പ്രമേഹം ഹൃദ്രോഗത്തിലേക്കുള്ള താക്കോല്‍ –ഡോ. കൃഷ്ണകുമാര്‍

മസ്കത്ത്:  പ്രമേഹ ബാധിതര്‍ ഏത് നിമിഷവും ഹൃദ്രോഗത്തെയും ഹൃദയാഘാതത്തെയും പേടിക്കേണ്ടവരാണെന്ന് പഠനങ്ങള്‍. പ്രമേഹത്തെ ഹൃദ്രോഗത്തിലേക്കുള്ള താക്കോലായാണ് വൈദ്യശാസ്ത്രം ഇന്ന് കാണുന്നതെന്ന് ഒമാന്‍ മെഡിക്കല്‍ കോളജിലെ മെഡിസിന്‍ വിഭാഗം മേധാവി ഡോ.എം. കൃഷ്ണകുമാര്‍ പറഞ്ഞു. ഹൃദയത്തിന് വേണ്ട രക്തം ലഭിക്കുന്നത് കോറോണറി രക്തധമനികളിലൂടെയാണ്. ഇവയില്‍ കൊഴുപ്പടിഞ്ഞ് രക്തപ്രവാഹം തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാവുക. കുറെ മാസങ്ങളോ വര്‍ഷങ്ങളോ എടുക്കുന്നപ്രക്രിയയാണിത്. 
അതിശക്തമായ നെഞ്ചുവേദനയാണ് പ്രധാന രോഗലക്ഷണം. നെഞ്ചിന്‍െറ മധ്യഭാഗത്തോ ഇടതുവശത്തോ ആണ് വേദന അനുഭവപ്പെടുക. ഇതോടൊപ്പം നെഞ്ചിടിപ്പും ശ്വാസതടസ്സവും അനുഭവപ്പെടാറുണ്ട്. അമിതമായ വിയര്‍പ്പും കാണപ്പെടുന്നു. വേദനയില്ലാത്ത ‘സൈലന്‍റ് അറ്റാക്കും’ ഇന്ന് സാധാരണമാണെന്ന് ഡോ. കൃഷ്ണകുമാര്‍ പറഞ്ഞു. പ്രമേഹരോഗികള്‍ക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത ഇരട്ടിയാണ്. ‘സൈലന്‍റ് അറ്റാക്ക്’ ആണ് സാധാരണ ഇത്തരക്കാരില്‍ ഉണ്ടാകാറുള്ളതെന്നതിനാല്‍ വേണ്ട സമയത്ത് ചികിത്സതേടാന്‍ കഴിയാറില്ല. 
ഉറക്കത്തിലാണ് ഇത് കൂടുതലായും ഉണ്ടാകാറ്. ഉറക്കത്തില്‍ മരണത്തിന് കീഴടങ്ങുന്ന പ്രവാസികളുടെ എണ്ണത്തില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് വര്‍ധന ഉണ്ടായിട്ടുണ്ട്. സൈലന്‍റ് അറ്റാക്കിന് മുന്നോടിയായി ചെറിയ കിതപ്പ്, പ്രയാസം, ശ്വാസംമുട്ടല്‍, വിയര്‍പ്പ്, സംഭ്രമം, തലകറക്കം എന്നിവ കണ്ടുവരാറുണ്ട്. ഉറക്കത്തിനിടയില്‍ ബുദ്ധിമുട്ടുകള്‍മൂലം രോഗി എഴുന്നേല്‍ക്കാറുണ്ട്. ഇത്തരം ബുദ്ധിമുട്ടുകള്‍ തോന്നുന്ന പക്ഷം വീണ്ടും ഉറങ്ങാന്‍പോകാതെ ചികിത്സതേടിയാല്‍ അപകടസാധ്യത ഒഴിവാക്കാം. പ്രമേഹരോഗികള്‍ കൃത്യമായ ഇടവേളകളില്‍ ഹൃദയത്തിന്‍െറ ആരോഗ്യം നിര്‍ബന്ധമായും പരിശോധിച്ചിരിക്കണമെന്നും ഡോ. കൃഷ്ണകുമാര്‍ പറഞ്ഞു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചുനിര്‍ത്തുന്നതുവഴിയും ഹൃദയാഘാത സാധ്യത കുറക്കാന്‍ കഴിയും. യുവതലമുറയുടെ ഹൃദയാരോഗ്യം ദിവസംചെല്ലുംതോറും പിന്നാക്കം പോവുകയാണ്. 20,30 വയസ്സുകളില്‍ യുവാക്കള്‍ക്ക് ഹൃദയാഘാതമുണ്ടാകുന്നത് പതിവായിരിക്കുന്നു. ഒരു കാലത്ത് 50 വയസ്സിന് മുകളിലുള്ളവരിലാണ് ഹൃദ്രോഗങ്ങള്‍ കണ്ടുവന്നത്. ശരീരമനങ്ങാതെയുള്ള ജോലി, ഫാസ്റ്റ്ഫുഡ് കള്‍ച്ചര്‍, മാനസിക പിരിമുറുക്കം എന്നിവയാണ് യുവാക്കളിലെ രോഗബാധക്ക് കാരണം. യുവതികളിലും ഹൃദ്രോഗവും ആഘാതവും മുമ്പെങ്ങുമില്ലാത്ത വിധം വര്‍ധിച്ചിട്ടുണ്ട്. മുമ്പ് ആര്‍ത്തവവിരാമം സംഭവിച്ച സ്ത്രീകളിലായിരുന്നു ഹൃദ്രോഗങ്ങള്‍ കണ്ടുവന്നിരുന്നത്.  അമിതവണ്ണം, ഗള്‍ഭനിരോധന ഗുളികകളുടെ ഉപയോഗം, മാനസിക സമ്മര്‍ദം എന്നിവ യുവതികളിലെ ഹൃദ്രോഗബാധയുടെ കാരണങ്ങളായി കണക്കാക്കാവുന്നതാണ്. കുട്ടികളിലെ, പ്രത്യേകിച്ച് പ്രവാസി കുടുംബങ്ങളിലെ അമിതവണ്ണവും ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് അകാലത്തിലെ ഹൃദ്രോഗ ബാധക്ക് സാധ്യത വര്‍ധിപ്പിക്കുന്നു. 
