സ്വദേശി സ്റ്റാര്‍ട്ട്അപ് കമ്പനി സോളാര്‍ പാനലുകള്‍ നിര്‍മിക്കാന്‍ ഒരുങ്ങുന്നു

മസ്കത്ത്: നിരവധി സൗരോര്‍ജ, കാറ്റാടി വൈദ്യുതി പദ്ധതികള്‍ നിര്‍മിച്ചിട്ടുള്ള സ്വദേശി സ്റ്റാര്‍ട്ട് അപ് സംരംഭം സൗരോര്‍ജ പാനലുകളുടെ നിര്‍മാണത്തിലേക്ക് കടക്കാന്‍ ഒരുങ്ങുന്നു. നഫാത്ത് റിന്യൂവബ്ള്‍ എനര്‍ജി എന്ന സ്ഥാപനമാണ് പുനരുപയോഗ ഊര്‍ജ മേഖലയില്‍ ശ്രദ്ധേയമായ ചുവടുവെപ്പിന് ഒരുങ്ങുന്നത്.
നിലവില്‍ സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ കാര്‍ പാര്‍ക്കിങ്ങില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുന്ന പദ്ധതിയാണ് കമ്പനി നടത്തുന്നതെന്ന് സി.ഇ.ഒ അബ്ദുല്ലാഹ് അല്‍ സൈദി പറഞ്ഞു. ഗ്രിഡുമായി ബന്ധിപ്പിച്ചിട്ടുള്ള പദ്ധതിയില്‍നിന്ന് 172 കിലോവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. സോളാര്‍ പാനല്‍ നിര്‍മാണകേന്ദ്രത്തിന്‍െറ രൂപകല്‍പന നടന്നുകൊണ്ടിരിക്കുകയാണ്. ഒൗദ്യോഗിക അനുമതികള്‍ ലഭിച്ചാലുടന്‍ പദ്ധതിയുടെ നിര്‍മാണമാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിരവധി സൗരോര്‍ജ വൈദ്യുതോല്‍പാദന പദ്ധതികള്‍ സ്ഥാപിക്കുന്നതിനുള്ള കരാറുകള്‍ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. വീടുകളുടെ മേല്‍ക്കൂരയില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാനും അത് ഗ്രിഡുമായി ബന്ധിപ്പിക്കുന്നതിനുമുള്ള പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യങ്ങളില്‍ സോളാര്‍ പാനലുകളുടെ നിര്‍മാണം ആരംഭിക്കുന്നത് കമ്പനിക്ക് ഗുണകരമാകുമെന്നും അല്‍ സൈദി പറഞ്ഞു.
സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലേത് കമ്പനിയുടെ ഏറ്റവും വലിയ പദ്ധതിയാണ്. അധിക വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പക്ഷം അത് ഗ്രിഡിലേക്ക് നല്‍കാന്‍ ലക്ഷ്യമിട്ടാണ് ഇതിന്‍െറ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്. അടുത്ത വര്‍ഷമാദ്യം ഇത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അല്‍ സൈദി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.