മസ്കത്ത്: ‘ഫെസ്റ്റിവൽ ഓഫ് ഇന്ത്യ ഇൻ ഒമാൻ’ പരിപാടിയുടെ ഭാഗമായി ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന ഇസ്ലാമിക് കാലിഗ്രഫി പ്രദർശനം ഒമാൻ അവന്യൂസ് മാളിൽ ആരംഭിച്ചു. ഇന്ത്യയിലെ റാംപൂർ റാസ ലൈബ്രറിയിൽനിന്നുള്ള അപൂർവ ശേഖരങ്ങളാണ് പ്രദർശനത്തിൽ ഒരുക്കിയത്.
ഡിസംബർ മൂന്നു വരെയുള്ള പ്രദർശനത്തിലേക്ക് മാൾ പ്രവർത്തന സമയത്ത് സൗജന്യമായി പ്രവേശനം അനുവദിക്കും. ഖുർആനിൽനിന്ന് തെരഞ്ഞെടുത്ത നാൽപതിലേറെ സൂക്തങ്ങളുടെ കലാപരമായ എഴുത്ത് പ്രദർശനത്തിലുണ്ടാവും. ഖുർആനിെൻറ ഏഴ്, എട്ട്, ഒമ്പത് നൂറ്റാണ്ടുകളിലെ കൂഫിക് കൈയെഴുത്ത് പ്രതി, മുഗൾ ചക്രവർത്തി അക്ബറിെൻറ കൽപന പ്രകാരം 16ാം നൂറ്റാണ്ടിൽ സ്വർണംകൊണ്ട് അലങ്കരിച്ച ഖുർആൻ, 12ാം നൂറ്റാണ്ട് മുതൽ 18ാം നൂറ്റാണ്ട് വരെയുള്ള പുഷ്പ മാതൃകയിലെ സ്വർണം കൊണ്ടുള്ള എഴുത്ത്, എ.ഡി 1887ൽ അറബിഭാഷയിൽ എഴുതിയ പേർഷ്യൻ വാക്യങ്ങൾ, ഖുർആൻ വാക്യങ്ങളുടെ 1888ലെ മനോഹരമായ കാലിഗ്രഫി, 18ാം നൂറ്റാണ്ടിലെ മുഹമ്മദ് ഹസെൻറ കാലിഗ്രഫി, ആയത്തുൽ കുർസിയ്യിെൻറ 18ാം നൂറ്റാണ്ടിലെ മനോഹരമായ എഴുത്ത്, 1936ൽ ദുല്ലാഖാൻ ഖുഷർഖാംപുരി എഴുതിയ ഖുർആൻ വാക്യങ്ങൾ തുടങ്ങിയവ പ്രദർശനത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നവയാണ്.
റാംപൂരിൽ 1774ൽ നവാബ് ഫൈസുല്ല ഖാൻ സ്ഥാപിച്ച റാംപൂർ റാസ ലൈബ്രറി ഇസ്ലാമിക പാഠങ്ങളുടെയും കലകളുടെയും അക്ഷയഖനിയാണ്. മൂല്യവത്തായ കൈയെഴുത്ത് പ്രതികൾ, ചരിത്രരേഖകൾ, മുഗൾ പെയിൻറിങ്, പുസ്തകങ്ങൾ തുടങ്ങിയവ ഇവിടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.