കനിവിന്‍ കരങ്ങള്‍ക്ക് നന്ദി പറഞ്ഞ്  ഫരീദ് നാടണഞ്ഞു

സലാല: രോഗവും ബാധ്യതകളും തളര്‍ത്തിയ മനസ്സും ശരീരവുമായി ഫരീദ് നാട്ടിലേക്ക് യാത്രയായി. ആരും തുണയില്ളെന്ന് തോന്നിയ ആശുപത്രി വാസത്തിനും അനിശ്ചിതത്വത്തിനും ഒടുവില്‍ കനിവായ  കരങ്ങള്‍ക്ക് നന്ദിപറഞ്ഞാണ് തൃശൂര്‍ വടക്കാഞ്ചേരി കുടുമാന്‍പറമ്പില്‍ ഫരീദ് എന്ന രാജു സുലൈമാന്‍ തുടര്‍ചികിത്സക്കായി സലാലയോട് വിട ചൊല്ലിയത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിക്കുള്ള ഖത്തര്‍ എയര്‍വെയ്സിന് ദോഹ വഴി കൊച്ചിയിലേക്കാണ് മടക്കം. അള്‍സറും കിഡ്നിരോഗവും മൂലം  അവശനിലയിലാണ് ഇദ്ദേഹത്തെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ എത്തിച്ചത്. 
ചികിത്സക്ക് ശേഷം ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ടും ബില്ലടക്കാന്‍ കാശില്ലാതെ പ്രയാസപ്പെടുന്ന ഫരീദിന്‍െറ ദുരിതാവസ്ഥ മാര്‍ച്ച് 22 ന് ഗള്‍ഫ് മാധ്യമവും മീഡിയവണ്ണും റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന്, എംബസിയും സാമൂഹികപ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണ് ഇദ്ദേഹത്തിന് നാടണയാന്‍ കഴിഞ്ഞത്. മൂന്നു പതിറ്റാണ്ട് പ്രവാസ മണ്ണില്‍ ചെലവഴിച്ച ഇദ്ദേഹം 2007ലാണ് ഒടുവില്‍ നാട്ടില്‍പോയത്. ദീര്‍ഘനാളത്തെ പ്രവാസത്തിനൊടുവില്‍ ചെയ്യാത്ത ജോലികള്‍ ഒന്നുമില്ളെങ്കിലും ഒന്നിലും രക്ഷപ്പെടാതെ വെറും കൈയോടെയാണ് ഫരീദിന്‍െറ മടക്കം. സാമൂഹിക കൂട്ടായ്മകള്‍ ചികിത്സക്കായി ശേഖരിച്ച് നല്‍കിയ തുക മാത്രമാണ് കൈവശമുള്ളത്. ഇന്ത്യന്‍ എംബസിയാണ് ഇദ്ദേഹത്തിന്‍െറ ആശുപത്രി ചെലവ് വഹിച്ചതും ലേബര്‍, എമിഗ്രേഷന്‍ ക്ളിയറന്‍സ് എന്നിവ ശരിയാക്കിയതും. കോണ്‍സുലാര്‍ ഏജന്‍റ് മന്‍പ്രീത് സിങ്ങാണ് ഇതിന്‍െറ നടപടികള്‍ വിവിധ ഓഫിസുകളില്‍ കയറിയിറങ്ങി പൂര്‍ത്തീകരിച്ചത്. 
ആശുപത്രി വാസത്തിനുശേഷം താമസമൊരുക്കിയതും വിമാന ടിക്കറ്റ് നല്‍കിയതും വെല്‍ഫെയര്‍ ഫോറം സലാലയുടെ പ്രവര്‍ത്തകരാണ്. ഇന്നലെ ശാന്തിഭവനില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്‍റ് യു.പി. ശശീന്ദ്രന്‍ ടിക്കറ്റ് കൈമാറി. സാമൂഹിക പ്രവര്‍ത്തകര്‍ ചേര്‍ന്ന് ശേഖരിച്ച 1500 റിയാലിന്‍െറ ഡ്രാഫ്റ്റ് മലയാളവിഭാഗം കണ്‍വീനര്‍ ഡോ. നിഷ്താര്‍ കൈമാറി. 
പ്രവാസി കൗണ്‍സില്‍, തണല്‍ എന്നിവര്‍ നേരത്തേ ഇദ്ദേഹത്തെ സഹായിച്ചിരുന്നു. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്‍െറ ചാരിറ്റി ഫണ്ടില്‍നിന്നും 150 റിയാല്‍ നല്‍കുകയും ചെയ്തു. ഗള്‍ഫ് മാധ്യമം, മീഡിയവണ്‍ റിപ്പോര്‍ട്ടിന് ശേഷമാണ് തന്നെ സഹായിക്കാനും മറ്റും ആളുകള്‍ മുന്നോട്ടുവന്നതെന്ന് ഫരീദ് പറഞ്ഞു. കോണ്‍സുലാര്‍ ഏജന്‍റ് മന്‍പ്രീത് സിങ്, എംബസിയിലെ അബ്ദുറഹീം, യു.പി. ശശീന്ദ്രന്‍, അനില്‍ കുമാര്‍, ഡോ. നിഷ്താര്‍ തുടങ്ങി നിരവധി പേര്‍ നല്‍കിയ സഹായങ്ങള്‍ വിലമതിക്കാന്‍ കഴിയാത്തതാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.