എല്‍.ഡി.എഫ് ന്യൂനപക്ഷങ്ങളില്‍ അനാവശ്യ ഭീതി  വിതക്കുന്നു –എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി

മസ്കത്ത്: കേരളത്തില്‍ നിലനില്‍ക്കുന്ന മതേതര സമൂഹത്തെ തകര്‍ത്ത് ഭരണം തുടരുക എന്ന ഹീനമായ തന്ത്രമാണ് പിണറായി വിജയന്‍ പിന്തുടരുന്നതെന്ന് ആര്‍.എസ്.പി നേതാവും മുന്‍ മന്ത്രിയുമായ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി.  സ്വകാര്യ സന്ദര്‍ശനാര്‍ഥം മസ്കത്തില്‍ എത്തിയ പ്രേമചന്ദ്രനും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നദീറ സുരേഷിനും ഒ.ഐ.സി.സി ഒമാന്‍ നാഷനല്‍ കമ്മിറ്റി നല്‍കിയ സ്വീകരണ സമ്മേളനത്തില്‍  സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍.ഡി.എഫ് ന്യൂനപക്ഷങ്ങളില്‍ അനാവശ്യ ഭീതി വിതച്ചും മറ്റു സമുദായത്തെ പ്രകോപിപ്പിച്ചും മുന്നോട്ടുപോകുകയാണ്. ശ്രീകൃഷ്ണ ജയന്തി, ഓണം, ശ്രീനാരാണഗുരു ജയന്തി എന്നിവയെക്കുറിച്ചുണ്ടായ വിവാദങ്ങള്‍ ഇതാണ് സൂചിപ്പിക്കുന്നത്. ഇത് കേരളത്തിന്‍െറ സൗഹൃദ അന്തരീക്ഷത്തെ തകര്‍ക്കും. ബി.ജെ.പിയെ മുഖ്യ പ്രതിപക്ഷമായി ഉയര്‍ത്തിക്കാട്ടുക വഴി അവരെ പ്രീണിപ്പിക്കുക എന്ന നയം കൂടി ഇടതുപക്ഷം നടപ്പാക്കുന്നുവെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. 
പാര്‍ലമെന്‍റില്‍ 45 സീറ്റ് മാത്രമുള്ള കോണ്‍ഗ്രസിനെ മുഖ്യശത്രു വായി കാണുകയും മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന ബി.ജെ.പിയെ എതിര്‍ക്കാതിരിക്കുകയും ചെയ്യുന്നു. പിണറായിയുടെ ഏകാധിപത്യത്തില്‍ ഘടകകക്ഷി മന്ത്രിമാരും പാര്‍ട്ടി മന്ത്രിമാരും ശ്വാസം മുട്ടുകയാണ്. കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടേതിന് സമാനമായ ഏകാധിപത്യം ആണ് കേരളത്തില്‍ പിണറായി വിജയന്‍ പിന്തുടരുന്നതെന്നും എം.പി പറഞ്ഞു. കേരളത്തിലെ സ്ത്രീജനങ്ങള്‍ പിണറായി ഭരണത്തില്‍ ഭീതിയിലാണ് കഴിയുന്നതെന്ന് നദീറ സുരേഷ് അഭിപ്രായപ്പെട്ടു. പീഡകരെ സംരക്ഷിക്കുക എന്ന രീതിയാണ് സര്‍ക്കാര്‍ തുടരുന്നത്. സൗമ്യ കേസിലെ വിധി അതാണ് സൂചിപ്പിക്കുന്നത്. ഇതിനെതിരെ സ്ത്രീകള്‍ തന്നെ രംഗത്തിറങ്ങണമെന്നും അവര്‍ പറഞ്ഞു. ഒ.ഐ.സി.സി പ്രസിഡന്‍റ് സിദ്ദീഖ് ഹസന്‍ അധ്യക്ഷത വഹിച്ചു. ഗ്ളോബല്‍ ഓര്‍ഗനൈസിങ് സെക്രട്ടറി ശങ്കര്‍ പിള്ള കുമ്പളത്ത്, മുന്‍ എം.പി ഡോ. കെ.എസ്. മനോജ് എന്നിവര്‍ ആശംസ നേര്‍ന്നു. ജനറല്‍ സെക്രട്ടറി എന്‍.ഒ. ഉമ്മന്‍ സ്വാഗതവും വൈസ് പ്രസിഡന്‍റ് ഹൈദ്രോസ് പതുവന നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.