കടലാമ സംരക്ഷണത്തിന്  ഇ.എസ്.ഒ രംഗത്ത്

മസ്കത്ത്: വംശനാശഭീഷണി നേരിടുന്ന ലാഗര്‍ഹെഡ് കടലാമകളുടെ സംരക്ഷണത്തിനുള്ള ബോധവത്കരണവുമായി എന്‍വയണ്‍മെന്‍റ് സൊസൈറ്റി ഓഫ് ഒമാന്‍ (ഇ.എസ്.ഒ) രംഗത്ത്. അറബിക്കടലിന്‍െറ ഒമാന്‍, യമന്‍തീരങ്ങളില്‍ ലാഗര്‍ഹെഡ് കടലാമകളുടെ എണ്ണം കുറഞ്ഞുവരുന്നതായി ഇന്‍റര്‍നാഷനല്‍ യൂനിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐ.യു.സി.എന്‍) 2015ല്‍ നടത്തിയ സര്‍വേയില്‍ കണ്ടത്തെിയതിനെ തുടര്‍ന്നാണ് ബോധവത്കരണ പരിപാടികള്‍ക്ക് ഇ.എസ്.ഒ രൂപം നല്‍കിയത്. കടലാമകളെ സംരക്ഷിക്കുന്നതിന് മത്സ്യബന്ധന തൊഴിലാളികള്‍, വിനോദസഞ്ചാരികള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് വിവരിക്കുന്ന ബോധവത്കരണ പരിപാടികള്‍ മൂന്നുമാസം നീളും. പരിസ്ഥിതി-കാലാവസ്ഥാ മന്ത്രാലയത്തിന്‍െറ സഹകരണത്തോടെയാണിത്. കഴിഞ്ഞ മൂന്നു തലമുറകളിലായി ലാഗര്‍ഹെഡ് കടലാമകളുടെ എണ്ണത്തില്‍ 80 ശതമാനം കുറവുണ്ടായെന്നാണ് ഐ.യു.സി.എന്നിന്‍െറ പഠനത്തില്‍ കണ്ടത്തെിയത്. ഒമാനിലെ മാസിറ ദ്വീപില്‍ പ്രതിവര്‍ഷം 13,000 പെണ്‍ ലാഗര്‍ഹെഡ് കടലാമകള്‍ മുട്ടയിടാന്‍ എത്തുന്നെന്നാണ് കണക്ക്. 20 വര്‍ഷം മുമ്പ് ഇത് 30,000നും 40,000നും ഇടക്കായിരുന്നു. കടല്‍ത്തീര മലിനീകരണം, മത്സ്യബന്ധനം, തീരദേശത്തെ നിര്‍മാണങ്ങള്‍, വാഹനഗതാഗതം എന്നിവയാണ് ഇവയുടെ പ്രജനനം കുറയാനുള്ള കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. 
മറ്റ് കടല്‍വിഭവങ്ങളെ പിടിക്കുമ്പോള്‍ അറിയാതെ കടലാമകള്‍ മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങുന്നതും മറ്റൊരു കാരണമാണെന്ന് ഇ.എസ്.ഒ ബോര്‍ഡംഗം ദന അല്‍ സര്‍ഹാനി, മാസിറ ഫീല്‍ഡ് റിസര്‍ച് അസിസ്റ്റന്‍റ് ജുമ അല്‍ അറമി എന്നിവര്‍ പറഞ്ഞു. വടക്കുപടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ലാഗര്‍ഹെഡ് കടലാമകളുടെ പ്രജനനത്തിന്‍െറ 90 ശതമാനവും നടക്കുന്നത് മാസിറ ദ്വീപിലാണ്. ലാഗര്‍ഹെഡ് കടലാമകളുടെ ലോകത്തെ രണ്ടാമത് ആവാസകേന്ദ്രമാണ് ഒമാന്‍.   
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.