മസ്കത്ത്: വിദേശജോലിക്കാരുടെ മൊത്തം എണ്ണത്തിൽ ചെറിയ കുറവുണ്ടായതായി ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിെൻറ കണക്കുകൾ. ജൂലൈ അവസാനത്തെ കണക്കുപ്രകാരം 18,66,021 വിദേശ തൊഴിലാളികളാണ് ഒമാനിലുള്ളത്.
ജൂൺ അവസാനം ഇത് 18,69,419 ആയിരുന്നു. മൊത്തം തൊഴിലാളികളിൽ 0.2 ശതമാനത്തിെൻറ കുറവാണ് ഉണ്ടായത്. ഒമാനിൽ ഏറ്റവുംവലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാരുടെയും ബംഗ്ലാദേശികളുടെയും എണ്ണത്തിൽ ചെറിയ കുറവ് ഉണ്ടായിട്ടുണ്ട്. ഇന്ത്യൻ തൊഴിലാളികളുടെ എണ്ണം 0.1 ശതമാനം കുറഞ്ഞ് 6,91,449 ആയപ്പോൾ ബംഗ്ലാദേശികളുടേത് 0.3 ശതമാനം കുറഞ്ഞ് 7,02,727 ഉം ആയി.
അതേസമയം, ഫിലിപ്പിനോകളുടെ എണ്ണമാകെട്ട 0.8 ശതമാനം വർധിച്ച് 43,107 ആയി. പ്രൊജക്ടുകളുടെ അഭാവം നിമിത്തം റിക്രൂട്ട്മെൻറുകളിലുണ്ടായ കുറവാണ് തൊഴിലാളികളുടെ എണ്ണത്തിലെ കുറവിന് കാരണമെന്ന് മാനവ വിഭവശേഷി മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പറയുന്നു.
ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിലെ വർധിച്ച അവസരങ്ങളാണ് ഫിലിപ്പിനോ വംശജരുടെ എണ്ണം വർധിക്കാൻ കാരണം. ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി തൊഴിലാളികളുടെ എണ്ണത്തിലും കമ്പനികൾ കുറവുവരുത്തുന്നുണ്ട്.
ഒഴിവാക്കുന്ന വിദേശ തൊഴിലാളികൾക്ക് പകരം നിയമനങ്ങൾ അത്യാവശ്യഘട്ടങ്ങളിൽ മാത്രമേ കമ്പനികൾ നടത്തുന്നുള്ളൂ. എൻ.ഒ.സി സമ്പ്രദായം മൂലം തൊഴിൽ മാറാൻ കഴിയാത്തതും പുതിയ അവസരങ്ങൾ കണ്ടെത്താൻ സാധിക്കാത്തതും വിദേശ തൊഴിലാളികളെ നാട്ടിലേക്ക് മടങ്ങാൻ പ്രേരിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ രണ്ടു മാസമായി വിദേശികൾക്ക് തൊഴിൽ വിപണിയിൽ പൊതുവെ കുറഞ്ഞ അവസരങ്ങളാണുണ്ടായത്. എന്നാൽ, ദുകം റിഫൈനറിയുടെയും മറ്റു ടൂറിസം പ്രോജക്ടുകളുടെയും പ്രഖ്യാപനങ്ങൾ വിദേശ തൊഴിലാളികൾക്ക് ശുഭപ്രതീക്ഷയുളവാക്കുന്നതാണെന്നും മാനവ വിഭവശേഷി മേഖലയിൽ പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു.
വിദേശികളുടെ എണ്ണത്തിലെ കുറവിനൊപ്പം പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷനിലും കുറവുണ്ട്. ജൂൺ, ജൂലൈ മാസങ്ങളിലായി പുതിയ രജിസ്ട്രേഷൻ 22.3 ശതമാനം കുറഞ്ഞ് 35,788 ആയിട്ടുണ്ട്. കഴിഞ്ഞ വർഷം സമാന കാലയളവിൽ 46,058 ആയിരുന്നു രജിസ്ട്രേഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.