ഒമാനിൽനിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാർക്ക് ആശ്വാസം

മസ്കത്ത്: ഒമാനിൽ നിന്നുള്ള എയർഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്ക് സന്തോഷവാർത്ത. ജനുവരി 16 മുതൽ മാര്‍ച്ച് 10 വരെ അധിക ബാഗേജിനുള്ള നിരക്ക് കുറച്ചു. ഈ ദിവസങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് രണ്ടു റിയാലിന് 10 കിലോ അധിക ബാഗേജ് നാട്ടിലേക്ക് കൊണ്ടുപോകാം.

നിലവിലുള്ള 30 കിലോ കൂടാതെയാണ് ഇത്. ജനുവരി 31നകം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ്, മറ്റ് ബുക്കിങ് രീതികൾ എന്നിവയിലൂടെ ടിക്കറ്റെടുക്കുന്നവര്‍ക്ക് ഈ ഓഫര്‍ ലഭിക്കും.

ബഹ്‌റൈന്‍, കുവൈത്ത്, ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രക്കാർക്കും ഈ ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് കിലോ, പത്ത് കിലോ എന്നിങ്ങനെ അധിക ബാഗേജുകള്‍ ബുക്ക് ചെയ്യാം.

ബഹ്‌റൈന്‍ (രണ്ട് ദീനാർ), കുവൈത്ത് (രണ്ട് ദീനാർ), ഖത്തര്‍ (ഒരു റിയാൽ), സൗദി അറേബ്യ (രണ്ട് റിയാൽ), യു.എ.ഇ (രണ്ട് ദിർഹം) എന്നിങ്ങനെയാണ് നിരക്ക്. എക്‌സ്പ്രസ് വാല്യൂ, എക്‌സ്പ്രസ് ലൈറ്റ്, എക്‌സ്പ്രസ് ഫ്‌ളെക്‌സ്, എക്‌സ്പ്രസ് ബിസ് തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഈ ഓഫര്‍ ലഭ്യമാണ്.

നിലവില്‍ ഈ സെക്ടറുകളില്‍ എക്‌സ്പ്രസ് ലൈറ്റ് ഒഴികെയുള്ള മറ്റെല്ലാ വിഭാഗങ്ങളിലും 30 കിലോ ചെക്ക് ഇന്‍ ബാഗേജാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അനുവദിക്കുന്നത്. 10 കിലോ അധിക ബാഗേജ് കൂടി ഓഫര്‍ നിരക്കില്‍ ലഭിക്കുന്നതോടെ നാട്ടിലേക്കുള്ള യാത്രകളില്‍ 40 കിലോ വരെ ചെക്ക്-ഇന്‍ ബാഗേജ് കൊണ്ടു പോകാം.

മസ്കത്തിന് പുറമെ, സലാലയിൽനിന്നുമുള്ള യത്രക്കാർക്കും ഈ ഇളവ് ഉപയോഗപ്പെടുത്താനാവും. സലാലയിൽനിന്ന് കേരളത്തിലേക്കുള്ള എയർ ഇന്ത്യ എക്‌സ്‌ പ്രസ്‌ സർവിസുകൾ മാർച്ച്‌ ഒന്നു മുതലാണ് പുനരാരംഭിക്കുന്നത്. പുതുക്കിയ ഷെഡ്യൂൾ പ്രകാരം, കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും ആഴ്‌ചയിൽ രണ്ട്‌ സർവിസുകളാണുള്ളത്‌. മാർച്ച്‌ ഒന്നു മുതൽ കൊച്ചിയിലേക്ക്‌ വ്യഴം, ഞായർ ദിവസങ്ങളിലാണ് സലാലയിൽ നിന്ന് സർവിസ്‌. മാർച്ച്‌ മൂന്ന് മുതൽ കോഴിക്കോട്‌ നിന്ന് 10.50 ന് സലാലയിലേക്കും 2.20 ന് സലാലയിൽ നിന്ന് കോഴിക്കോട്ടേക്കുമാണ് സർവിസ്‌.

മാര്‍ച്ച് 10 വരെ യുള്ള സർവിസുകൾക്കാണ് നിലവിൽ രണ്ടു റിയാലിന് പത്ത് കിലോ അധിക ബാഗേജ് എന്ന ഓഫർ എയർഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചിട്ടുള്ളത്.

അതേസമയം, സലാലയിൽനിന്ന് കണ്ണൂരിലേക്കും തിരുവനന്തപുരത്തേക്കുമുള്ള സർവിസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. ഈ റൂട്ടുകളിൽ എയർ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിക്കമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് മുഖ്യമന്ത്രിക്കും എം.പി മാർക്കും കേന്ദ്ര വ്യോമയാന മന്ത്രിക്കും നിവേദനങ്ങൾ നൽകിയിരുന്നു.

Tags:    
News Summary - Air India Express discounted prices for excess baggage from Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.