പെട്രോളിയം ഉല്‍പന്നങ്ങള്‍: നിശ്ചിതവില നിര്‍ണയിക്കണമെന്ന്  ശൂറാ കമ്മിറ്റി

മസ്കത്ത്: ഇന്ധനവില എല്ലാ മാസവും പുതുക്കി നിശ്ചയിക്കുന്നതുമൂലം പൗരന്മാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ നടപടി വേണമെന്ന് മജ്ലിസുശ്ശൂറ കമ്മിറ്റി. 
വില വര്‍ധന സാധാരണക്കാരായ പൗരന്മാരുടെ ജീവിതത്തെ ബാധിക്കാതിരിക്കാന്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് നിശ്ചിത വില തീരുമാനിക്കണമെന്ന് സാമ്പത്തിക പ്രതിസന്ധിയെയും ഒമാനി സമൂഹത്തില്‍ അതുണ്ടാക്കുന്ന പ്രതിസന്ധികളെയും നേരിടുന്നതിനുള്ള കമ്മിറ്റിയുടെ യോഗം ആവശ്യപ്പെട്ടു. കമ്മിറ്റി ഉപമേധാവി ശൈഖ് ജമാല്‍ ബിന്‍ അഹ്മദ് അല്‍ അബ്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗം പ്രതിമാസ വിലനിയന്ത്രണം എന്ന തീരുമാനത്തില്‍ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ടു. പകരം നിശ്ചിത വില തീരുമാനിച്ച് നടപ്പാക്കണം. ഈ വിലയിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ സര്‍ക്കാര്‍ വഹിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ഫെബ്രുവരിയില്‍ പെട്രോള്‍, ഡീസല്‍ വിലകളില്‍ പത്തു ബൈസയുടെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. എം 91ന് 186 ബൈസയും എം 95ന് 196 ബൈസയും ഡീസലിന് 205 ബൈസയുമാണ് നിരക്ക്. രാജ്യത്ത് എക്കാലത്തെയും ഉയര്‍ന്ന നിരക്കാണ് ഇപ്പോഴുള്ളത്. കഴിഞ്ഞവര്‍ഷം ജനുവരി 15ന് വില നിയന്ത്രണം നീക്കുന്നതിനുമുമ്പ് സൂപ്പറിന് 120 ബൈസ, റെഗുലറിന് 114 ബൈസ, ഡീസലിന് 160 ബൈസ എന്നിങ്ങനെയായിരുന്നു നിരക്കുകള്‍. ജനുവരി 16 മുതല്‍ സൂപ്പറിന് 160, റെഗുലറിന് 140, ഡീസലിന് 160 ബൈസ എന്നിങ്ങനെയായാണ് ഉയര്‍ന്നത്. തുടര്‍ന്നുള്ള മാസങ്ങളില്‍ കൂടുകയും കുറയുകയും ചെയ്ത ഇന്ധനവില നിലവില്‍ അമ്പതു ശതമാനത്തിലധികം ഉയര്‍ന്നിട്ടുണ്ട്. 
ഇന്ധനവിലയിലെ വര്‍ധന നിമിത്തം സ്വകാര്യ വാഹനങ്ങളുടെ ഉടമകള്‍, ടാക്സികള്‍, ടാക്സി, ട്രെയിലര്‍ ഉടമകള്‍ തുടങ്ങിയവര്‍ പ്രയാസമനുഭവിക്കുന്നുണ്ട്. ചില അടിസ്ഥാന സേവനങ്ങളുടെ നിരക്കുകള്‍ വര്‍ധിക്കാനും വില വര്‍ധന നിമിത്തമാകുന്നുണ്ട്. ഇന്ധനവില ഉയരുന്ന പശ്ചാത്തലത്തില്‍ ബദല്‍ ഗതാഗത മാര്‍ഗങ്ങളുടെ ആവശ്യകതയുണ്ടെന്നും കമ്മിറ്റി യോഗം വിലയിരുത്തി. 
ചൊവ്വാഴ്ച വര്‍ധന പ്രഖ്യാപിച്ചശേഷം പമ്പുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഉള്‍പ്രദേശങ്ങളില്‍ സാധാരണ ഉച്ചക്ക് ശേഷം കച്ചവടമുണ്ടാകാത്ത പമ്പുകളില്‍ വരെ ഒന്നും രണ്ടും ഇരട്ടിയാണ് വിറ്റുപോയത്. ചിലയിടങ്ങളില്‍ സ്റ്റോക് തീരുകയും ചെയ്തു. ട്വിറ്റര്‍ അടക്കം സമൂഹ മാധ്യമങ്ങളിലും വില വര്‍ധന സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാണ്. സര്‍ക്കാര്‍ വില പുനര്‍നിര്‍ണയിക്കണമെന്നാണ് പല ട്വിറ്റര്‍ ഉപഭോക്താക്കളുടെയും ആവശ്യം. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.