സലാല: ഖരീഫ് സന്ദര്‍ശകരെ ആകര്‍ഷിച്ച് കരകൗശല ഉല്‍പന്നങ്ങളും

മസ്കത്ത്: മഴക്കാല സൗന്ദര്യമാസ്വദിക്കാന്‍ സലാലയിലത്തെുന്ന സന്ദര്‍ശകര്‍ക്ക് ദോഫാറിലെ പരമ്പരാഗത കരകൗശല ഉല്‍പന്നങ്ങളും കൗതുകം പകരുന്നു. സലാലയുടെ മാത്രമായ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന നിരവധി സ്ഥാപനങ്ങളും സലാലയിലുണ്ട്. ഇവിടങ്ങളിലെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഏറെ സാംസ്കാരിക പൈതൃകമുള്ള സലാലയുടെ നിരവധി ഉല്‍പന്നങ്ങള്‍ ഇത്തരം സ്ഥാപനങ്ങളില്‍ വില്‍പനക്കത്തെുന്നുണ്ട്. സലാലയുടേതു മാത്രമായ ചില ഉല്‍പന്നങ്ങളും ഇവയില്‍ ഉള്‍പ്പെടും.
 ഇതില്‍ മജ്മര്‍ എന്ന കുന്തിരിക്കം പുകക്കുന്ന പാത്രം ഏറെ പ്രസിദ്ധമാണ്. സുന്ദരമായ ആകൃതിയിലും രുപത്തിലും നിര്‍മിക്കുന്ന ഈ കുന്തിരിക്ക പാത്രത്തിന് ഏറെ പ്രത്യേകതകളുണ്ട്. മറ്റു ജി.സി.സി രാജ്യങ്ങളിലെ കുന്തിരിക്കം കത്തിക്കുന്ന പാത്രങ്ങളില്‍നിന്ന് ഏറെ വ്യത്യസ്തമാണിത്. ഇസ്ലാമിന് മുമ്പുള്ള കാലം മുതല്‍ക്കുതന്നെ ഇത്തരം കുന്തിരിക്ക പാത്രങ്ങള്‍ ഉപയോഗിച്ചിരുന്നു. സലാലയില്‍ നിര്‍മിക്കുന്ന ഈ കുന്തിരിക്ക പാത്രങ്ങള്‍ പഴയ പാരമ്പര്യം നിലനിര്‍ത്തുന്നുമുണ്ട്.  കരകൗശല ഉല്‍പന്നങ്ങള്‍ക്കൊപ്പം കുന്തിരിക്ക വില്‍പനയും പൊടിപൊടിക്കുന്നുണ്ട്.  പുരാതന കാലം മുതല്‍ക്കെ സലാലയിലെ കുന്തിരിക്കം ഏറെ പേരു കേട്ടതാണ്. മുന്‍കാലങ്ങളില്‍ കേരളത്തിലടക്കം കുന്തിരിക്കം സലാലയില്‍നിന്നാണ് എത്തിയിരുന്നത്. രാജധാനികളിലും പ്രധാന ചടങ്ങുകളിലും പണ്ടുകാലത്ത് കുന്തിരിക്കം പുകക്കുമായിരുന്നു. സലാലയിലെ കുന്തിരിക്ക മരങ്ങളില്‍നിന്ന് വ്യത്യസ്ത ഗുണങ്ങളുള്ള കുന്തിരിക്കം ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇവയില്‍ ഹൊജാരി എന്ന പേരില്‍ അറിയപ്പെടുന്ന കുന്തിരിക്കം ഏറെ പ്രസിദ്ധമാണ്. മുന്‍കാലങ്ങളില്‍ രാജകൊട്ടാരങ്ങളില്‍ ഈ കുന്തിരിക്കമാണ് ഉപയോഗിച്ചിരുന്നത്.

ആസ്ത്മ അടക്കമുള്ള നിരവധി ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കും ഒൗഷധമാണ് ഹൊജാരി കുന്തിരിക്കം. കുന്തിരിക്ക മരത്തിന്‍െറ പച്ചക്കറ രണ്ടു പ്രാവശ്യം ശുദ്ധീകരിച്ചാണ് ഹൊജാരി ഉല്‍പാദിപ്പിക്കുന്നത്. ക്രിസ്തുമത വിശ്വാസികള്‍ക്ക് അല്‍ ഹൊജാരി മതപ്രാധാന്യമുള്ളതാണ്. യേശുക്രിസ്തുവിന്‍െറ കുട്ടിക്കാലത്ത് കിഴക്കുനിന്ന് വന്ന ഒരു മഹാമനുഷ്യന്‍ ക്രിസ്തുവിന് ഹൊജാരി കുന്തിരിക്കം സമ്മാനിച്ചിരുന്നുവെന്നാണ് വിശ്വാസം. കുന്തിരിക്കത്തില്‍നിന്ന് വില പിടിപ്പുള്ള പെര്‍ഫ്യൂമും ഉല്‍പാദിപ്പിക്കുന്നുണ്ട്. ഏറെ വിലപിടിപ്പുള്ളവയാണിവ. ചെറിയ പെട്ടിക്ക് ചുരുങ്ങിയത് 100 റിയാലെങ്കിലും വിലയുണ്ടാവും. ഒമാനി സ്വദേശികള്‍ പരമ്പരാഗതമായി ഉപയോഗിക്കുന്ന ഖഞ്ചറുകളും ഇവിടെ ലഭ്യമാണ്. സ്വദേശികള്‍ പ്രത്യേക അവസരങ്ങളിലും ദേശീയ ഉത്സവങ്ങളിലും പ്രൗഢിയുടെയും പാരമ്പര്യത്തിന്‍െറയും പ്രതീകമായാണ് ഖഞ്ചര്‍ ഉപയോഗിക്കുന്നത്.
ഒമാനിലെ പരമ്പരാഗത വെള്ളി ആഭരണങ്ങളും മാലകളും വില്‍പനക്കുണ്ട്. വിനോദസഞ്ചാരികളായത്തെുന്നവരും പ്രത്യേകിച്ച് യൂറോപ്യരുമാണ് ഈ ആഭരണങ്ങള്‍ കൂടുതല്‍ വാങ്ങുന്നത്. മസാര്‍ എന്നറിയപ്പെടുന്ന ഒമാനി ശിരോവസ്ത്രവും സലാലയില്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. ഏറെ പ്രസിദ്ധമായ ഈ ശിരോവസ്ത്രവും സന്ദര്‍ശകര്‍ കൗതുകത്തിനായി വാങ്ങുന്നുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.