ഒമാന്‍ സൗന്ദര്യം കാമറകളില്‍ പകര്‍ത്താന്‍ ദിനേശ് ഡെക്കര്‍

ദിനേശ് ഡെക്കര്‍
 

മസ്കത്ത്: ശ്രീലങ്കന്‍ വനങ്ങളില്‍നിന്ന് ആയിരക്കണക്കിന് വന്യമൃഗങ്ങളെ കാമറയില്‍ പകര്‍ത്തിയ ദിനേശ് ഡെക്കര്‍ ഒമാന്‍െറ സൗന്ദര്യവും ഒപ്പിയെടുക്കുന്നു. സലാല, സൂര്‍, ഖുറിയാത്ത് ഡാം, ജബല്‍ അഖ്തര്‍, ജബല്‍ ശംസ് തുടങ്ങിയ വിവിധ സ്ഥലങ്ങളിലൂടെ സഞ്ചരിച്ചാണ് ശ്രീലങ്കയിലെ കെമ്പാഹ ജില്ലയിലെ കടവത്ത സ്വദേശിയായ ദിനേശ് ഒമാനിനെ ചിത്രങ്ങളിലൂടെ പരിചയപ്പെടുത്തുന്നത്. ചിത്രങ്ങള്‍ക്ക് പുറമെ മത്ര സൂഖിനെ കുറിച്ചും ഖുറിയാത്ത് ഡാമിനെ കുറിച്ചും ഡോക്യുമെന്‍ററിയും തയാറാക്കിയിട്ടുണ്ട് ഇദ്ദേഹം.  ഒന്നര വര്‍ഷം മാത്രമേ ഇദ്ദേഹം ഒമാനിലത്തെിയിട്ട് ആയിട്ടുള്ളൂ. ഹരിതാഭയാണ് സലാലയുടെ മനോഹാരിതയെങ്കില്‍ തവിട്ടുനിറത്തിന്‍െറ വ്യത്യസ്ത ഷേഡുകളാണ് മസ്കത്തിന്‍െറ പ്രത്യേകതയെന്ന് അദ്ദേഹം പറയുന്നു. ശൈത്യകാലത്താണ് ഒമാനില്‍ ഫോട്ടോകള്‍ പകര്‍ത്താന്‍ നല്ലതെന്ന് ദിനേശ് ഡെക്കര്‍ അഭിപ്രായപ്പെട്ടു. ലാന്‍ഡ്സ്കേപ് ഫോട്ടോഗ്രഫിയില്‍ മേഘങ്ങള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ട്്.

ഒമാനിന്‍െറ ആകാശം വര്‍ഷത്തില്‍ വളരെ കുറഞ്ഞ കാലം മാത്രമേ മേഘാവൃതമാവാറുള്ളൂ. ഒമാനിലെ ലാന്‍ഡ്സ്കേപ് ഫോട്ടോഗ്രഫിയില്‍ ഇത് വലിയ വെല്ലുവിളിയാണ്. അത്യപൂര്‍വ പുലിവര്‍ഗങ്ങളുടെ മണ്ണാണ് ഒമാനെന്നും ലോകത്തെ മറ്റു പലയിടങ്ങളിലും വംശനാശം സംഭവിച്ച പുലികളെ ദോഫാര്‍ മേഖലയില്‍ കാണാനാവുമെന്നും അദ്ദേഹം പറയുന്നു. ഫോട്ടോഗ്രഫിയില്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് സ്കൂളുകള്‍ കേന്ദ്രീകരിച്ച് ശില്‍പശാല സംഘടിപ്പിക്കാനും ഒമാനില്‍ കൂടുതല്‍ യാത്രചെയ്യാനും ഒമാനിന്‍െറ പ്രകൃതി സംരക്ഷണ പദ്ധതികളില്‍ ഭാഗഭാക്കാവാനും പദ്ധതിയുണ്ട്. വന്യജീവികളെ കുറിച്ച് 120ലധികം ഡോക്യുമെന്‍ററികള്‍ തയാറാക്കിയ ദിനേശ് ഡെക്കര്‍ ശ്രീലങ്കയിലെ ഉയരം കൂടിയ പത്തു പര്‍വതങ്ങള്‍ കയറിയ അപൂര്‍വം പേരില്‍ ഒരാളാണ്. ശ്രീലങ്കന്‍ പത്രങ്ങള്‍ക്കുവേണ്ടി നിരവധി സഞ്ചാര കുറിപ്പുകളും ഇദ്ദേഹം തയാറാക്കിയിട്ടുണ്ട്. യുനെസ്കോ പൈതൃക പട്ടികയിലുള്ള സിന്‍ഹരാജ, നക്ള്‍സ് പര്‍വതയോരങ്ങള്‍ എന്നിവയും വില്‍പത്തു നാഷനല്‍ പാര്‍ക്ക്, യാല നാഷനല്‍ പാര്‍ക്ക് തുടങ്ങിയവയും സന്ദര്‍ശിച്ചാണ് കൂടുതല്‍ വന്യജീവി ഫോട്ടോകള്‍ എടുത്തതെന്ന് ദിനേശ് ഡെക്കര്‍ പറഞ്ഞു. 15ാം വയസ്സ് മുതല്‍ കാമറ ഉപയോഗിക്കുന്ന ഇദ്ദേഹത്തിന്‍െറ ഫോട്ടോകള്‍ ദേശീയ, അന്തര്‍ദേശീയ എക്സിബിഷനുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 
മസ്കത്തിലെ ശ്രീലങ്കന്‍ സ്കൂളിലും ദിനേശ് ഡെക്കറിന്‍െറ ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുണ്ട്. മദീന ഖാബൂസില്‍ പന്തേര നിംറ് ഡിസൈനിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ് ദിനേശ് ഡെക്കര്‍. മസ്കത്തിലെ ശ്രീലങ്കന്‍ സ്കൂളില്‍ അധ്യാപികയായ സുഭാഷിണി സുമനശേഖരയാണ് ഭാര്യ. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.