മസ്കത്ത്: ചെറിയ പെരുന്നാളിന് മൃഗങ്ങളെ അറുക്കുന്നവര്‍ കോംഗോപ്പനിക്കെതിരെ ജാഗ്രതപുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ആവശ്യമുള്ള മുന്‍കരുതലുകളും ശുചിത്വവും പാലിച്ചശേഷം മാത്രമേ മൃഗങ്ങളെ അറുക്കാന്‍ പാടുള്ളൂ. കാലികളുടെ ദേഹത്തുള്ള ചെള്ളുകളിലൂടെയാണ് രോഗം പടരുന്നത്. അതിനാല്‍ ചെള്ളുകളില്ലാത്ത മൃഗങ്ങളെയാണ് വാങ്ങുന്നതെന്ന് ഉറപ്പാക്കണം. ചെള്ളുകളെ കണ്ടാല്‍ അവയെ വെറുംകൈകൊണ്ട് സ്പര്‍ശിക്കുകയോ കൊല്ലുകയോ ചെയ്യരുത്. മൃഗങ്ങളുമായി ഇടപഴകുന്നവര്‍ സംരക്ഷിത വസ്ത്രവും കൈയുറകളും നീളമുള്ള ഷൂസുകളും ധരിക്കണം. നഗരസഭയുടെ അംഗീകാരമുള്ള കശാപ്പുശാലകളില്‍മാത്രമേ മൃഗങ്ങളെ അറുക്കാന്‍പാടുള്ളൂ. അവശിഷ്ടങ്ങള്‍ ബാഗുകളിലാക്കി പ്രത്യേകം നിര്‍ദേശിക്കപ്പെട്ട സ്ഥലങ്ങളില്‍മാത്രമേ ഉപേക്ഷിക്കാന്‍ പാടുള്ളൂവെന്നും മന്ത്രാലയം അറിയിച്ചു. കോംഗോപ്പനി ബാധിച്ച് ഇതുവരെ എട്ടുപേരാണ് മരിച്ചത്. രോഗംബാധിച്ച് 13 ദിവസത്തിനുശേഷമാണ് സാധാരണ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. പനി, പേശീവേദന, തലചുറ്റല്‍, കഴുത്തുവേദന, പുറംവേദന, തലവേദന, കണ്ണെരിച്ചില്‍ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ഉടന്‍ വൈദ്യസഹായം തേടണം. ഓക്കാനം, ഛര്‍ദി, അടിവയര്‍ വേദന തുടങ്ങിയവയും കാണാം. രോഗം നേരത്തേ കണ്ടത്തെിയാല്‍മാത്രമേ ചികിത്സ ഫലപ്രദമാവുകയുള്ളൂവെന്നും മന്ത്രാലയം അറിയിച്ചു. ഈദ് ദിനത്തിലും രോഗാണുക്കളില്ലാത്ത ഇറച്ചി വിപണിയില്‍ ലഭ്യമാക്കാന്‍ നടപടിയെടുത്തതായി നഗരസഭാ ജലവിഭവ മന്ത്രാലയം അറിയിച്ചു. പ്രാദേശിക അറവുകേന്ദ്രങ്ങളിലും നഗരസഭകളുടെ കീഴിലുള്ള അറവുശാലകളിലും പരിശോധനനടത്തി മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. അറവുശാലകളില്‍നിന്നുള്ള മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനും പ്രത്യേക നടപടി കൈക്കൊണ്ടിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.