ഇറാനിൽനിന്നെത്തിയവർക്ക് നൽകിയ സ്വീകരണം
മസ്കത്ത്: മേഖലയിൽ സംഘർഷം വ്യാപിക്കുന്നതിനിടെ ഇറാനിൽനിന്ന് 470 ലധികപേർ സുരക്ഷിതമായി ഒമാനിലെത്തി. ഒഴിപ്പിക്കുന്നതിന്റെ നാലാം ഘട്ടത്തിന്റെ ഭാഗമായി 294 ഒമാനികളെയും വിദേശ പൗരന്മാരെയും സുരക്ഷിതമായി തിരിച്ചെത്തിച്ചത്. തുർക്കിയ വഴിയാണ് ഇവരെ കൊണ്ടുവന്നത്. മസ്കത്ത് വിമാനത്താവളത്തിൽ എത്തിയ സംഘത്തിന് ഊഷ്മള വരവേൽപ്പാണ് ബന്ധുക്കളും മറ്റ് അധികൃതരും നൽകിയത്.
പ്രശ്ന ബാധിത പ്രദേശങ്ങളിൽനിന്ന് ഒമാനികളെയും മറ്റുള്ളവരെയും സുരക്ഷിതമായി തിരിച്ചെത്തിക്കുന്നത് ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള സുൽത്താനേറ്റിന്റെ തന്ത്രപരമായ ഒഴിപ്പിക്കൽ പദ്ധതിയിലെ മറ്റൊരു ഏകോപിത നാഴികക്കല്ലാണ് തുർക്കിയ വഴി ആളുകളെ എത്തിച്ചത്. മുൻപ് നടത്തിയ മൂന്ന് ഘട്ടത്തിന്റെയും തുടർച്ചയാണിതെന്നും യാത്ര നടപടികൾ സുഗമമാക്കാൻ തുർക്കിയ അധികൃതർ നടത്തിയ ഏകോപനത്തെ പ്രശംസിക്കുകയാണെന്നും ഒമാൻ വ്യക്തമാക്കി. അഞ്ചാം ഘട്ടത്തിന്റെ ഭാഗമായി ഇറാനിയൻ നഗരമായ മഷാദിൽനിന്ന് 181 ഒമാനി പൗരന്മാരെയും മറ്റ് വിദേശികളെയും മസ്കത്തിൽ എത്തിച്ചു.
തുർക്മെനിസ്താൻ വഴിയാണ് സംഘം മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്.
പ്രാദേശിക സംഘർഷങ്ങളുടേയും അനിശ്ചിതത്വത്തിന്റെയും സമയത്ത് പൗരന്മാരെ പിന്തുണക്കുന്നതിനുള്ള ഒമാന്റെ വിശാലമായ പദ്ധതിയുടെ ഭാഗമാണ് ഈ ഒഴിപ്പിക്കലുകൾ. എല്ലാ യാത്രക്കാരുടെയും സുരക്ഷിതമായ ഗതാഗതവും സുഗമമായ വരവും ഉറപ്പാക്കാൻ അധികാരികളുമായി വിദേശകാര്യ മന്ത്രാലയം അടുത്ത് ചേർന്ന് പ്രവർത്തിച്ച് വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.