കാമ്പയിനുമായി സ്വദേശികള്‍  വ്യാപകമായി രംഗത്ത്

മസ്കത്ത്: രാജ്യത്തെ പ്രമുഖ ടെലികോം ഓപറേറ്റര്‍മാര്‍ക്കെതിരെ ട്വിറ്ററിലൂടെയുള്ള ബഹിഷ്കരണ കാമ്പയിനുമായി സ്വദേശികള്‍. ഉയര്‍ന്ന നിരക്ക് ഈടാക്കി മോശം സേവനങ്ങളാണ് കമ്പനികള്‍ നല്‍കുന്നതെന്നും ഇവര്‍ക്കെതിരെ ബഹിഷ്കരണം സമരായുധമാക്കണമെന്നും ആവശ്യപ്പെട്ടാണ് സന്ദേശങ്ങള്‍ പ്രചരിക്കുന്നത്.  ഇന്നുമുതല്‍ ദിവസവും വൈകുന്നേരം നാലുമുതല്‍ ആറുവരെ രണ്ടു മണിക്കൂര്‍ മൊബൈല്‍ സേവനങ്ങള്‍ ഉപയോഗിക്കരുതെന്നാണ് ആഹ്വാനം. ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്യുകയോ ഫൈ്ളറ്റ് മോഡിലാക്കിയിടുകയോ ചെയ്യണമെന്ന് കാട്ടിയുള്ള വിവിധ ഭാഷകളിലുള്ള സന്ദേശങ്ങള്‍ വാട്ട്സ്ആപ്പിലൂടെ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. ഇംഗ്ളീഷിനും അറബിക്കും ബംഗ്ളാ ഭാഷക്കും പുറമെ മലയാളം, തെലുങ്ക്, ഉര്‍ദു ഭാഷകളിലുമുള്ള സന്ദേശങ്ങള്‍ ഒരുമിച്ചാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. ബോയ്കോട്ട് ഒമാന്‍ടെല്‍ ആന്‍ഡ് ഉരീദു എന്ന തലക്കെട്ടിലുള്ള ഹാഷ്ടാഗ് കാമ്പയിന്‍ കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ട്വിറ്ററില്‍ മുന്‍നിരയിലാണ് നില്‍ക്കുന്നത്. ഉയര്‍ന്ന കാള്‍ നിരക്കുകള്‍, മോശം ഇന്‍റര്‍നെറ്റ് പാക്കേജുകള്‍, സൗജന്യ കാള്‍ ആപ്ളിക്കേഷനുകളുടെ ബ്ളോക്കിങ് തുടങ്ങിയ ടെലികോം കമ്പനികളുടെ നിലപാടില്‍ പ്രതിഷേധിച്ച് കാമ്പയിനില്‍ ഭാഗമാകുമെന്ന് സ്വദേശികള്‍ക്ക് പുറമെ വിദേശികളും ട്വിറ്ററില്‍ പ്രതികരിച്ചു. 
ഉപഭോക്താവിന്‍െറ പോക്കറ്റില്‍ കിടക്കുന്ന പണം എങ്ങനെ കൈക്കലാക്കാമെന്ന് മാത്രമാണ് ടെലികോം ഓപറേറ്റര്‍മാരുടെ ചിന്തയെന്ന് ഒമാന്‍ വേള്‍ഡ് നെറ്റ്വര്‍ക് എന്ന ട്വിറ്റര്‍ യൂസര്‍ പ്രതികരിച്ചു. കാളുകള്‍ വിളിക്കാതെയും സന്ദേശങ്ങള്‍ അയക്കാതെയും രണ്ടു മണിക്കൂര്‍ നിങ്ങളുടെ കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ എല്ലാവരും ശ്രദ്ധിച്ചാല്‍ കാമ്പയിന്‍ വിജയിക്കുമെന്നാണ് അബൂ സഫ്വാന്‍ എന്ന ഉപഭോക്താവിന്‍െറ പ്രതികരണം. അയല്‍രാജ്യങ്ങളില്‍ ലഭ്യമാകുന്നതുപോലെ മികച്ച ഇന്‍റര്‍നെറ്റ് സേവനം ഒമാനിലും ലഭ്യമാകേണ്ടതുണ്ടെന്നും അതിന് ഈ കാമ്പയിന്‍ വിജയിപ്പിക്കേണ്ടതുണ്ടെന്നുമാണ് ഹമദ് അല്‍ ബുസൈദി എന്ന ഉപഭോക്താവിന്‍െറ പ്രതികരണം. ഉയര്‍ന്ന നിരക്ക് കുറച്ച് സേവനം മെച്ചപ്പെടുത്തുന്നതിന് സമ്മര്‍ദം ശക്തമാക്കുന്നതിനായി ആയിരങ്ങള്‍ ഇരു കമ്പനികളുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ അണ്‍ഫോളോ ചെയ്തിട്ടുണ്ട്. കാമ്പയിന്‍ മികച്ച ജനപങ്കാളിത്തത്തോടെ ഒരാഴ്ച തുടര്‍ന്നാല്‍ ദശലക്ഷക്കണക്കിന് റിയാല്‍ നഷ്ടമാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. അതേസമയം, സാമൂഹിക മാധ്യമങ്ങളില്‍ ബഹിഷ്കരണാഹ്വാനം അരങ്ങുതകര്‍ക്കുമ്പോഴും ഇരു കമ്പനികളും ഇതറിഞ്ഞ മട്ടില്ല. ഇതുസംബന്ധിച്ച ഒരു പ്രസ്താവനയും ഞായറാഴ്ച വൈകുന്നേരം വരെ കമ്പനികള്‍ പുറപ്പെടുവി
ച്ചിട്ടില്ല. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.