മുവാസലാത്ത് അല്‍ഖൂദ് സര്‍വിസ് ജൂലൈയില്‍

മസ്കത്ത്: വരും മാസങ്ങളില്‍ പൊതുമേഖലാ ഗതാഗത കമ്പനിയായ മുവാസലാത്ത് കൂടുതല്‍ റൂട്ടുകളില്‍ സര്‍വിസ് ആരംഭിക്കുമെന്ന് ഗതാഗത വാര്‍ത്താ വിനിമയ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി എന്‍ജിനീയര്‍ സാലിം ബിന്‍ മുഹമ്മദ് അല്‍ നുഅൈമി പറഞ്ഞു. അല്‍ഖൂദ് റൂട്ടില്‍ ജൂലൈയില്‍ സര്‍വിസ് തുടങ്ങും. സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാല, ബുര്‍ജ് അല്‍ സഹ്വ റൗണ്ട് എന്നിവിടങ്ങളിലൂടെയായിരിക്കും പുതിയ സര്‍വിസെന്ന് മുവാസലാത്ത് ബോര്‍ഡ് ചെയര്‍മാന്‍കൂടിയായ അല്‍ നുഅൈമിയെ ഉദ്ധരിച്ച് ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
റമദാനില്‍ സൊഹാറിലേക്കും നിസ്വയിലേക്കുമുള്ള സര്‍വീസുകള്‍ വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്. മസ്കത്തില്‍ സൊഹാറിലേക്ക് എട്ടും നിസ്വയില്‍ നിന്ന് അഞ്ചും ബസുകള്‍ സര്‍വീസ് നടത്തും. ഖരീഫ് സീസണില്‍ സലാലയിലേക്ക് കൂടുതല്‍ സര്‍വിസ് നടത്താനും പദ്ധതിയുണ്ടന്ന് അല്‍ നുഐമി പറഞ്ഞു. ദുകം മേഖലയിലെ ഗതാഗത സൗകര്യത്തിന്‍െറ ആവശ്യകത സംബന്ധിച്ച് പ്രത്യേക സാമ്പത്തിക മേഖലാ അധികൃതരുമായി ചേര്‍ന്ന് പഠനം നടത്തിവരുകയാണ്.
ഈ വര്‍ഷത്തിന്‍െറ മൂന്നാംപാദം മുതല്‍ മസ്കത്ത് - ദുകം റൂട്ടില്‍ ഒരു പ്രതിദിന സര്‍വിസ് ആരംഭിക്കും. ആദ്യഘട്ടപഠനം പൂര്‍ത്തിയായശേഷം വേണമെങ്കില്‍ സര്‍വിസിന്‍െറ എണ്ണം വര്‍ധിപ്പിക്കും.  ഏപ്രില്‍ ആദ്യം മുതല്‍ ആരംഭിച്ച റൂവി - അല്‍ അമിറാത്ത് സര്‍വിസിന് മികച്ച പ്രതികരണമാണ് ലഭിച്ചത്്. പ്രതിദിനം ശരാശരി 850 യാത്രക്കാര്‍ ഈ റൂട്ടില്‍ സഞ്ചരിക്കുന്നുണ്ട്. അമിറാത്ത് റൂട്ടിന്‍െറ ദൈര്‍ഘ്യം സമീപത്തെ അന്നഹ്ദ ഭാഗത്തേക്കുകൂടി വ്യാപിപ്പിക്കണമെന്ന ആവശ്യം പരിഗണനയിലുണ്ട്.
