ദാന റാസിഖ്
മസ്കത്ത്: സംഗീത മേഖലയിൽ കഴിവ് പ്രകടിപ്പിക്കുന്നവരെ പ്രേക്ഷകർ ഇരുകൈയും നിട്ടി സ്വീകരിക്കുന്ന പ്രവണതയാണ് ഇപ്പോഴുള്ളതെന്നും അതിനാൽ കഴിവുള്ള കലകാരന്മാർക്ക് സമൂഹ മാധ്യമങ്ങളിലൂടെ നല്ല അവസരങ്ങൾ ലഭിക്കുന്നതായും പാട്ടുകാരി ദാനാ റാസിഖ്.
‘മീ ഫ്രണ്ട്’ സംഘടിപ്പിച്ച ദംദം ബിരിയാണി ഫെസ്റ്റിൽ പങ്കെടുക്കാൻ എത്തിയ അവർ,ഗൾഫ് മാധ്യമ,വുമായി സംസാരിക്കുകയായിരുന്നു.കഴിവ് തെളിയിക്കാൻ കഠിനാധ്വാനവും അവതരണ പുതുമയും ആവശ്യമാണ്. ഒരുകാലത്ത് പാട്ട് മേഖലയിൽ ശ്രദ്ധിക്കപ്പെടണമെങ്കിൽ സിനിമയിൽ പാടണമായിരുന്നു. സിനിമയിൽ പാടി തിളങ്ങുന്നവർക്കാണ് അവസരങ്ങൾ ഉണ്ടായിരുന്നത്. എന്നാൽ, ഇപ്പോൾ നല്ല സൃഷ്ടികൾ പുതുമയോടെയും വൈവിധ്യത്തോടെ ഭംഗിയായി അവതരിപ്പിച്ചാലും ശ്രദ്ധിക്കപ്പെടും. നല്ല പാട്ടുകളും സൃഷ്ടികളും സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുന്ന കാലമാണിത്. എന്നാൽ സിനിമയിൽ പാടുന്നത് ഇപ്പോഴും പാട്ടുകാരന് മൈലേജുണ്ടാക്കുമെന്നത് സത്യമാണ്. ഹലാൽ ലവ് സ്റ്റോറിയിൽ പാടിയ ‘സുന്ദരനായവനെ’ എന്ന പാട്ടിന്റെ ടൈറ്റിൽ സോങിന് ആദ്യം 100 ആസ്വാദകർ മാത്രമാണ് ഉണ്ടായിരുന്നത്. സിനിമയിൽ എത്തിയതോടെ അതിന് ഒരു കോടിയിയിലേറെ ആസ്വദകരെ ലഭിച്ചതായും ദാന പറഞ്ഞു.
എന്നാൽ സിനിമയിൽ അവസരങ്ങൾ ലഭിക്കാൻ മാത്രം കാത്തിരുന്ന് മറ്റൊന്നും ചെയ്യാതിരിക്കുന്നവർ നിരാശപ്പെടേണ്ടി വരുമെന്നും അവർ ഓർമിപ്പിച്ചു. സ്വതന്ത്രമായ മ്യൂസിക് മലയാളത്തിൽ ഹിറ്റാവുന്ന പ്രവണതയാണ് ഇപ്പോഴുള്ളത്. ഇങ്ങനെ നല്ല സൃഷ്ടികൾ ഇറക്കുന്നവർ ശ്രദ്ധിക്കപ്പെടുന്നുമുണ്ട്. ഇങ്ങനെ കഴിവ് തെളിയിച്ചവർക്ക് സിനിമയിലും മറ്റും അവസരങ്ങളും ലഭിക്കുന്നുണ്ട്. തങ്ങൾ സ്വതന്ത്രമായി ഒരു കവാലി അടക്കം മൂന്ന് പാട്ടുകൾ പുറത്തിറക്കിയതായും മൂന്ന് മാസം മുമ്പിറക്കിയ കവാലിക്ക് ഒരു ദശലക്ഷം ആസ്വാദകരെ കിട്ടിയതായും ദാന പറഞ്ഞു.
കലാകാരൻമാർ സാമൂഹിക പ്രതിബദ്ധത ഉള്ളവരാവണം. അവരും സമൂഹത്തിന്റെ ഭാഗമാണ്. അവരുടെ നിലപാടുകൾക്ക് സമൂഹത്തെ സ്വാധീനിക്കാൻ കഴിയും. സാമൂഹിക, സമകാലിക പ്രശ്നങ്ങളിൽ തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കണം . സാമൂഹിക വിഷയങ്ങളിൽ നിസ്സംഗത പാലിക്കുന്നത് ഒളിച്ചോട്ടമാണ്. സാമൂഹിക പ്രശ്നങ്ങളിൽ പ്രതികരിച്ചാൽ അവസരങ്ങൾ നഷ്ടപ്പെടുമെന്ന് കരുതരുത്. സ്വന്തമായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചാൽ തങ്ങൾ അകറ്റപ്പെടുമെന്ന് പേടിച്ചാണ് പലരും സാമൂഹിക വിഷയങ്ങളിൽ ഇടപെടാത്തത്. അഭിപ്രായവും ഐഡിയോളജിയും നോക്കി കലാകരന് വിലയിടാൻ പാടില്ല. കലാകാരന്റെ കഴിവും കലാമേൻമയും പരിഗണിച്ചാണ് അംഗീകാരം നൽകേണ്ടത്. ഒരു നല്ല സിനിമ ഇറങ്ങിയാൽ അത് ചെയ്തവന്റെ ഐഡിയോളജി നോക്കി സ്വീകരിക്കുന്ന അവസ്ഥ മാറണം. കലാകാരന്മാർക്ക് ഐഡിയോളജിയിൽ വിശ്വസിക്കാനും അഭിപ്രായം പറയാനും അവകാശമുണ്ട്. ഇതിന്റെ പേരിൽ കലാകാരമാരെ മാറ്റി നിർത്തുന്ന സാമുഹിക രീതിയാണ് മാറേണ്ടതെന്നും ദാന പറഞ്ഞു.
എന്നാൽ ഈ രീതിക്ക് മാറ്റം വന്ന് തുടങ്ങിയെന്നത് സന്തോഷകരമാണ്. ഗസ്സ വിഷയത്തിൽ നിരവധി പ്രമുഖ കലാകാരന്മാർ തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിരുന്നു. ഇത് സാമൂഹിക മാറ്റത്തിന്റെ ലക്ഷണമാണ്. ഇനിയും മാറ്റങ്ങൾ ആവശ്യമാണ്. ഗസ്സ വിഷയത്തിൽ താനും സഹോദരിയും കുടി ഇറക്കിയ ‘ഇഖ്ബാദൽ സെ ... എന്ന് തുടങ്ങുന്ന പാട്ടിന് വൻ സ്വീകാര്യത ലഭിച്ചത് ഏറെ സന്തോഷം പകരുന്നതാെണന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.