മലയാളികളടങ്ങുന്ന ഹജ്ജ് സംഘത്തിന് മസ്കത്തിൽ യാത്രയയപ്പ് നൽകി

മസ്കത്ത്: മസ്കത്തിൽനിന്ന് പരിശുദ്ധ ഹജ്ജ് കർമത്തിന് പുറപ്പെടുന്ന മലയാളികളടങ്ങുന്ന ഇന്ത്യൻ തീർഥാടകർക്ക് മസ്കത്ത് സുന്നി സെന്ററിന്റെ ആഭിമുഖ്യത്തിൽ റൂവി സുൽത്താൻ ഖാബൂസ് മസ്ജിദ് പരിസരത്തു ഹൃദയസ്പർശിയായ യാത്രയപ്പ് നൽകി. ഇന്ത്യക്കാരായ 86 ഹാജിമാരാണ് മക്കയിലേക്ക് പുറപ്പെട്ടത്‌.

ഇതിൽ 39 പുരുഷന്മാരും, 27 സ്ത്രീകളും ഉൾപ്പടെ 66 പേര് മലയാളികളാണ്. 20 പേർ ഇതര സംസ്ഥാനക്കാരും. തീർഥാടകരുടെ ബന്ധുക്കളും സുഹൃത്തുക്കളുമടക്കമുള്ളവർ യാത്രയയപ്പ് ചടങ്ങിനെത്തിയിരുന്നു. മസ്കത്ത് സുന്നി സെന്റർ പ്രസിഡന്റ് അൻവർ ഹാജി, അസീസ് ഹാജി കുഞ്ഞിപ്പള്ളി, മുസ്തഫ ഹാജി മട്ടന്നൂർ, ഹാഷിം ഫൈസി, ഫസൽ റഹ്മാൻ ദാരിമി, ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം കൺവീനർ താജുദ്ദീൻ കെ.എ., മീഡിയ വൺ റസിഡന്റ് മാനേജർ ഷക്കീൽ ഹസ്സൻ, അൽ ബാജ് ബുക്ക്സ് മാനേജർ ഷൗക്കത്ത് എന്നിവർ ഹാജിമാർക്ക് ആശംസ നേരാനെത്തി.

ശൈഖ് അബ്ദുറഹ്മാൻ മൗലവി പ്രാർഥന നിർവഹിച്ചു. പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കാൻ അവസരം ലഭിച്ചതിനു സർവശക്തനെ സ്തുതിക്കാനും, അതോടൊപ്പം ലോകത്തെമ്പാടും സമാധാനം പുലരാനുള്ള പ്രാർഥനകളിൽ ഇനിയുള്ള നാളുകളിൽ സജീവമാകാനും ഷക്കീർ ഫൈസി ആമുഖ പ്രഭാഷണത്തിൽ പറഞ്ഞു.

കണ്ണുനിറഞ്ഞ പ്രാർഥനകളോടെയും അതിരറ്റ സ്നേഹവായ്പുകളോടെയും സുഹൃത്തുക്കളും, കുടുംബാംഗങ്ങളും ഹാജിമാരെ യാത്രയാക്കി. വൈകീട്ട് മൂന്നിന് മസ്കത്ത് അന്തർദേശീയ വിമാനത്താവളത്തിൽ നിന്നും ഹാജിമാർ മദീനയിലേക്ക് പുറപ്പെട്ടു. നേരത്തെ സുന്നി സെന്ററിന്റെ ആഭിമുഖ്യത്തിൽ 86 ഹാജിമാർക്കും അഞ്ചു ദിവസങ്ങളിലായി ഹജ്ജ് പഠന ക്ലാസും, ക്യാമ്പും സംഘടിപ്പിച്ചിരുന്നു.

പരിശുദ്ധ ഹജ്ജ് കർമ്മം പൂർത്തിയാക്കി ജൂൺ ഒന്നിന് ഹാജിമാർ മസ്കത്തിൽ തിരിച്ചെത്തും. ഇത്തവണ 14000 പേർക്കാണ് ഒമാനിൽ നിന്ന് ഹജ്ജ് തീർഥാടനത്തിന് അവസരം ലഭിച്ചത്. ഇതിൽ 220 വിദേശ അറബ് വംശജരും, ഇന്ത്യക്കാരുൾപ്പടെയുള്ള 220 മറ്റു വിദേശികൾക്കും അവസരം ലഭിച്ചു. ബാക്കിയുള്ള 13560 പേർ ഹജ്ജ് മിഷൻ അംഗങ്ങൾ ഉൾപ്പടെയുള്ള സ്വദേശികളാണ്. ആകെ ലഭിച്ച 42000 അപേക്ഷകരിൽ നിന്നാണ് 14000 പേർക്ക് അവസരം ലഭിച്ചത്.

Tags:    
News Summary - A farewell was given in Muscat to a Hajj delegation including Keralites

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.