ചെറുപ്രായത്തില്‍ തന്നെ കുട്ടികളില്‍ ആരോഗ്യകരമായ ശീലങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടത് മാതാപിതാക്കളുടേയും അധ്യാപകരുടെയും ചുമതലയാണ്. രക്താതിസമ്മര്‍ദവും ഹൃദയാഘാതത്തിന് കാരണമാണ്. പലപ്പോഴും ഉയര്‍ന്ന രക്തസമ്മര്‍ദമുള്ള രോഗികള്‍ക്ക് പ്രത്യേക രോഗലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. പരിശോധനയിലൂടെയേ ഇത് കണ്ടുപിടിക്കാന്‍ കഴിയൂ. സ്ഥിരമായ ചികിത്സയിലൂടെ രക്തസമ്മര്‍ദം നിയന്ത്രിച്ചുനിര്‍ത്തലാണ് ഇതിനുള്ള പരിഹാരം.  രക്തത്തിലെ ഉയര്‍ന്ന കൊളസ്ട്രോളും ഹൃദയാഘാതത്തിന് വഴിവെക്കുന്നു. നല്ല കൊളസ്ട്രോളായ എച്ച്.ഡി.എല്ലിന്‍െറ അളവ് കൂടിയും ആകെ കൊളസ്ട്രോള്‍, എല്‍.ഡി.എല്‍, ട്രൈ ഗ്ളിസറൈഡ് എന്നിവയുടെ അളവ് കുറഞ്ഞും ഇരിക്കുന്നതാണ് സുരക്ഷിതം. അമിത വണ്ണവും മറ്റൊരു പ്രധാന വില്ലനാണ്. പാരമ്പര്യം, പുകയിലയുടെ ഉപയോഗം, അമിത മദ്യപാനം എന്നിവയും ഹൃദയാഘാത സാധ്യത വളരെ വര്‍ധിപ്പിക്കും. മുകളില്‍ പറഞ്ഞ പല ഘടകങ്ങളും ഉള്ളവരില്‍ രോഗസാധ്യത കൂടുതലാണ്. 
കേരളത്തെ ഇന്ത്യയുടെ ഹൃദ്രോഗ തലസ്ഥാനമാണെന്ന് പറയാമെന്ന് ഡോ. കൃഷ്ണകുമാര്‍ അഭിപ്രായപ്പെട്ടു. ഏറ്റവും അധികം ഹൃദയാഘാതങ്ങള്‍ കേരളത്തിലാണ്  റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.  സംസ്ഥാനത്ത് ഒരുവര്‍ഷം ഏകദേശം ഒന്നര ലക്ഷം രോഗികള്‍ക്കാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. ഇതില്‍ ഏകദേശം മൂന്നിലൊന്നുപേരും മരണപ്പെടുന്നു. പ്രവാസികളില്‍ പലരും ശക്തമായ മാനസിക പിരിമുറുക്കത്തിന് വശംവദരാണ്. കുടുംബാംഗങ്ങളില്‍നിന്നും മറ്റും വര്‍ഷങ്ങളോളം അകന്നുകഴിയേണ്ടിവരുന്ന ഒരു പ്രവാസിക്ക് തന്‍െറ വിഷമങ്ങളും ആകുലതകളും പങ്കുവെക്കല്‍ വലിയ പ്രശ്നംതന്നെയാണ്. ഇത് അവന്‍െറ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. സമയാസമയത്തുള്ള ഭക്ഷണത്തിന്‍െറ അഭാവവും ഉറക്കക്കുറവും പ്രശ്നത്തെ കൂടുതല്‍ വഷളാക്കുന്നു. വര്‍ഷങ്ങള്‍കൊണ്ട് അവന്‍ നിത്യരോഗിയായി മാറുന്നു. ജീവിതശൈലീ വൈകല്യങ്ങള്‍ തിരുത്തി മുന്നോട്ടുപോയാല്‍ രോഗങ്ങളെ ഒരളവുവരെ തടഞ്ഞുനിര്‍ത്താമെന്ന് ഡോ. കൃഷ്ണകുമാര്‍ പറഞ്ഞു. 
ഭക്ഷണത്തിലെ കൊഴുപ്പിന്‍െറ അളവ് നിയന്ത്രിക്കുക, സ്ഥിരമായി വ്യായാമംചെയ്യുക (20 മുതല്‍ 30 മിനിറ്റ് വരെ നടത്തം), ദിവസവും രാത്രി ആറുമണിക്കൂറെങ്കിലും ഉറങ്ങുക എന്നിവയാണ് ഹൃദ്രോഗ ഭീഷണി ഒഴിവാക്കാന്‍ ചെയ്യേണ്ടത്.  രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ അത് അവഗണിക്കാതെ ഉടന്‍തന്നെ വൈദ്യസഹായം തേടണം.  തക്കസമയത്തുള്ള ചികിത്സയാണ് പ്രധാനമെന്ന് ഡോ. കൃഷ്ണകുമാര്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.