മുവാസലാത്ത് നിരക്കിളവ്  നാളെ അവസാനിക്കും

മസ്കത്ത്: ഒമാന്‍െറ പൊതുമേഖലാ ബസ് സര്‍വിസായ മുവാസലാത്ത് പ്രഖ്യാപിച്ച നിരക്കിളവ് നാളെ അവസാനിക്കും. മാര്‍ച്ച് ഒന്നുമുതല്‍ കുറഞ്ഞ നിരക്ക് 200 ബൈസയായി ഉയരും. നിലവില്‍ 100 ബൈസയാണ് മിനിമം നിരക്ക്. റൂവിയില്‍നിന്ന് മബേലയിലേക്കും വാദി കബീര്‍, വാദി അദൈ എന്നിവിടങ്ങളിലേക്കുമാണ് മുവാസലാത്ത് സര്‍വിസ് നടത്തുന്നത്. വാദീ കബീര്‍, വാദീ അദൈ എന്നീ റൂട്ടുകളില്‍ 100 ബൈസയാണ് ഈടാക്കുന്നത്. ഇത് 200 ബൈസയായി ഉയരും. റൂവി മബേല റൂട്ടിനെ മൂന്നു സോണുകളായി തിരിച്ചിട്ടുണ്ട്. 
റൂവി മുതല്‍ ഖുറം വരെ എ സോണില്‍ ഉള്‍പ്പെടും. എ സോണിനുള്ളില്‍ എവിടെ ഇറങ്ങിയാലും ചൊവ്വാഴ്ച മുതല്‍ 200 ബൈസ നല്‍കണം.  റുവി മുതല്‍ അസൈബ വരെയാണ് ബി സോണ്‍. നിലവില്‍ ഈ സോണില്‍ 200 ബൈസയാണ് നിരക്ക്. എ സോണില്‍നിന്ന് ബി സോണിലെ സരൂജ്, അല്‍ ഖുവൈര്‍, അല്‍ ഗുബ്റ, അസൈബ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ ഒന്നാം തീയതി മുതല്‍ 300 ബൈസ നല്‍കണം. അസൈബ മുതല്‍ മബേല വരെയാണ് സി സോണ്‍.  എ സോണില്‍നിന്ന് സി സോണിലേക്കുള്ള യാത്രാ നിരക്ക്  300 ബൈസയില്‍നിന്ന് 500 ബൈസയായി ഉയരും. 
ടാക്സികള്‍  റൂവിയില്‍നിന്ന് വത്തയ്യ വരെ 200 ബൈസയും അല്‍ ഖുവൈര്‍ വരെ 300 ബൈസയും അല്‍ ഗുബ്റ വരെ 400 ബൈസയും വിമാനത്താവളം വരെ 500 ബൈസയും മബേല വരെ 700 ബൈസയുമാണ് ഈടാക്കുന്നത്. പെട്രോള്‍ വില ഉയര്‍ന്നതിനെ തുടര്‍ന്ന് പലരും കൂടിയ നിരക്ക് ഈടാക്കുന്നുണ്ട്. നിരക്കിനെ ചൊല്ലി തര്‍ക്കങ്ങള്‍ പതിവാണ്. പുതിയ നിരക്കുകള്‍ നിലവില്‍വന്നാല്‍ പോലും യാത്രക്കാരന് ടാക്സിയെക്കാള്‍ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ കഴിയും. പ്രവൃത്തി ദിവസങ്ങളില്‍ റൂവി, മബേല സ്റ്റേഷനുകളില്‍നിന്ന് രാവിലെ ആറിന് സര്‍വിസ് ആരംഭിക്കും. അവസാന ബസ്  രാത്രി 9.15ന് ഇരു സ്റ്റേഷനുകളില്‍നിന്നും പുറപ്പെടും. ഓരോ 15 മിനിറ്റ് ഇടവിട്ടും ബസുകളുണ്ടാവും. വാരാന്ത്യ അവധി ദിവസങ്ങളില്‍ മബേല റൂട്ടിലേക്ക് രാവിലെ ഏഴിനാണ് ആദ്യ ബസ് പുറപ്പെടുക. 
