ഡയാലിസിസ് വേണ്ടിവരുന്ന രോഗികള്‍  പ്രതിമാസം 15 വരെ വര്‍ധിക്കുന്നു –മന്ത്രി

മസ്കത്ത്: ഗുരുതര വൃക്കരോഗം ബാധിച്ച് ഡയാലിസിസ് വേണ്ടിവരുന്ന സ്വദേശികളുടെ എണ്ണം ഓരോ മാസവും വര്‍ധിച്ചുവരുന്നതായി ആരോഗ്യമന്ത്രി ഡോ. അഹ്മദ് മുഹമ്മദ് അല്‍ സെയ്ദി. ഇത്തരം രോഗികളുടെ എണ്ണത്തില്‍ പ്രതിമാസം 12 മുതല്‍ 15 വരെ പേരുടെ വര്‍ധനവാണ് ഉണ്ടാകുന്നത്. 
പ്രമേഹത്തിനൊപ്പം ഹൈപ്പര്‍ടെന്‍ഷനുമാണ് സുല്‍ത്താനേറ്റിലെ വര്‍ധിക്കുന്ന വൃക്കരോഗികളുടെ എണ്ണത്തിന് പിന്നിലുള്ള പ്രധാന കാരണങ്ങള്‍. അല്‍സീബ് പോളിക്ളിനിക്കില്‍ മസ്കത്ത് ഗവര്‍ണറേറ്റിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രണ്ടാമത്തെ ഡയാലിസിസ് കേന്ദ്രത്തിന്‍െറ ഒൗദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കാനത്തെിയതായിരുന്നു മന്ത്രി. 
വര്‍ധിക്കുന്ന വൃക്കരോഗികളുടെ എണ്ണം ബോധവത്കരണത്തിന്‍െറ ആവശ്യകത വര്‍ധിപ്പിക്കുന്നുണ്ട്. നിലവില്‍ 1800 രോഗികള്‍ക്കാണ് ഒമാനില്‍ ഡയാലിസിസ് വേണ്ടിവരുന്നത്. എന്നാല്‍, കിഡ്നിരോഗികളുടെ എണ്ണം അതിലും കൂടുതലാണ്. 
ഒമാന്‍െറ ജനസംഖ്യ കണക്കിലെടുക്കുമ്പോള്‍ ഇത് അധികമാണ്. ആരോഗ്യകരമായ ജീവിതശൈലിയിലൂടെ മാത്രമേ വൃക്കരോഗങ്ങളെ പടിക്കുപുറത്തുനിര്‍ത്താന്‍ കഴിയൂ. പ്രമേഹത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദത്തിനുമെല്ലാം ചികിത്സ ലഭ്യമാണെങ്കിലും അതിന്‍െറ ഫലം ചികിത്സയോടുള്ള രോഗിയുടെ താല്‍പര്യം, ആരോഗ്യകരമായ ജീവിതശൈലി, ശരിയായ ഭക്ഷണക്രമം, പുകവലി ഒഴിവാക്കല്‍ തുടങ്ങിയവയെ ആശ്രയിച്ചിരിക്കുമെന്നും മന്ത്രി പറഞ്ഞു. സീബ് ഡയാലിസിസ് സെന്‍റര്‍ യാഥാര്‍ഥ്യമാക്കുന്നതിനുള്ള സൗദ് ബഹ്വാന്‍ ചാരിറ്റബ്ള്‍ ട്രസ്റ്റിന്‍െറ ഉദാരമായ സംഭാവനയെ പ്രകീര്‍ത്തിച്ച ആരോഗ്യമന്ത്രി കൂടുതല്‍ സ്ഥാപനങ്ങള്‍ വൃക്കരോഗികള്‍ക്ക് സാന്ത്വനമേകുന്നതിനായി മുന്നോട്ടുവരണമെന്നും കൂട്ടിച്ചേര്‍ത്തു. നൂതന ഉപകരണങ്ങളോടെയുള്ള ക്ളിനിക്കില്‍ 28 കിടക്കകളാണുള്ളത്. മൂന്ന് ഷിഫ്റ്റുകളിലായി 200 രോഗികള്‍ക്ക് ഇവിടെ ഡയാലിസിസ് ലഭ്യമാക്കാന്‍ കഴിയും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.