മസ്കത്ത്: രാജ്യത്ത് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്റ്സ് (എ.ഐ) മേഖലയില്‍ തട്ടിപ്പുകള്‍ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കമെന്ന് അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. സാങ്കേതികവിദ്യയിലെ പുരോഗതിയുടെ അടിസ്ഥാനത്തില്‍ കുറ്റവാളികള്‍ കൂടുതല്‍ സങ്കീര്‍ണമായ തന്ത്രങ്ങളാണ് പ്രയോഗിച്ചുവരുന്നത്. വ്യാജ ഡീലീകൾ വാഗ്ദാനം ചെയ്ത് ബങ്കിങ് വിശദാംശങ്ങള്‍ ആവശ്യപ്പെട്ടുള്ള തട്ടിപ്പുകളിൽ ഇപ്പോഴും വീണുപോകുന്നവരുണ്ടെന്ന് റോയല്‍ ഒമാന്‍ പൊലീസിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് എന്‍ക്വയറീസ് ആൻഡ് ക്രിമിനല്‍ സെര്‍ച്ചിലെ അസിസ്റ്റന്റ് ഡയറക്ടര്‍ മേജര്‍ ഖാലിദ് മുഹമ്മദ് അല്‍ റവാഹി പറഞ്ഞു. വാങ്ങലും വില്പനയും സുഗമമാക്കുമെന്ന് അവകാശപ്പെടുന്ന ലൈസന്‍സില്ലാത്ത വെബ്സൈറ്റുകള്‍ വഴിയാണ് ഈ തട്ടിപ്പുകളില്‍ പലതും പ്രോത്സാഹിപ്പിക്കപ്പെടുന്നതെന്നും അദ്ദേഹം ഒമാന്‍ ടി.വിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
സാങ്കേതികവിദ്യക്കൊപ്പം പദ്ധതികള്‍ വികസിക്കുന്നതിനനുസരിച്ച് തട്ടിപ്പ് കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് സീനിയര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അബ്ദുൽ മജീദ് ബിന്‍ അബ്ദുല്ല അല്‍ മസ്രൂയി പറഞ്ഞു. 2022ല്‍ 2378 കേസുകളും 2023 ല്‍ 3163 കേസുകളും 2024ല്‍ 5311 കേസുകളും രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ആകെ 10,852 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും അദ്ദേഹം ഒരു റേഡിയോ അഭിമുഖത്തില്‍ പറഞ്ഞു.
വ്യാജ ഓണ്‍ലൈന്‍ അക്കൗണ്ടുകളും വെബ്സൈറ്റുകളും ചാരിറ്റബിള്‍ സംഘടനകളായി വേഷമിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചില അക്കൗണ്ടുകള്‍ വിദേശത്തുള്ള പ്രത്യേക ആവശ്യങ്ങള്‍ക്കോ വ്യക്തികള്‍ക്കോ വേണ്ടി സംഭാവനകള്‍ ശേഖരിക്കുന്നതായി അവകാശപ്പെടുന്നു. എന്നിരുന്നാലും, ഈ ഫണ്ടുകള്‍ ഒരിക്കലും ആവശ്യമുള്ളവരിലേക്ക് എത്തുന്നില്ലെന്നും പകരം വ്യക്തിഗത ഉപയോഗത്തിനായി വഴിതിരിച്ചുവിടുന്നുവെന്നും അന്വേഷണങ്ങള്‍ വെളിപ്പെടുത്തുന്നു.
അത്തരം തട്ടിപ്പുകള്‍ ദശലക്ഷക്കണക്കിന് റിയാലുകള്‍ തട്ടിയെടുത്തിട്ടുണ്ട്. ഫണ്ടുകള്‍ ഉദ്ദേശിച്ച ഗുണഭോക്താക്കളിലേക്ക് എത്തുന്നെന്ന് ഉറപ്പാക്കാന്‍ അംഗീകൃത ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍ വഴി മാത്രം സംഭാവന നല്‍കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ഥിക്കുകയാണെന്ന് മസ്രൂയി പറഞ്ഞു.
കുറഞ്ഞ വിലക്ക് ഫാമുകളും അപ്പാര്‍ട്ടുമെന്റുകളും ഉള്‍പ്പെടെയുള്ള റിയല്‍ എസ്റ്റേറ്റ് പ്രോജക്റ്റുകള്‍ക്കായുള്ള യാഥാർഥ്യബോധമില്ലാത്ത സോഷ്യല്‍ മീഡിയ പരസ്യങ്ങളില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. അത്തരം ഓഫറുകളിലേക്ക് ചാടിപ്പുറപ്പെടുന്നതിനുമുമ്പ് അവയുടെ നിയമസാധുത പരിശോധിക്കണം. അങ്ങനെ ചെയ്യുന്നതില്‍ പരാജയപ്പെടുന്നത് വ്യക്തികളെ ഗണ്യമായ സാമ്പത്തികനഷ്ടത്തിലേക്ക് നയിച്ചേക്കാമെന്നും മേജര്‍ ഖാലിദ് മുഹമ്മദ് അല്‍ റവാഹി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.