വീടുകളില്‍ സൗരോര്‍ജ വൈദ്യുതി ഉല്‍പാദനത്തിന് പദ്ധതിയിടുന്നു

മസ്കത്ത്: സൗരോര്‍ജ വൈദ്യുതി ഉല്‍പാദനമേഖലയില്‍ വിപുലമായ കാല്‍വെപ്പിന് ഒമാന്‍ ഒരുങ്ങുന്നു. ഇതിന്‍െറ ഭാഗമായി വീടുകളിലെ വൈദ്യുതി ഉല്‍പാദനം പ്രോത്സാഹിപ്പിക്കാന്‍ നടപടിയെടുക്കുമെന്ന് വൈദ്യുതി റെഗുലേഷന്‍ അതോറിറ്റി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഖൈസ് അല്‍ സഖ്വാനിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. 
ഇതിനായി വീടുകളില്‍ സോളാര്‍പാനലുകള്‍ വിതരണം ചെയ്യും. ഇങ്ങനെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗത്തിനുശേഷം ബാക്കി ദേശീയ ഗ്രിഡിലേക്ക് നല്‍കുന്ന സംവിധാനമാകും നടപ്പില്‍വരുക.
ഗ്രിഡിലേക്ക് നല്‍കുന്ന വൈദ്യുതിക്ക് തുല്യമായ തുക ബില്ലില്‍ കുറവുവരുത്തുകയും ചെയ്യും. ഈ വര്‍ഷം പകുതിയോടെ വീടുകളിലെ ഉല്‍പാദനം യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇത് യാഥാര്‍ഥ്യമാകുന്നതോടെ സൗരോര്‍ജം ഫലപ്രദമായി ഉപയോഗിക്കുന്ന മിഡിലീസ്റ്റ് രാഷ്ട്രങ്ങളില്‍ ഒമാന്‍ മുന്‍നിരയിലത്തെും. നിലവില്‍ വീടുകളിലേക്കുള്ള വൈദ്യുതിവിതരണത്തിന് നല്ലതുക സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നുണ്ട്. 
എണ്ണവിലയിടിവിനെ തുടര്‍ന്നുള്ള വരുമാനനഷ്ടം കുറക്കാന്‍ വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള വൈദ്യുതി സബ്സിഡി ഒഴിവാക്കി നിരക്ക് വര്‍ധിപ്പിക്കുന്നതിനുള്ള ആലോചനയിലാണ് സര്‍ക്കാര്‍. ആദ്യഘട്ടത്തില്‍ താമസസ്ഥലങ്ങളില്‍ മാത്രം നടപ്പാക്കുന്ന പദ്ധതി പിന്നീട് വാണിജ്യ മേഖലകളിലേക്കുകൂടി വ്യാപിപ്പിക്കും. 
പദ്ധതിസംബന്ധിച്ച് കൂടുതല്‍വിവരങ്ങള്‍ അടുത്തുതന്നെ വെളിപ്പെടുത്തുമെന്നും ഖൈസ് അല്‍ സഖ്വാനി പറഞ്ഞു. ദോഫാര്‍ ഗവര്‍ണറേറ്റിലെ അല്‍ മസ്യൂനയില്‍ നിര്‍മിക്കുന്ന സോളാര്‍ പവര്‍പ്ളാന്‍റ് അടക്കം നിരവധി വന്‍കിട സൗരോര്‍ജ വൈദ്യുതി പദ്ധതികള്‍ക്ക് ഒമാന്‍സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷങ്ങളില്‍ അനുമതിനല്‍കിയിരുന്നു. ഇവയെല്ലാം യാഥാര്‍ഥ്യമാകുന്നതോടെ നിലവില്‍ വൈദ്യുതി ഉല്‍പാദനത്തിനും വിതരണത്തിനും ചെലവഴിക്കുന്ന വന്‍തുകയുടെ സബ്സിഡിയില്‍ കുറവുവരുത്താന്‍ കഴിയും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.