 അവസാന ബസ് രാത്രി ഒമ്പതരക്കായിരിക്കും. റൂവി വാദീ കബീര്‍ റൂട്ടില്‍ രാവിലെ 6.05ന് സര്‍വിസ് ആരംഭിക്കും. 6.25 നാണ് വാദി അദൈ റൂട്ടില്‍ ബസ് സര്‍വിസ് ആരംഭിക്കുന്നത്. നിലവില്‍ 60 ബസുകളാണ് ഇപ്പോള്‍ സര്‍വിസ് നടത്തുന്നത്. ഭാവിയില്‍ ബസ് സര്‍വിസുകള്‍ വര്‍ധിപ്പിക്കാനും ബസില്‍ വൈഫൈ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കാനും പദ്ധതിയുണ്ട്. നിലവിലുള്ള ബസുകളിലെ ഇരിപ്പിടങ്ങളും എയര്‍കണ്ടീഷനും വിവരങ്ങള്‍ അടങ്ങുന്ന സ്ക്രീനും ആവശ്യമുള്ളവര്‍ക്ക് ഉപയോഗിക്കാനുള്ള സ്റ്റോപ് ബട്ടനുകളും യാത്രക്കാരെ ആകര്‍ഷിക്കുന്നുണ്ട്. റൂവി-അല്‍ അമിറാത്ത്, റൂവി - മസ്കത്ത് റൂട്ടുകളില്‍ ഈ മാസം മുതല്‍ സര്‍വിസ് ആരംഭിക്കുമെന്ന് നേരത്തേ അധികൃതര്‍ അറിയിച്ചിരുന്നു.  പെട്രോള്‍ വില വര്‍ധിച്ചതിനെ തുടര്‍ന്ന് ബസുകളില്‍ തിരക്ക് കൂടിയിട്ടുണ്ട്.
 50 ലക്ഷം യാത്രക്കാര്‍ ഈ വര്‍ഷം ബസ് സര്‍വിസ് ഉപയോഗിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുവാസലാത്ത് സി.ഇ.ഒ അഹ്മ്മദ് അലി അല്‍ ബലൂഷി പറഞ്ഞു. മസ്കത്ത് നഗരസഭയുമായി ചേര്‍ന്ന് ‘പാര്‍ക്ക് ആന്‍ഡ് റൈഡ്’ പദ്ധതി നടപ്പാക്കുന്നതും ആലോചനയിലുണ്ട്. ഇത് യാഥാര്‍ഥ്യമാകുന്നതോടെ വാഹനങ്ങള്‍ ഇവിടെ പാര്‍ക്ക് ചെയ്ത് ബസില്‍ യാത്ര ചെയ്യാന്‍ കഴിയും. പൊതുഗതാഗതം പ്രോല്‍സാഹിപ്പിക്കുന്നതിന്‍െറ ഭാഗമായാണ് പാര്‍ക്ക് ആന്‍റ് റൈഡ് നടപ്പിലാക്കുന്നതെന്ന് സി.ഇഒ അറിയിച്ചു. വൈകല്യമുള്ളവര്‍ക്ക് എളുപ്പത്തില്‍ കയറാന്‍ പാകത്തിനാണ് ബസുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. വാഹനത്തിനുള്ളില്‍ ഭക്ഷണം കഴിക്കുന്നതും പുകവലിക്കുന്നതും നിരോധിച്ചിട്ടുണ്ട്. 
ഡ്രൈവര്‍മാരെ നിരീക്ഷിക്കുന്നതിനായി കാമറകളും ബസുകളിലുണ്ടെന്ന് അല്‍ ബലൂഷി പറഞ്ഞു. 700 ജീവനക്കാരാണ് മുവാസലാത്തില്‍ ഉള്ളത്. പുതിയ ബസുകള്‍ക്കായി ഏഴു ദശലക്ഷം റിയാലാണ് നിക്ഷേപിച്ചിട്ടുള്ളത്. അനുബന്ധ 
ചെലവുകളെല്ലാം കണക്കിലെടുക്കുമ്പോള്‍ നിക്ഷേപം 10 ദശലക്ഷം റിയാലായി ഉയരുമെന്നും സി.ഇ.ഒ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.