ദോഫാറിൽ കണ്ടെത്തിയ ഗുഹയുടെ ദൃശ്യങ്ങൾ
മസ്കത്ത്: ദോഫാറിലെ ജബൽ സംഹാനിൽ 120 മീറ്റർ ആഴമുള്ള ഗുഹ കണ്ടെത്തി. അഞ്ച് വർഷം രൂപവത്കരിച്ച ഒമാനി കേവ് എക്സ്പ്ലൊറേഷൻ ടീമാണ് പുതിയ ഗുഹ കണ്ടെത്തിയത്. അഞ്ചുവർഷം കൊണ്ട് നൂറിലധികം ഗുഹകളാണ് ടീം കണ്ടെത്തിയത്. ദോഫാറിലെ പ്രധാന പർവത നിരകളിലൊന്നാണ് ജബൽ സംഹാൻ. ഇതിൽ ഏറ്റവും ഉയർന്നത് സമുദ്രനിരപ്പിൽനിന്ന് 2,100 മീറ്റർ ഉയരത്തിലാണ്. വിവിധ ഉയരത്തിലും നീളത്തിലുമുള്ള പർവതനിരകളാണ് ജബൽസംഹാനിലുള്ളത്. ചില ഭാഗങ്ങളിൽ പർവതത്തിൽ നിന്നും ആയിരക്കണക്കിന് അടി താഴത്താണ് തറനിരപ്പുള്ളത്.
പുതുതായി കണ്ടെത്തിയ ഗുഹ ഏറെ സവിശേഷമാണെന്ന് ടീം അംഗവും ജിയോളജിസ്റ്റുമായ മുഹമ്മദ് അൽ കിന്തി പറഞ്ഞു. ഗുഹക്ക് അടിയിൽ തെളിനീർ നിറഞ്ഞ കുളമുണ്ട്. ഗുഹയിൽ പാറകൾ രൂപപ്പെട്ടിരിക്കുന്നത് ഏറെ മനോഹരമാണ്.
എന്നാൽ ഗുഹയിൽ ഇറങ്ങുകയെന്നത് ഏറെ അപകടം പിടിച്ചതും സാഹസികവുമാണ്. വിവിധ രൂപത്തിലുള്ള ചരിവുകൾ ഉള്ളതിനാലും വിവിധ ഭാഗങ്ങളിലെ പ്രതലങ്ങളിൽ വഴുക്കൽ ഉള്ളതിനാലും ഏറെ ശ്രദ്ധ വേണം. താെഴ പോകുന്തോറും അപകടസാധ്യത കൂടുതലാണ്. കയർ ഉപയോഗിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. മൂങ്ങ അടക്കമുള്ള നിരവധി ജീവികളുടെ വാസകേന്ദ്രം കൂടിയാണ് ഇവിടം. ഗുഹകളുടെ അറകളിൽ വവ്വാലുകളും ഉണ്ട്. ഗുഹക്കുള്ളിലെ തടാകത്തിൽ നീന്തിക്കളിക്കാനും കഴിയും.
ജിയോളജിക്കൽ മാപ്പ് ഉപയോഗിച്ചാണ് ഗുഹകൾ കണ്ടെത്തുന്നതെന്ന് കിന്തി പറഞ്ഞു. ഗുഹകളുടെ കാലപ്പഴക്കം കണ്ടെത്താൻ ടീമിന് കഴിയും. എല്ലാം ശാസ്ത്രീയ രീതിയിലാണ് കണ്ടെത്തുന്നത്. ഒമാനിലെ ഗുഹകളുടെ ഗേവഷണവുമായി ബന്ധപ്പെട്ട പുസ്തകം പുറത്തിറക്കാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഒമാനിലെ വിവിധ ഗവർണറേറ്റുകളിലായി 101 ഗുഹകൾ കണ്ടെത്തിയിട്ടുണ്ട്. ഇവ സംബന്ധമായ വിവരങ്ങൾ പുസ്തക രൂപത്തിലാക്കാനാണ് പദ്ധതി. പുസ്തകത്തിൽ പുതിയ കണ്ടെത്തലുകളും ചേർക്കും. പുസ്തകം അറബിയിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിക്കും.
ഇത് ഗുഹാ സാഹസികരെ ആകർഷിക്കാൻ സഹായകമാവും. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ഗുഹാ സാഹസിക ടൂറിസം വലിയ വ്യവസായമാണെന്നും അൽ കിന്തി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.