മസ്കത്ത്: റോഡ്, വ്യോമയാനം, റെയില്‍, തുറമുഖം തുടങ്ങി സര്‍വമേഖലകളിലും ഈവര്‍ഷം പുതിയ പദ്ധതികള്‍ നടപ്പാക്കുമെന്ന് ഗതാഗത-വാര്‍ത്താവിനിമയ മന്ത്രാലയം വ്യക്തമാക്കി. 432 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 19 റോഡ് പദ്ധതികള്‍ക്ക് ഈ വര്‍ഷം ടെന്‍ഡര്‍ ഉറപ്പിക്കുമെന്ന് ഗതാഗത-വാര്‍ത്താവിനിമയ മന്ത്രി ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ ഫുതൈസി പറഞ്ഞു.
190 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അഞ്ചു റോഡുകളുടെ പഠനം നടന്നുവരുകയാണ്. ഈ വര്‍ഷംതന്നെ ഇതുമായി ബന്ധപ്പെട്ട പദ്ധതികള്‍ പ്രഖ്യാപിക്കും. അല്‍ ബാതിന എക്സ്പ്രസ്വേയില്‍ ബര്‍ക/അല്‍ ഹസം റൗണ്ടെബൗട്ട്, ലിവ/ഖത്മത് മില എന്നീ പുതിയ ഭാഗങ്ങള്‍ ഈവര്‍ഷം പൂര്‍ത്തിയാക്കും. ബിദ്ബിദ്-സൂര്‍, ജിബ്റീന്‍-ഇബ്രി റോഡ് എന്നിവയുടെ ആദ്യഘട്ടവും ഈവര്‍ഷം പൂര്‍ത്തിയാകുംവിധം പുരോഗമിക്കുകയാണ്. ഇവയും നിസ്വ-ഇബ്രി (രണ്ടാംഘട്ടം), ജിബ്രീന്‍-ഇബ്രി (രണ്ടാംഘട്ടം) എന്നിവയുമടക്കം 821 കിലോമീറ്റര്‍ റോഡ് ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് ഗതാഗതമന്ത്രാലയത്തിന്‍െറ വാര്‍ഷിക ജനറല്‍ മീറ്റിങ്ങില്‍ മന്ത്രി വ്യക്തമാക്കി.
പൊതുഗതാഗതം, റോഡ് ഗതാഗതം, തുറമുഖം എന്നിവയുമായി ബന്ധപ്പെട്ട് പുതിയ നയങ്ങള്‍ക്ക് ഗതാഗതമന്ത്രാലയം ഈ വര്‍ഷം രൂപംനല്‍കും.
പിന്നീട് ഇത് മന്ത്രിസഭയുടെ പരിഗണനക്കായി സമര്‍പ്പിക്കും. വ്യോമയാന നിയമം, ടെലികമ്യൂണിക്കേഷന്‍ നിയമം, സമുദ്രത്തെയും സമുദ്രവാഹനങ്ങളെയും സമുദ്രവാണിഭത്തെയും സംബന്ധിക്കുന്ന നിയമം എന്നിവയില്‍ ഭേദഗതികള്‍ വരുത്തും. സ്കൂള്‍ ബസുകള്‍, ടാക്സികള്‍, ടാക്സി കമ്പനികള്‍, ട്രക്ക് കമ്പനികള്‍ എന്നിവയെ നിയന്ത്രിക്കുകയാണ് നിയമഭേദഗതികൊണ്ട് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. 2015ല്‍ ഗതാഗത-വാര്‍ത്താവിനിമയ മന്ത്രാലയം 24 പദ്ധതികള്‍ പൂര്‍ത്തിയാക്കിയെന്നും അഞ്ചു പദ്ധതികളുടെ നിര്‍മാണം പുരോഗമിക്കുകയാണെന്നും മന്ത്രാലയത്തിലെ ഗതാഗതകാര്യ അണ്ടര്‍ സെക്രട്ടറി എന്‍ജിനീയര്‍ സാലിം ബിന്‍ മുഹമ്മദ് അല്‍ നുഐമി പറഞ്ഞു.
694 കിലോമീറ്റര്‍ റോഡ് 729 മില്യണ്‍ റിയാല്‍ ചെലവഴിച്ചാണ് പൂര്‍ത്തിയാക്കിയത്.
സലാല തുറമുഖത്തുനിന്ന് വ്യവസായമേഖലകളിലേക്കും മറ്റ് ഫ്രീസോണുകളിലേക്കുമുള്ള സര്‍വിസ് കോറിഡോറിന്‍െറ നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് മന്ത്രാലയത്തിലെ തുറമുഖകാര്യ അണ്ടര്‍ സെക്രട്ടറി സഈദ് ബിന്‍ ഹംദൂന്‍ അല്‍ ഹാരിസി പറഞ്ഞു.
ഷിനാസ് പോര്‍ട്ട് വികസനപദ്ധതിയുടെ രൂപരേഖ തയാറായിട്ടുണ്ട്. ഉടന്‍ ടെന്‍ഡറുകള്‍ ക്ഷണിക്കും.
സൊഹാര്‍, ഖസബ് തുടങ്ങിയ തുറമുഖങ്ങളിലും വിവിധ വികസനപദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.