ഏപ്രില്‍ 24 മുതല്‍ ആരംഭിച്ച റൂവി - മത്ര -അല്‍ ആലം പാലസ് റൂട്ടില്‍ പ്രതിദിനം 500 യാത്രക്കാര്‍ സഞ്ചരിക്കുന്നുണ്ട്. നിലവില്‍ മസ്കത്ത് ഗവര്‍ണറേറ്റില്‍ 28 ബസുകളാണ് സര്‍വിസ് നടത്തുന്നത്. അല്‍ഖൂദ് റൂട്ടില്‍ സര്‍വിസ് ആരംഭിക്കുന്നതോടെ ബസുകളുടെ എണ്ണം 36 ആയി ഉയരും. ഇന്‍റര്‍സിറ്റി റൂട്ടില്‍ 28 ബസുകളും സര്‍വിസ് നടത്തുന്നുണ്ട്. സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലക്കും വിവിധ സ്കൂളുകള്‍ക്കുമായി സര്‍വിസ് നടത്തുന്ന 400ഓളം ബസുകളും മുവാസലാത്തിന് ഉണ്ടെന്ന് നുഐമി പറഞ്ഞു. ഇന്‍റര്‍സിറ്റി സര്‍വിസുകള്‍ മറ്റു ഗവര്‍ണറേറ്റുകളുമായും പ്രധാന നഗരങ്ങളുമായും ബന്ധപ്പെടുത്തുന്നത് പരിഗണനയിലുണ്ടെന്ന് പറഞ്ഞ നുഐമി, കമ്പനിയുടെ അടുത്ത 20 വര്‍ഷത്തെ കര്‍മപദ്ധതി തയാറായതായും ഇത് അവസാനവട്ട തിരുത്തലുകള്‍ക്ക് ശേഷം ഒക്ടോബറില്‍ പുറത്തിറക്കുമെന്നും പറഞ്ഞു. മസ്കത്തില്‍നിന്ന് രാജ്യത്തിന്‍െറ വിവിധ പ്രവിശ്യകളിലേക്കും നഗരങ്ങളിലേക്കും രാജ്യത്തിന് പുറത്തേക്കും ആരംഭിക്കാന്‍ കഴിയുന്ന സര്‍വിസുകളെ കുറിച്ച വിശദ പഠനറിപ്പോര്‍ട്ട് തയാറാക്കുകയാണ് കര്‍മപദ്ധതിയുടെ ആദ്യഘട്ടം. ഈ ലക്ഷ്യം കൈവരിക്കുന്നതിനുവേണ്ട സാമ്പത്തിക ചെലവ്, ആധുനിക വത്കരണത്തിന് വേണ്ട ചെലവുകള്‍ എന്നിവയും വിലയിരുത്തും. സമൂഹത്തിലെ എല്ലാ വിഭാഗമാളുകള്‍ക്കും ഉപയോഗപ്പെടുന്ന നിലവാരമുള്ളതും ഗതാഗതക്കുരുക്ക് അഴിക്കുന്നതുമായ പൊതുഗതാഗത സംവിധാനത്തിന് രൂപംനല്‍കുകയാണ് കര്‍മപദ്ധതിയുടെ ലക്ഷ്യമെന്നും അല്‍ നുഐമി പറഞ്ഞു.
 വാണിജ്യ, ടൂറിസം സാധ്യതകള്‍കൂടി പരിഗണിച്ചാകും പുതിയ കര്‍മപദ്ധതി യാഥാര്‍ഥ്യത്തിലത്തെിക്കുക. കൂടുതല്‍ ബസുകള്‍ എത്തിയ ശേഷം ഈ വര്‍ഷത്തിന്‍െറ രണ്ടാം പാദത്തോടെ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പ്രഖ്യാപിക്കും. കമ്പനിയുടെ വിവിധ പദ്ധതികള്‍ യാഥാര്‍ഥ്യത്തിലത്തെിക്കുന്നതിനുള്ള സാമ്പത്തിക പിന്തുണക്കായി വിവിധ ബാങ്കുകളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് പറഞ്ഞ അല്‍ നുഐമി ഇതുവഴി  സര്‍ക്കാര്‍ സാമ്പത്തിക സഹായം  പരമാവധി കുറക്കാന്‍ കഴിയുമെന്നും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.