അലോക്വയർ കോട്ട
മസ്കത്ത്: 500വർഷം പഴക്കമുള്ള കോട്ട സംരക്ഷിക്കാൻ ഗ്രാമവാസികൾ കൈകോർക്കുന്നു. ദാഖിലിയ ഗവർണറേറ്റിലെ ബഹ്ല വിലായത്തിലെ അലോക്വയറിലെ 300ലധികം സന്നദ്ധപ്രവർത്തകരാണ് പ്രദേശത്തെ ചരിത്ര പ്രാധാന്യമുള്ള കോട്ട സംരക്ഷിക്കാനായി മുന്നോട്ടുവന്നിരിക്കുന്നത്. മണ്ണുകൊണ്ട് നിർമിച്ച കോട്ടയുടെ മേൽക്കൂര തകർന്നുകിടക്കുകയാണ്. ഇതിെൻറ സംരക്ഷണത്തെ പറ്റിയുള്ള ആലോചനയിൽനിന്നാണ് ഒറ്റക്കെട്ടായി ഇവർ രംഗത്തെത്തിയത്. ജനുവരി എട്ടിനാണ് പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. പിന്നീട്പൈതൃക-ടൂറിസം മന്ത്രാലയത്തിലെ വിദഗ്ധർ കോട്ട സന്ദർശിക്കുകയും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി കൃത്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു. അലോക്വയർ ഗ്രാമം അതിെൻറ ചരിത്രത്തിനും പൈതൃകത്തിനും പേരുകേട്ടതാണെന്ന് സന്നദ്ധപ്രവർത്തകരിൽ ഒരാളായ അബ്ദുല്ല അൽ മാനി പറഞ്ഞു. ഈ കോട്ട കൂടാതെ മറ്റ് ചരിത്ര അടയാളങ്ങളും ഇവിടെയുണ്ട്.
പഴയ ഒമാനി വാസ്തുവിദ്യാ ശൈലിയിൽ കളിമണ്ണുകൊണ്ട് നിർമിച്ച നിരവധി വീടുകൾ ഈ ഗ്രാമത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. അലോക്വയറിലെ വീടുകൾ, പൊതു മജ്ലിസുകൾ, ചന്തകൾ തുടങ്ങിയ ചരിത്രപരമായ നിർമിതികൾ പുനഃസ്ഥാപിക്കുക, ഗ്രാമത്തിലെ ഒരു ഫലജ് വൃത്തിയാക്കൽ, അലോക്വയർ കോട്ടയുടെ പുനരുദ്ധാരണത്തിന് ഫണ്ട് കണ്ടെത്തൽ എന്നിവയും ഗ്രാമീണരുടെ പദ്ധതിയിൽ ഉൾപ്പെടുന്നതാണ്. കോട്ടയുടെ പുനരുദ്ധാരണത്തോടെ പ്രദേശത്തിെൻറ ചരിത്രവും വാസ്തുവിദ്യാശൈലിയും കാണാൻ സന്ദർശകർ എത്തുന്ന മേഖലയായി ഇത് മാറുമെന്നാണ് ഗ്രാമീണർ പ്രതീക്ഷിക്കുന്നത്. ഗ്രാമവാസികൾക്ക് പിന്തുണയുമായി ബഹ്ല മുനിസിപ്പാലിറ്റിയും പൈത്രക വിനോദസഞ്ചാര മന്ത്രാലയവും കൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.