ടെലിഫോണ്‍ തട്ടിപ്പുകാര്‍ക്കെതിരെ റെഗുലേറ്ററി അതോറിറ്റി ബോധവത്കരണത്തിന്

മസ്കത്ത്: ടെലിഫോണ്‍ വഴി തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്കെതിരെ റെഗുലേറ്ററി അതോറിറ്റി ബോധവത്കരണ കാമ്പയിന് ഒരുങ്ങുന്നു. ആവര്‍ത്തിച്ചാവര്‍ത്തിച്ച് മുന്നറിയിപ്പ് സന്ദേശങ്ങള്‍ നല്‍കിയിട്ടും തട്ടിപ്പുകാരുടെ വലയില്‍ കൂടുതല്‍ പേര്‍ കുടുങ്ങുന്ന സാഹചര്യത്തിലാണ് ടെലികോം സേവനദാതാക്കളുടെകൂടി സഹകരണത്തോടെ റെഗുലേറ്ററി അതോറിറ്റി ബോധവത്കരണ പരിപാടിക്ക് ഒരുങ്ങുന്നത്. 
ബാങ്കുകളുടെയും ടെലികോം സേവനദാതാക്കളുടെയും പേരില്‍ വിളിച്ച് വന്‍തുകയുടെ ലോട്ടറി അടിച്ചതായും സമ്മാനത്തുക കൈമാറ്റം ചെയ്യുന്നതടക്കം നടപടിക്രമങ്ങള്‍ക്ക് എന്നുപറഞ്ഞ് അക്കൗണ്ട് നമ്പര്‍, പാസ്വേഡുകള്‍, റസിഡന്‍റ് കാര്‍ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍, പിന്‍ നമ്പര്‍ തുടങ്ങിയവ കൈവശപ്പെടുത്താനാണ് തട്ടിപ്പുകാര്‍ ശ്രമിക്കുന്നത്. പ്രലോഭനത്തില്‍ കുടുങ്ങി ഈ വിവരങ്ങള്‍ നല്‍കുന്നവരുടെ പണം അക്കൗണ്ടില്‍ നിന്ന് ക്ഷണനേരത്തില്‍ അപ്രത്യക്ഷമാകും. തുടര്‍ന്ന് തട്ടിപ്പുകാരുടെ നമ്പറുകള്‍ സ്വിച്ച്ഡ് ഓഫ് ആവുകയും ചെയ്യും. 
ഓണ്‍ലൈന്‍ ബാങ്കിങ് പാസ്വേഡുകളും പിന്‍നമ്പറുകളുമെല്ലാം തട്ടിപ്പുകാര്‍ മാറ്റുകയും ചെയ്യും. സമ്മാനം വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകളില്‍ കുടുങ്ങിയ മലയാളികള്‍ നിരവധിയാണ്. ഇബ്രി സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സാണ് ഏറ്റവും ഒടുവില്‍ ഇത്തരം തട്ടിപ്പില്‍ കുരുങ്ങിയത്. ഇവരുടെ 600 റിയാലാണ് നഷ്ടമായത്. സമ്മാനം പ്രഖ്യാപിച്ചുള്ള തട്ടിപ്പ് രീതിയെ കുറിച്ച അവബോധം വര്‍ധിച്ച സാഹചര്യത്തില്‍ അക്കൗണ്ട് വെരിഫിക്കേഷന്‍ തുടങ്ങിയ പുതിയ രീതികളും തട്ടിപ്പുകാര്‍ അവലംബിക്കുന്നുണ്ട്. 
തട്ടിപ്പുകള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ബോധവത്കരണത്തിന് പ്രസക്തിയേറെയാണെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. ഈ വര്‍ഷം അവസാനത്തോടെ നടത്താന്‍ ഉദ്ദേശിക്കുന്ന കാമ്പയിനില്‍ ടെലികോം ഓപറേറ്റര്‍മാര്‍ക്ക് പുറമെ പബ്ളിക് പ്രോസിക്യൂഷന്‍ അടക്കമുള്ളവരെയും പങ്കാളികളാക്കും. 
തട്ടിപ്പുകാര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഒമാന്‍ ടെല്‍ മീഡിയ കമ്യൂണിക്കേഷന്‍സ് മാനേജര്‍ മുഹമ്മദ് അല്‍ സല്‍മി പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഒമാന്‍ടെല്‍ സമ്മാന പദ്ധതി കാമ്പയിന്‍ നടത്തിയിട്ടില്ല. നടപടിക്രമങ്ങള്‍ പാലിച്ചുമാത്രമേ ഒമാന്‍ടെല്‍ ഇത്തരം കാമ്പയിനുകള്‍ പ്രഖ്യാപിക്കാറുള്ളൂ. ഒൗദ്യോഗിക ടെലിഫോണ്‍ കാളുകള്‍ എപ്പോഴും ലാന്‍ഡ്ലൈനില്‍നിന്ന് മാത്രമേ ഉപഭോക്താക്കള്‍ക്ക് ലഭിക്കുകയുള്ളൂ. ഒരിക്കലും ബാങ്ക് പാസ്വേഡ് പോലുള്ള രഹസ്യവിവരങ്ങള്‍ ഫോണിലൂടെ ആവശ്യപ്പെടില്ല. വിജയിയോട് ഓഫിസില്‍ എത്താന്‍ മാത്രമേ ആവശ്യപ്പെടുകയുള്ളൂവെന്നും അല്‍ സല്‍മി പറഞ്ഞു. 
തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് പതിവായി ബോധവത്കരണ സന്ദേശങ്ങള്‍ അയക്കാറുണ്ടെന്ന് ബാങ്ക് മസ്കത്ത് വക്താവ് അറിയിച്ചു. ബാങ്കിങ് ഐ.ഡിയടക്കം രഹസ്യ വിവരങ്ങള്‍ ടെലിഫോണിലൂടെയോ സാമൂഹിക മാധ്യമങ്ങളിലൂടെയോ ഇന്‍റര്‍നെറ്റ് മുഖേനയോ കൈമാറരുത് എന്നതാണ് ഇതില്‍ പ്രധാനം. 
പണം അയക്കുന്നവരുടെ അക്കൗണ്ട് വിവരങ്ങള്‍ അടക്കം ശരിയെന്ന് ഉറപ്പാക്കിയ ശേഷം പണമയക്കുക, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍, ഇന്‍റര്‍നെറ്റ്/മൊബൈല്‍ ബാങ്കിങ് യൂസര്‍ ഐ.ഡി, പാസ്വേഡ് തുടങ്ങിയ വിവരങ്ങള്‍ ടെലിഫോണില്‍ സൂക്ഷിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളും ഉപഭോക്താക്കള്‍ ശ്രദ്ധിക്കണമെന്ന് ബാങ്ക് മസ്കത്ത് വക്താവ് അറിയിച്ചു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.