20 രാജ്യങ്ങളുടെ ഫ്യൂഷന്‍ സംഗീതം കോര്‍ത്തിണക്കാന്‍ വയലിന്‍ മാന്ത്രികന്‍ അസീര്‍

മസ്കത്ത്: ലോക സമാധാനത്തിന് സംഗീതം എന്ന പേരില്‍ 20 രാജ്യങ്ങളുടെ സംഗീതം കോര്‍ത്തിണക്കി സംഗീത വിരുന്നൊരുക്കാനുള്ള തിരക്കിലാണ് വയലിനില്‍ മാന്ത്രിക സംഗീതമൊരുക്കുന്ന പെരുമ്പാവൂര്‍ സ്വദേശി അസീര്‍ മുഹമ്മദ്. മലയാളത്തില്‍ ആദ്യമായി ഒരുക്കുന്ന ഈ വയലിന്‍ സംഗീത ചങ്ങല അരങ്ങിലത്തൊന്‍ ഒന്നര വര്‍ഷമെങ്കിലും എടുക്കുമെന്ന് അസീര്‍ പറഞ്ഞു. ഈ വന്‍ പദ്ധതിയിലേക്കിറങ്ങിയപ്പോഴാണ് വെല്ലുവിളികള്‍ മനസ്സിലാക്കാന്‍  കഴിഞ്ഞത്. പല രാജ്യങ്ങളുടെയും സംഗീതം അടുത്തറിയാന്‍ ഏറെ പ്രയാസമുണ്ട്. ചൈന അടക്കമുള്ള രാജ്യങ്ങളുടെ സംഗീതം ഇന്ത്യന്‍ സംഗീതത്തില്‍നിന്ന് ഏറെ വ്യത്യസ്തമാണ്. എന്നാല്‍, എല്ലാ വെല്ലുവിളികളും മറികടന്ന് പദ്ധതി പൂര്‍ത്തിയാക്കുമെന്ന് കാന്‍റിനി വയലിന്‍ ബ്രാന്‍ഡില്‍ ഇടം നേടിയ രണ്ടാമത്തെ ഇന്ത്യക്കാരനായ അസീര്‍ മുഹമ്മദ് ‘ഗള്‍ഫ് മാധ്യമ’ ത്തോട് പറഞ്ഞു. 
ലോക പ്രശസ്ത  വയലിന്‍ ബ്രാന്‍ഡാണ് കാന്‍റിനി വയലിന്‍. വയലിന്‍ ബ്രാന്‍ഡിന്‍െറ പ്രൊമോഷനായി തങ്ങളുടെ വെബ്സൈറ്റില്‍ അന്താരാഷ്ട്ര നിലവാരമുള്ള വയലിന്‍ വിദഗ്ധരുടെ പ്രകടനത്തിന്‍െറ വിഡിയോ ഇവര്‍ ഉള്‍പ്പെടുത്താറുണ്ട്. ഇതിലാണ് അസീറിന്‍െറ ഫ്യൂഷന്‍ വിഡിയോ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയില്‍നിന്ന് ബാല ഭാസ്കര്‍ മാത്രമാണ് നിലവില്‍ ഇതില്‍ ഉള്‍പ്പെട്ടിരുന്നത്. ഏതു വയലിനിസ്റ്റും കൊതിക്കുന്ന ആ അപൂര്‍വ സൗഭാഗ്യം തേടിയത്തെിയതിന്‍െറ ത്രില്ലിലാണിപ്പോള്‍ അസീര്‍. ദുബൈയില്‍ അവതരിപ്പിച്ച ഒരു പരിപാടി അടുത്ത സുഹൃത്തും വഴികാട്ടിയുമായ യൂസുഫാണ് കാന്‍റിനി വയലിന്‍ ബ്രാന്‍ഡിന് നല്‍കിയത്. ഇതില്‍ വന്നശേഷമാണ് ഈ മഹാനേട്ടത്തെ പറ്റി അറിയുന്നത്. സ്വന്തമായി നെയ്തെടുത്ത ഈ ഗിത്താര്‍ വിരുന്ന് കാന്‍റിനിയില്‍ എത്തിയത് അവിശ്വസനീയമായി തോന്നുന്നെന്നും അസീര്‍ പറയുന്നു. ഇതോടെ, സംഗീത ലോകത്ത് ശ്രദ്ധിക്കപ്പെടുകയാണ് അസീര്‍. ദുബൈയിലുള്ള സംഗീത പ്രേമികള്‍ മികച്ച പിന്തുണ നല്‍കുന്നതായും ഇവരുടെ വന്‍ പിന്തുണയാണ് ഈ മഹാനേട്ടത്തിലേക്ക് നയിച്ചതെന്നും വിനയത്തോടെ അസീര്‍ പറയുന്നു. 
