ഇന്ധനത്തിന് ആവശ്യക്കാര്‍ കുറഞ്ഞു

മസ്കത്ത്: ജനുവരി മുതല്‍ ഏപ്രില്‍ വരെ നാലുമാസ കാലയളവില്‍ രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ വില്‍പനത്തോത് കുറഞ്ഞതായി കണക്കുകള്‍. പെട്രോള്‍ വില്‍പന കഴിഞ്ഞവര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് ഒരുശതമാനമണ് വര്‍ധിച്ചത്. ഡീസല്‍ വില്‍പന നാലുശതമാനം കുറഞ്ഞതായും ഒമാന്‍ ഓയില്‍ റിഫൈനറീസ് ആന്‍ഡ് പെട്രോളിയം ഇന്‍ഡസ്ട്രീസ് കമ്പനിയുടെ കണക്കുകള്‍ പറയുന്നു. അതേസമയം, കഴിഞ്ഞ പത്തുവര്‍ഷ കാലയളവില്‍ പെട്രോള്‍ വില്‍പനയില്‍ ശരാശരി 9.6 ശതമാനത്തിന്‍െറ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഡീസലിന്‍െറ ആവശ്യം ശരാശരി 9.1 ശതമാനം എന്ന തോതിലും വര്‍ധിച്ചതായി കണക്കുകള്‍ പറയുന്നു. ഇന്ധന വില സ്ഥിരമായിരുന്ന 2006 മുതല്‍ 2015 വരെ മൊത്തം പെട്രോള്‍ വില്‍പനയില്‍ റെഗുലര്‍ ഗ്രേഡിന്‍െറ പങ്ക് ഓരോ വര്‍ഷവും കുറഞ്ഞുവരുകയായിരുന്നു. എന്നാല്‍, വിലനിയന്ത്രണം നീക്കിയശേഷം റെഗുലര്‍ പെട്രോളിന് ആവശ്യക്കാര്‍ വര്‍ധിച്ചു. വില വര്‍ധിപ്പിച്ച ആദ്യ മാസംതന്നെ റെഗുലര്‍ പെട്രോളിന്‍െറ ആവശ്യക്കാര്‍ 151 ശതമാനമാണ് വര്‍ധിച്ചത്. മൂന്നു മാസത്തിന് ശേഷം ഇത് 320 ശതമാനം എന്ന നിലയിലേക്ക് വര്‍ധിച്ചു. സ്വകാര്യ വാഹനയുടമകളും ടാക്സി ഡ്രൈവര്‍മാരുമാണ് റെഗുലര്‍ പെട്രോളിലേക്ക് ആദ്യം കൂടുമാറിയത്. ജനുവരിയില്‍ സൂപ്പര്‍ പെട്രോളിന്‍െറ ആവശ്യം 6700 ക്യുബിക് മീറ്ററായി കുറഞ്ഞു. ഏപ്രില്‍ അവസാനം വരെ വില്‍പനയില്‍ ശരാശരി നാലുശതമാനത്തിന്‍െറ കുറവാണ് ഉണ്ടായത്. ആഗസ്റ്റ് ഒന്നുമുതല്‍ 91 ഗ്രേഡിലുള്ള പുതിയയിനം പെട്രോള്‍ വിപണിയിലത്തെുമെന്ന് ഓര്‍പിക് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ മുസാബ് അല്‍ മഹ്റൂഖി പറഞ്ഞു. ഇതോടെ നിലവിലുള്ള റെഗുലര്‍ ഗ്രേഡ് വിപണിയില്‍നിന്ന് പിന്‍വലിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.