സീബ് ഇന്ത്യന്‍ സ്കൂളിന്‍െറ മേല്‍നോട്ടത്തില്‍ സുരക്ഷിത ഗതാഗത സംവിധാനം

മസ്കത്ത്: വിദ്യാര്‍ഥികള്‍ക്കായി സ്കൂളിന്‍െറ മേല്‍നോട്ടത്തില്‍ സുരക്ഷിത ഗതാഗത സംവിധാനം ഏര്‍പ്പെടുത്തിയതായി സീബ് ഇന്ത്യന്‍ സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി. സംവിധാനം തിങ്കളാഴ്ച മുതല്‍ നിലവില്‍വന്നു. പരീക്ഷണാടിസ്ഥാനത്തില്‍ നാലു റൂട്ടുകളിലേക്ക് ആറ് സ്കൂള്‍ ബസുകളാണ് ഓടിക്കുന്നത്. വിദ്യാര്‍ഥികളുടെ സ്കൂള്‍ യാത്ര സുരക്ഷിതമാക്കണമെന്ന രക്ഷിതാക്കളുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ ഇന്ത്യന്‍ സ്കൂളുകളിലും സുരക്ഷിതമായ ഗതാഗത സംവിധാനം ഏര്‍പ്പെടുത്തണമെന്ന തീരുമാനം 2014 ജൂണില്‍ ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് എടുത്തിരുന്നു. റോയല്‍ ഒമാന്‍ പൊലീസ്, വിദ്യാഭ്യാസ മന്ത്രാലയം എന്നിവയുടെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് സ്കൂള്‍ ബസുകളില്‍ ഒരുക്കേണ്ട സുരക്ഷാക്രമീകരണങ്ങളെ കുറിച്ച് ഡയറക്ടര്‍ ബോര്‍ഡ് തയാറാക്കിയ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സീബ് സ്കൂളില്‍ ഗതാഗത സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.  450 വിദ്യാര്‍ഥികളാണ് ഇതില്‍ യാത്ര ചെയ്യാനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രാഥമിക ഘട്ടത്തില്‍ 100 വിദ്യാര്‍ഥികളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഓരോ റൂട്ടിലും ആവശ്യമായ മിനിമം കുട്ടികളുടെ എണ്ണം തികഞ്ഞിട്ടേ എല്ലാ റൂട്ടിലേക്കും ബസ് സൗകര്യം ഏര്‍പ്പെടുത്തൂവെന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി. ഡ്രൈവറെയും കുട്ടികളെയും നിരീക്ഷിക്കാന്‍ സി.സി.ടി.വി കാമറ, സീറ്റ്ബെല്‍റ്റ്, എമര്‍ജന്‍സി വാതില്‍, ബസിന്‍െറ നീക്കം നിരീക്ഷിക്കാന്‍ ഐ.വി.എം.എസ് സംവിധാനം എന്നിവ ഓരോ ബസിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിശീലനം സിദ്ധിച്ച പരിചയസമ്പന്നരായ ഡ്രൈവര്‍മാരെയാണ് നിയമിച്ചിരിക്കുന്നത്. ഓരോ ബസിലും സഹായിയും ഉണ്ടാകും. കുട്ടികള്‍ ഇറങ്ങുന്നതും കയറുന്നതും നിരീക്ഷിക്കാന്‍ സ്കൂള്‍ ജീവനക്കാരനെയും നിയോഗിച്ചിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി അസൈബയിലെ നാഷനല്‍ ഡിസ്റ്റന്‍സ് ട്രേഡിങ് എല്‍.എല്‍.സി എന്ന കമ്പനിയുമായിട്ടാണ് സ്കൂള്‍ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ സ്കൂള്‍ ഗതാഗത ഗവേണിങ് ബോഡിയെയും നിയോഗിച്ചിട്ടുണ്ട്.  19 ഇന്ത്യന്‍ സ്കൂളുകളില്‍ സീബ് സ്കൂളിന് പുറമെ ദാര്‍സൈത്, മബേല എന്നിവിടങ്ങളില്‍ മാത്രമാണ് സ്കൂള്‍ ബസ് സര്‍വിസ് ഉള്ളത്. മസ്കത്ത് ഇന്ത്യന്‍ സ്കൂളില്‍ ഇതിനായി കമ്മിറ്റി രൂപവത്കരിച്ച് നടപടികള്‍ പുരോഗമിക്കുകയാണ്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.