വയലിനില്‍ സ്വന്തം വഴികള്‍ വെട്ടിത്തെളിച്ച ഈ 22 കാരന് മികച്ച മ്യൂസിക് ഡയറക്ടറാവണമെന്നാണ് മോഹം. തന്‍െറ മാന്ത്രിക വിരലുകളൊരുക്കുന്ന  സംഗീതവിരുന്ന് ലോകത്തിന്‍െറ നെറുകയില്‍ എത്തണമെന്നും ആഗ്രഹിക്കുന്നു. 
ആറാം വയസ്സിലാണ് സംഗീതം പഠിക്കാന്‍ തുടങ്ങിയത്. ഉമ്മയായിരുന്നു ഏറ്റവും വലിയ പ്രോത്സാഹനവും പിന്തുണയും. രണ്ടു വയസ്സുള്ളപ്പോള്‍ ഉപ്പ മരിച്ചു. ഉമ്മ നന്നായി പാടുമായിരുന്നു. കര്‍ണാട്ടിക് സംഗീതമാണ് പഠിച്ചിരുന്നത്. മറ്റു സംഗീത ഉപകരണങ്ങളെല്ലാം കൈകാര്യം ചെയ്യാന്‍ കഴിയുമെങ്കിലും വയലിനാണ് തന്‍െറ മേഖല എന്നറിഞ്ഞതോടെ അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. പ്ളസ് വണില്‍ പഠിക്കുമ്പോള്‍ ‘ടൈറ്റാനിക്’ ഫ്യൂഷന്‍ അവതരിപ്പിച്ചുകൊണ്ടാണ് അരങ്ങേറ്റം. കോളജില്‍ പഠിക്കുമ്പോള്‍ ‘പേരക്ക’ എന്ന പേരില്‍ സംഗീത ബാന്‍ഡുണ്ടാക്കിയിരുന്നു. പിന്നീട് സ്വന്തമായ വഴിയിലൂടെ സഞ്ചരിച്ച് സംഗീത ലോകത്തെ ശ്രദ്ധ നേടുകയായിരുന്നു അസീര്‍. സംഗീത ലോകത്ത് ട്രാക്കുകളുടെ ഉപയോഗം വര്‍ധിച്ചിരിക്കുന്നു. എല്ലാവര്‍ക്കുമിപ്പോള്‍ ട്രാക്കുകളാണ് വേണ്ടത്. ഈ പ്രവണത സംഗീതത്തെ മുരടിപ്പിക്കും. 
സംഗീത പ്രവര്‍ത്തകരുടെ എണ്ണം കുറച്ച് പരിപാടികള്‍ അവതരിപ്പിക്കുന്നതിലാണ് പലര്‍ക്കും താല്‍പര്യം. ട്രാക്കുകള്‍ വരുന്നതോടെ സംഗീതത്തിന്‍െറ വളര്‍ച്ച അവിടെ അവസാനിച്ചു. എന്നാല്‍, സ്റ്റേജ് പരിപാടികള്‍ സംഗീതത്തെ വളര്‍ത്തുകയാണ് ചെയ്യുന്നത്. ഓരോ സ്റ്റേജുകള്‍ പിന്നിടുമ്പോഴും കൂടുതല്‍ പരിഷ്കരണങ്ങള്‍ നടത്താന്‍ സഹായകമാവുന്നു. അതിനാല്‍, സംഗീത ട്രാക്കുകള്‍ നിര്‍മിക്കുന്നതില്‍ ഒരു താല്‍പര്യവുമില്ല. പരമാവധി അത് ചെയ്യാതിരിക്കും. ട്രാക്കുകള്‍ കാരണം നിരവധി കലാകാരന്മാര്‍ക്ക് അവസരം നഷ്ടപ്പെട്ടിട്ടുണ്ട്. അതിനാല്‍, ട്രാക്കുകളില്ലാത്ത സ്റ്റേജ് പരിപാടികള്‍  പ്രോത്സാഹിപ്പിക്കണമെന്നും അസീര്‍ പറയുന്നു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.