മസ്കത്ത്: വ്യോമയാനമേഖലയില്‍ രാജ്യത്തിന്‍െറ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന മസ്കത്ത് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സെന്‍റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ഏറ്റവും ആധുനികമായ സൗകര്യങ്ങളോടെ 25 ദശലക്ഷം റിയാലിലധികം ചെലവിട്ട് നിര്‍മിച്ച സെന്‍ററിന്‍െറ ഉദ്ഘാടന ചടങ്ങ് സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. യാഹ്യാ ബിന്‍ മഹ്ഫൂദ് അല്‍ മന്‍ദരിയുടെ രക്ഷാകര്‍തൃത്വത്തിലാണ് നടന്നത്. അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍െറ മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള ഉയര്‍ന്നതോതിലുള്ള വ്യോമയാന സുരക്ഷയും ഭദ്രതയും ഉറപ്പാക്കാന്‍ കഴിയുന്നതാണ് സെന്‍റര്‍.
ഇതുവഴി രാജ്യത്തെ വ്യോമയാന മേഖലയുടെ ശേഷി ഉയര്‍ത്താന്‍ കഴിയുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. 56 ഇഞ്ചുള്ള മോണിറ്ററുകളാണ് സ്ഥാപിച്ചിട്ടുള്ളത്. 47,000 അടി ഉയരത്തില്‍ വരെയുള്ള വ്യോമഗതാഗതം സെന്‍റര്‍ വഴി നിരീക്ഷിക്കാന്‍ കഴിയും.
വ്യോമയാനമേഖലയില്‍ സുല്‍ത്താനേറ്റിന്‍െറ മുന്നേറ്റത്തിന് വഴിയൊരുക്കുന്നതാണ് പുതിയ കേന്ദ്രമെന്ന് ഡോ. യാഹ്യാ ബിന്‍ മഹ്ഫൂദ് അല്‍ മന്‍ദരി അഭിപ്രായപ്പെട്ടു. വ്യോമയാന രംഗത്തെ വളര്‍ച്ച മുന്‍നിര്‍ത്തി സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയ സുപ്രധാന പദ്ധതിയാണ് സെന്‍ററെന്ന് സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ഡോ. മുഹമ്മദ് ബിന്‍ നാസര്‍ അല്‍ സാബി പറഞ്ഞു. ദിനംപ്രതി ഒമാന്‍ ആകാശത്തിലൂടെ കടന്നുപോകുന്ന 1500 ലേറെ വിമാനങ്ങള്‍ക്ക് കൃത്യതയോടെയുള്ള സേവനം നല്‍കാന്‍ കേന്ദ്രം വഴി കഴിയും. ആസ്ട്രേലിയ, ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്കുള്ള വ്യോമപാതയുടെ തന്ത്രപ്രധാന സ്ഥലത്താണ് ഒമാന്‍ എന്നതിനാല്‍ പ്രതിവര്‍ഷം ഒമാന്‍ ആകാശം ഉപയോഗിക്കുന്ന വിമാനങ്ങളുടെ എണ്ണത്തില്‍ 11 ശതമാനം വര്‍ധനവുണ്ട്.
അപകടങ്ങള്‍ മുന്‍കൂട്ടി കാണുന്നതിനുള്ള സംവിധാനത്തിനൊപ്പം വ്യോമഗതാഗതവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സമീപ രാഷ്ട്രങ്ങളുമായി പങ്കുവെക്കാനും സാധ്യമാകുമെന്ന് അല്‍ സാബി പറഞ്ഞു. മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, ജി.സി.സി അറബ് രാഷ്ട്രങ്ങളില്‍നിന്നുള്ള പ്രമുഖര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.