മസ്കത്ത്: ദേശീയ പൊതുഗതാഗത കമ്പനിയായ മുവാസലാത്ത് മസ്കത്തില്‍ പുതിയ ബസ്റൂട്ട് പ്രഖ്യാപിച്ചു. അല്‍ഖൂദ്-സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാല-അല്‍ സഹ്വ ടവര്‍ റൂട്ടില്‍ അടുത്ത വെള്ളിയാഴ്ച മുതല്‍ സര്‍വിസ് ആരംഭിക്കുമെന്ന് കമ്പനി ട്വിറ്ററില്‍ അറിയിച്ചു. രാവിലെ ആറുമണിക്കാകും ആദ്യ സര്‍വിസ്. ഇരുദിശകളിലേക്കുമായി ഇരുപത് മിനിറ്റ് ഇടവിട്ട് സര്‍വിസ് നടത്താനാണ് പദ്ധതി. ആഴ്ചയില്‍ എല്ലാ ദിവസവും ഈ സമയക്രമം പിന്തുടരും. രാത്രി 9.40നാകും അവസാനത്തെ സര്‍വിസ് ഉണ്ടാവുക. സഹ്വ ടവര്‍-അല്‍ മവേല സെന്‍ട്രല്‍ സൂഖ്-റുസൈല്‍ ബ്രിഡ്ജ്-നോളജ് ഒയാസിസ്-സൗത് മവേല-യൂനിവേഴ്സിറ്റി സതേണ്‍ ഗേറ്റ്-യൂനിവേഴ്സിറ്റി ഹോസ്പിറ്റല്‍-അല്‍ ഖൂദ് സിക്സ്ത് റൗണ്ട് എബൗട്ട്-യൂനിവേഴ്സിറ്റി നോര്‍ത്തേണ്‍ ഗേറ്റ്-അല്‍ മവദ്ദ റൗണ്ട് എബൗട്ട്-സുല്‍ത്താന്‍ ഖാബൂസ് മസ്ജിദ്-അല്‍ ഖൂദ് സൂഖ്-അല്‍ സലാം റൗണ്ട് എബൗട്ട് എന്നതാണ് ബസിന്‍െറ റൂട്ട്. അല്‍ ഖൂദ് പാര്‍ക്കിലാണ് ബസ് സര്‍വിസ് അവസാനിപ്പിക്കുക. സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാല, യൂനിവേഴ്സിറ്റി ആശുപത്രി, നോളജ് ഒയാസിസ്, അല്‍ ഖൂദ് സൂഖ് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാകും ബസ് സര്‍വിസ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ പ്രവര്‍ത്തനമാരംഭിച്ച മുവാസലാത്ത് ഇതിനകം മസ്കത്ത് ഗവര്‍ണറേറ്റിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കുമിടയില്‍ ജനപ്രിയമായി കഴിഞ്ഞു. ജൂലൈ അവസാനം വരെയുള്ള കണക്കനുസരിച്ച് 21 ലക്ഷം യാത്രക്കാരാണ് മുവാസലാത്ത് സര്‍വിസുകള്‍ ഉപയോഗിച്ചത്. റൂവി-അല്‍ മബേല റൂട്ടിലാണ് കൂടുതല്‍ പേര്‍ ബസ് സര്‍വിസ് ഉപയോഗിച്ചത്. പത്തുലക്ഷത്തിലധികം പേരാണ് ഈ റൂട്ടില്‍ യാത്ര ചെയ്തത്.
റൂവി വാദി കബീര്‍ റൂട്ടില്‍ ആറുലക്ഷത്തിലധികം പേരും റൂവി വാദി അദൈ റൂട്ടില്‍ രണ്ടുലക്ഷത്തിലധികം പേരും അമിറാത്ത് റൂട്ടില്‍ 1.22 ലക്ഷം പേരും മത്ര റൂട്ടില്‍ 72,000 പേരും ബസ് സര്‍വിസ് ഉപയോഗിച്ചു. പ്രതിദിനം ശരാശരി പതിനായിരം പേര്‍ എന്ന തോതില്‍ മുവാസലാത്ത് ബസുകളില്‍ യാത്ര ചെയ്തതായി കണക്കുകള്‍ കാണിക്കുന്നു. ഖരീഫ് സീസണിന്‍െറ ഭാഗമായി കമ്പനി സലാലയിലേക്കുള്ള പ്രതിദിന സര്‍വിസുകള്‍ മൂന്നില്‍നിന്ന് അഞ്ചായി വര്‍ധിപ്പിച്ചത് സഞ്ചാരികള്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്നു. മസ്കത്ത്-ദുകം റൂട്ടില്‍ വൈകാതെ സര്‍വിസ് ആരംഭിക്കുമെന്ന് കമ്പനി നേരത്തേ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.