കണ്ടെത്താനായില്ല.പക്ഷേ, അവർ ഭക്ഷണം സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രീതികൾ മനസ്സിലാക്കാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്തുനിന്ന് കണ്ടെത്തിയ വലിയ വീട് ശൈഖിന്റെതാകാൻ സാധ്യതയുണ്ടെന്ന് ഖനന തലവൻ പറഞ്ഞു. അദ്ദേഹത്തെ ശൈഖായി കണക്കാക്കിയിട്ടുണ്ടോ അല്ലെങ്കിൽ മറ്റൊരു പേരുണ്ടോ എന്ന് ഞങ്ങൾക്കറിയില്ല.എന്നാൽ, ഒരു നേതാവോ ഭരണാധികാരിയോ അതിൽ കുടുംബാംഗങ്ങൾക്കൊപ്പം താമസിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പൈതൃക വിനോദസഞ്ചാര മന്ത്രാലയവും വാഴ്സ സർവകലാശാലയിൽനിന്നുള്ള സംഘവും പുതിയ പുരാവസ്തു സൈറ്റിൽ ഗവേഷണത്തിനും പഠനങ്ങൾ നടത്തുന്നതിനുമായി ഖനനം നടത്തിക്കൊണ്ടിരിക്കുകയാണ്.ഈ സ്ഥലത്തിന് ഹജർ പർവതനിരകളിലെ ബാറ്റ്, ബഹ്ലൈയിലെ സലൂട്ട്, സഹമിലെ ദഹ്വ തുടങ്ങിയ പുരാവസ്തു സ്ഥലങ്ങളുമായി ചരിത്രപരമായ ബന്ധമുണ്ടെന്ന് ദാഹിറ ഗവർണറേറ്റിലെ ഹെറിറ്റേജ് ആൻഡ് ടൂറിസം വകുപ്പ് ഡയറക്ടർ അലി ബിൻ ഖമീസ് അൽ-സുദൈരിപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.